മൂന്നാർ ഇടമലക്കുടിയിൽ കടുവയുടെ ആക്രമണത്തിൽ പരുക്കേറ്റ് വനം വകുപ്പ് രക്ഷപ്പെടുത്തിയ കുട്ടിയാനയെ ഒരാഴ്ചയ്ക്കുള്ളിൽ തിരുവനന്തപുരത്തെ ആനസംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റും. നിലവിൽ മൂന്നാറിനു സമീപം ഗൂഡാർവിള റോഡിലുള്ള കെഎഫ്ഡിസി നഴ്സറിയിലെ സംരക്ഷണ കേന്ദ്രത്തിലാണു പത്തു മാസം മാത്രം പ്രായമുള്ള കുട്ടിക്കൊമ്പൻ ചികിത്സയിൽ കഴിയുന്നത്. കുട്ടിയാനയ്ക്കു വനം വകുപ്പ് രാജു എന്നാണു പേരു നൽകിയിരിക്കുന്നത്.

കടുവയുടെ ആക്രമണത്തിൽ ശരീരത്തിലുണ്ടായ ആറു മുറിവുകളിൽ മുതുകിലെ രണ്ടെണ്ണം മാത്രമാണ് ഇനി ഭേദമാകാനുള്ളത്. ഇതു ഭേദമായാലുടൻ രാജുവിനെ തിരുവനന്തപുരത്തിനു സമീപമുള്ള കോട്ടൂർ ആന സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റാനാണു വനം വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ആന്റിബയോട്ടിക് ഉൾപ്പെടെയുള്ള ചികിത്സകളാണു നൽകുന്നത്. അസി. ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. നിഷ റേയ്ച്ചൽ, മൂന്നാർ റേഞ്ചർ എസ്. ഹരീന്ദ്രകുമാർ എന്നിവരുടെ നേതൃത്വത്തിലാണു ചികിത്സകളും ഭക്ഷണവും നൽകുന്നത്.

ഏപ്രിൽ 19നാണ് ഇടമലക്കുടി പഞ്ചായത്തിലെ ഇഡ്ഡലിപ്പാറയ്ക്കു സമീപം പിടിയാനയും കുട്ടിക്കൊമ്പനും കടുവയുടെ ആക്രമണത്തിനിരയായത്. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ പിടിയാന പിന്നീടു ചരിഞ്ഞു. ആദിവാസികളാണു പരുക്കേറ്റു കിടന്ന കുട്ടിക്കൊമ്പനെ രക്ഷപ്പെടുത്തി വനംവകുപ്പിനു കൈമാറിയത്.

English Summary: Orphaned elephant calf taken to forest camp