ഉറക്കത്തിനിടയിൽ ശബ്ദം കേട്ടുണർന്ന വീട്ടമ്മ കിടക്കയിൽ കണ്ടത് കൂറ്റൻ രാജവെമ്പാലയെ. തായ്‌ലൻഡിലെ ചന്ദാബുരി പ്രവിശ്യയിലാണ് സംഭവം നടന്നത്. 62 കാരിയായ ഖാന്തോങ്നാക്ക് ഉറക്കമുണർന്നത് എന്തോ ചീറ്റുന്ന ശബ്ദം കേട്ടാണ്. വലിയയിനം പല്ലിയായ ജെക്കോയാകാമെന്നാണ് ആദ്യം കരുതിയത്. സമീപത്തുണ്ടായിരുന്ന ടോർച്ച് അടിച്ചു നോക്കിയപ്പോഴാണ് താൻ കിടക്കുന്ന കട്ടിലിന്റെ മുകളിൽ ചുറ്റിയിരിക്കുന്ന പാമ്പിനെ കണ്ടത്.

ഭയന്നവിറച്ച ഇവർ ഉടൻതന്നെ പുറത്തേക്കിറങ്ങിയോടി അയൽക്കാരെ വിവരമറിയിച്ചു. വിവരമറിഞ്ഞ അയൽക്കാർ വേഗം രക്ഷാപ്രവർത്തകരെ വിളിക്കുകയായിരുന്നു. പാമ്പുപിടുത്ത വിദഗ്ധരായ ഇവർ എത്തുമ്പോഴും കട്ടിലിന്റെ കാലില്‍ ചുറ്റിയ നിലയിൽ പാമ്പ് അവിടെത്തന്നെയുണ്ടായിരുന്നു. പാമ്പിനെ പുറത്തെടുക്കാൻ ശ്രമിക്കുമ്പോഴെല്ലാം അത് ശക്തമായി ചീറ്റുന്നുണ്ടായിരുന്നു. 

രാജവെമ്പാലയെ മെറ്റൽ ഹുക്കുപയോഗിച്ച് തല അമർത്തിപ്പിടിച്ച ശേഷം കൈകൊണ്ട് വലിച്ച് പുറത്തെടുക്കുകയായിരുന്നു. പാമ്പുകളെ കൈകാര്യം ചെയ്യുന്നതിൽ വിദഗ്ധനായ  സിപെക് നാറ്റാപോൾ ആണ് പാമ്പിനെ കട്ടിലിനിടയിൽ നിന്നും പിടികൂടി പുറത്തെത്തിച്ചത്. ഏകദേശം പത്തടിയോളം നീളമുള്ള കൂറ്റൻ രാജവെമ്പാലയെ അരമണിക്കൂറോളം പരിശ്രമിച്ച ശേഷമാണ് പുറത്തെടുക്കാനായത്. തക്കസമയത്ത് ഉണർന്നതിനാലാണ് തനിക്ക് പാമ്പുകടിയേൽക്കാതിരുന്നതെന്ന് വീട്ടമ്മ വ്യക്തമാക്കി. ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപെട്ടതെന്നും ഇവർ പറഞ്ഞു. പിന്നീട് പാമ്പിനെ വനത്തിനുള്ളിൽ കൊണ്ടുപോയി തുറന്നുവിട്ടതായി ഇവർ വ്യക്തമാക്കി.

English Summary: Scary King Cobra Caught Under Woman's Wooden Bed