കോന്നി ആനക്കൂട്ടില്‍ പുതിയ കുട്ടിക്കൊമ്പനെത്തി. കാടുവിട്ട് നിലമ്പൂരില്‍ നാട്ടിലിറങ്ങിയ കുട്ടിയാനയെ ആണ് കോന്നിയില്‍ എത്തിച്ചത്. ആനക്കൂട്ടത്തില്‍നിന്നു വഴി പിരിഞ്ഞ വഴിക്കടവിലെ കുട്ടിയാനയെ മുത്തങ്ങയിലേക്കു കൊണ്ടുവരാനായിരുന്നു ആദ്യം പദ്ധതിയിട്ടതെങ്കിലും മുത്തങ്ങ ആനപ്പന്തിയില്‍ കുട്ടിയാന പരിപാലനത്തിനു വേണ്ടത്ര സൗകര്യങ്ങളില്ലാത്തതിനാല്‍ കോന്നിയിലേക്കു മാറ്റാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് വനംവകുപ്പ് സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയ പറഞ്ഞു. 

മുത്തങ്ങയിലേത് പ്രധാനമായും ആന പരിശീലനത്തിനായുള്ള ക്യാംപ് ആണ്. കുട്ടിയാനകളുടെ പരിപാലനവും പുനരധിവാസവും കോന്നിയിലാണു നടക്കുന്നത്. മുത്തങ്ങയെക്കാള്‍ കുറച്ചുകൂടി സൗകര്യങ്ങള്‍ ഉള്ളതിനാലാണു കോന്നി തിരഞ്ഞെടുത്തത്. കുറച്ചുനാളായി ശൂന്യമായിരുന്ന കോന്നിയിലെ ആനക്കൂടാണ് ഇനി കുട്ടികൊമ്പന്റെ വാസസ്ഥലം. നിലമ്പൂരില്‍ നിന്നെത്തിയ പാപ്പാന്‍ മടങ്ങുന്നതോടെ പുതിയ രണ്ടു പാപ്പാൻമാർ കുട്ടിയാനയുടെ സംരക്ഷണം ഏറ്റെടുക്കും. 

ജൂനിയർ സുരേന്ദ്രൻ എന്നാണ് ആനക്കുട്ടിക്ക് പേര് നൽകിയിരിക്കുന്നത്. ദീര്‍ഘയാത്രയുടെ ക്ഷീണമുണ്ടെങ്കിലും കുട്ടിയാന ആരോഗ്യവാനാണെന്ന് വെറ്ററിനറി ഡോക്ടര്‍ ശ്യം ചന്ദ്രന്‍ അറിയിച്ചു. നിലവിൽ ഭക്ഷണം കഴിക്കുന്നുണ്ടെന്നും മറ്റ് പ്രശ്നങ്ങളില്ലെന്നും ഡോക്ടർ അറിയിച്ചു. ആനക്കൂട്ടിലെത്തുന്ന സന്ദര്‍ശകര്‍ക്ക് ഇനി കുട്ടിക്കൊമ്പന്റെ കുസൃതികളും കാണാം. 

കഴിഞ്ഞ ഒരു മാസത്തോളമായി ഈ ആനക്കുട്ടി വഴിക്കടവ് നെല്ലിക്കുത്ത് ഫോറസ്റ്റ് സ്റ്റേഷനില്‍ ഉദ്യോഗസ്ഥരുടെ പരിപാലനത്തില്‍ കഴിയുകയായിരുന്നു. മാര്‍ച്ച് 13നാണു വഴിക്കടവ് പുത്തരിപ്പാടത്തെ വനത്തോടു ചേര്‍ന്നുള്ള ജനവാസകേന്ദ്രത്തില്‍ കുട്ടിയാനയെ കണ്ടെത്തിയത്. ഒറ്റപ്പെട്ടു നടന്ന കുട്ടിക്കൊമ്പനെ പിടികൂടി ആനക്കൂട്ടത്തോടൊപ്പം ചേര്‍ക്കാന്‍ പലതവണ വനപാലകര്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. 

English Summary: ‘Junior Surendran’ brings smiles on faces of elephant lovers of Konni