പടിഞ്ഞാറന്‍ ലാത്വിയയിലെ ഒരു പരുന്തിന്‍കൂട് ലോകശ്രദ്ധ പിടിച്ചുപറ്റുകയാണ്. പക്ഷിനിരീക്ഷകരുടെ ആകാംക്ഷ കൂട്ടുന്ന ചിലതൊക്കെ സംഭവിക്കുന്നുണ്ട് മില്‍ഡ എന്ന വെള്ളവാലന്‍ പരുന്തിന്റെ ഈ കൂട്ടില്‍. മനുഷ്യര്‍ക്കിടയില്‍ കല്യാണവും തൊട്ടുപിറകെയുള്ള വേര്‍പിരിയലുമൊക്കെ സര്‍വസാധാരണമായ ഈ കാലത്ത് ഒരു ഡിവോഴ്സ് എന്നതൊന്നും വലിയ കാര്യമല്ല. എന്നാല്‍ പക്ഷിലോകത്താണ് അങ്ങനെയൊരു കദനകഥ നടക്കുന്നതെങ്കിലോ, അതിലൊരു കാര്യമുണ്ട്. സങ്കടമാണെങ്കിലും ആ കാര്യത്തിലൊരു കൗതുകമുണ്ട്. അതുകൊണ്ടാണ് മില്‍ഡ എന്ന പെണ്‍പരുന്തും അവളുടെ കൂടും വാര്‍ത്തയാവുന്നത്. 

ലാത്വിയ ഫണ്ട് ഫോര്‍ നേച്ചര്‍ എന്ന സംഘടന മാസങ്ങളായി  മില്‍ഡയേ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. ആണ്‍പരുന്തിനൊപ്പം സന്തോഷവതിയായി കഴി‍ഞ്ഞിരുന്ന അവളില്‍ വല്ലാത്തൊരു മാറ്റം ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് പക്ഷിനിരീക്ഷകര്‍ അവളെ പിന്‍തുടര്‍ന്നത്. കൂട്ടില്‍ മുട്ടയിട്ടതും അപ്പോഴാണ് ക്യാമറ കണ്ടത്. പക്ഷേ പുതിയ അതിഥി വരുന്നതിന്റെ സന്തോഷമൊന്നും മില്‍ഡക്കില്ലായിരുന്നു. കാരണം പിറക്കാനിരിക്കുന്ന കുഞ്ഞിപ്പരുന്തിനെയും അവളേയും ഉപേക്ഷിച്ച് ആണ്‍പരുന്ത് എങ്ങോപായി. ദിവസങ്ങളോളം കാത്തിരുന്നിട്ടും ആണ്‍പരുന്ത് മടങ്ങിവന്നില്ല. പിന്നെ ക്യാമറ കണ്ടത് തന്റെ കൂട്ടിലെ മുട്ടകള്‍ സംരക്ഷിക്കാന്‍ മറ്റു പരുന്തുകളോട് പടവെട്ടുന്ന, ഭക്ഷണത്തിനായി പാടുപെടുന്ന മില്‍ഡയേയാണ്. 

എന്നാൽ മിൽഡ തോല്‍ക്കാന്‍ തയ്യാറല്ലായിരുന്നു. ആദ്യ മുട്ട വിരിഞ്ഞപ്പോഴേക്കും അവള്‍ തന്റെ പുതിയ പങ്കാളിയെ കണ്ടെത്തി. അവള്‍ക്ക് സമയാസമയം ഭക്ഷണമെത്തിക്കുന്ന ഇടയ്ക്കിടെ അവളുടെ മുട്ടകള്‍ക്കുമേല്‍ അടയിരിക്കുന്ന മില്‍ഡയുടെ പുതിയ കൂട്ടുകാരന് പക്ഷിനിരീക്ഷകര്‍ പേരുമിട്ടു 'ചിപ്സ് '. മൂന്നാമത്തെ മുട്ട വിരിയാനുള്ള മില്‍ഡയുടെ കാത്തിരിപ്പ് തുടരവെ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത് ചിപ്സ് തുടരുമോ അതോ വീണ്ടുമൊരു വേര്‍പിരിയലുണ്ടാവുമോ എന്നാണ്.

English Summary: Female eagle Milda guards her eggs