അമേരിക്കയിലെ ടെക്സസിൽ നാലുവയസുകാരിയെ വളർത്തുനായ ആക്രമിച്ചു കൊന്നു. ഇലായ ബ്രൗൺ എന്ന പെൺകുട്ടിയാണ് നായയുടെ ആക്രമണത്തിനിരയായത്. ഇവർ താമസിക്കുന്ന വീടിനു പിന്നിൽ വച്ചാണ് സങ്കരയിനത്തിൽപെട്ട നായ ഇലായയെ ആക്രമിച്ചത്.

Elayah Brown, four, was attacked by a family dog

നായയുടെ കടിയേറ്റ കുട്ടിയെ പരിക്കുകളോടെ ഉടൻ തന്നെ കുക്ക്സ് ചിൽഡ്രൻസ്  ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒരു മണിക്കൂറിനകം മരണം സംഭവിക്കുകയായിരുന്നു. രണ്ടു വളർത്തുനായകളാണ് വീട്ടിലുണ്ടായിരുന്നത്. സംഭവത്തെ തുടർന്ന് ഇവയിൽ ഒന്നിനെ ആനിമൽ ഷെൽറ്റർ അധികൃതർ കസ്റ്റഡിയിലെടുത്ത് ദയാവധം നൽകി. ദയാവധം നൽകാനുള്ള നിർദേശം ആരാണ് നൽകിയതെന്നോ നടപടിക്രമങ്ങൾ എങ്ങനെയിയിരുന്നുവെന്നോ വ്യക്തമല്ല.

നിലവിൽ സംഭവത്തിൽ കേസുകളൊന്നും റജിസ്റ്റർ ചെയ്തിട്ടില്ല. കുട്ടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം കൂടുതൽ അന്വേഷണം നടത്തുന്നതിനെക്കുറിച്ച് തീരുമാനമെടുക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ദാരുണമായ സംഭവമാണിതെന്നും കുട്ടിയുടെ കുടുംബത്തിനായി പ്രാർത്ഥിക്കുന്നുവെന്നും പോലീസ് മേധാവി നീൽ പ്രതികരിച്ചു.

അതേസമയം ഇലായയുടെ മരണാനന്തര ചടങ്ങുകൾ നടത്തുന്നതിനായി കുടുംബം തുക സമാഹരിക്കാനായി പ്രചാരണം ആരംഭിച്ചിട്ടുണ്ട്. അപ്രതീക്ഷിത സംഭവമായതിനാൽ ചടങ്ങുകൾ നടത്തുന്നതിനുള്ള പണം സ്വരൂപിച്ച് വയ്ക്കാൻ കുടുംബത്തിനു സാധിക്കാത്തതിനെ തുടർന്നാണ് ഇത്തരമൊരു നീക്കം. ഇതിനോടകം 8500 ഡോളറിനു മുകളിൽ സംഭാവനയായി കുടുംബത്തിന് ലഭിച്ചതായി ഇവർ വ്യക്തമക്കി.

English Summary: Girl, 4, mauled to death in horrific attack by family dog