എതിരാളി എത്ര വലിയവനാണെങ്കിലും ധൈര്യമുണ്ടെങ്കിൽ നിസാരമായി നേരിടാമെന്ന് കാണിച്ചുതരികയാണ് ഒരു ആമ. ആമ വസിക്കുന്ന ജലാശയത്തിൽ വെള്ളം കുടിക്കാനെത്തിയ രണ്ട് വമ്പൻ സിംഹങ്ങളെയാണ് ഒറ്റയ്ക്ക് തുരത്തിയത്. ദക്ഷിണാഫ്രിക്കയിലെ ക്രൂഗർ ദേശീയോദ്യാനത്തിൽ നിന്നു പകർത്തിയതാണ് ഈ അപൂർവ ദൃശ്യം.

ഒരു സീബ്രയെ വേട്ടയാടിയ ശേഷം വെള്ളകുടിക്കാനെത്തിയതായിരുന്നു ആൺ സിംഹവും പെൺസിംഹവും. ഇവ വെള്ളം കുടിക്കുന്നതിനിടെ ആമ പെട്ടെന്ന് വെള്ളത്തിനു മുകളിലേക്കു വന്നു. ആദ്യം ആൺസിംഹത്തിന്റെ അടുത്തേക്കാണ് ആമയെത്തിയത്. വെള്ളത്തിനു മുകളിൽ ചലനം കണ്ടു സിംഹം ആദ്യമൊന്ന് അമ്പരന്നെങ്കിലും വെള്ളം കുടിക്കുന്നത് തുടരുകയായിരുന്നു. ഇതോടെ ആമ നീന്തി സിംഹത്തിന്റെ വായയുടെ തൊട്ടരികിലേക്കെത്തി. സിംഹത്തിന്റെ മുഖത്തു പറ്റിയിരുന്ന സീബ്രയുടെ രക്തം നക്കിയെടുക്കാനായിരുന്നു ആമയുടെ ശ്രമം. പലവട്ടം  തലനീട്ടി സിംഹത്തിന്റെ താടിയിൽ പിടുത്തമിടാൻ ശ്രമിച്ചതോടെ സിംഹം അവിടെ നിന്നു അൽപം അകലേക്ക് നീങ്ങിയിരുന്നു.

ഇതോടെ ആമ പെൺ സിംഹത്തിനരികിലേക്ക് നീങ്ങി. അൽപനേരം പെൺ സിംഹത്തെയും ശല്യപ്പെടുത്തിയ ശേഷം വീണ്ടും ആൺ സിംഹത്തിനടുത്തേക്കെത്തി. പലതവണയായി ആമ താടിയിൽ പിടുത്തമിടാൻ ശ്രമിച്ചതോടെ ഗത്യന്തരമില്ലാതെ ആൺസിംഹം മറ്റൊരിടത്തേക്ക് മാറി. എന്നാൽ അപ്പോഴും സിംഹത്തെ വെറുതെ വിടാൻ ഉദ്ദേശമില്ലാതെ തലയും നീട്ടി പിന്നാലെ നീങ്ങുന്ന ആമയെ ദൃശ്യത്തിൽ കാണാം.  ഇങ്ങനെ ഏറെനേരം ആമ രണ്ടു സിംഹങ്ങൾക്കും പിന്നാലെ കൂടിയതോടെ ശല്യം സഹിക്കാനാവാതെ അവ അവിടെനിന്നു മാറിപ്പോവുകയും ചെയ്തു.

ദേശീയോദ്യാനത്തിലെ സഫാരി ഗൈഡായ റെഗ്ഗി  ബരേറ്റോയാണ് ഈ അപൂർവ ദൃശ്യങ്ങൾ പകർത്തിയത്. വിനോദസഞ്ചാരിക്കൊപ്പം കാഴ്ചകൾ  കാണുന്നതിനിടെ സിംഹങ്ങൾ വെള്ളം കുടിക്കാനെത്തുന്നത്  ക്യാമറയിൽ പകർത്തുമ്പോഴാണ് ഈ കാഴ്ച ശ്രദ്ധയിൽപെട്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.

English Summary: Turtle Chases Lions From His Waterhole