ഏതാനും മാസങ്ങൾക്ക്  മുൻപ് ഭാര്യ സൂസിക്കൊപ്പം നോഫോക് ദ്വീപ് സന്ദർശിക്കുന്നതിനിടെ കടലിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു നാതൻ റീവ്സ് എന്ന വ്യക്തി. എന്നാൽ നീന്തലിനിടെ അദ്ദേഹത്തിൻറെ വിരലിൽ നിന്നും വിവാഹമോതിരം നഷ്ടമായി. തങ്ങൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന ആഭരണം നഷ്ടമായതിനെ തുടർന്ന് സൂസിയും നാതനും ഏറെനേരം കടലിൽ തെരച്ചിൽ നടത്തിയെങ്കിലും എല്ലാ ശ്രമങ്ങളും വിഫലമായിരുന്നു. ഒടുവിൽ ഏറെ നിരാശയോടെയാണ് ദമ്പതികൾ അവിടെ നിന്നും മടങ്ങിയത്.

എന്നാൽ അഞ്ച് മാസങ്ങൾക്കിപ്പുറം അവരെ അതിശയിപ്പിക്കുന്ന ഒരു വാർത്ത തേടിയെത്തി. അവരുടെ പ്രിയപ്പെട്ട വിവാഹമോതിരം ഒരു മുങ്ങൽ വിദഗ്ധ കണ്ടെത്തിയ വാർത്തയായിരുന്നു അത്. പക്ഷേ മോതിരം തിരികെയെടുക്കാൻ സാധിക്കുന്ന നിലയിലല്ലെന്നു മാത്രം. കാരണം കണമ്പ് വിഭാഗത്തിൽപ്പെട്ട ഒരു കുഞ്ഞു മത്സ്യത്തിന്റെ കഴുത്തിൽ കുടുങ്ങിയ നിലയിലായിരുന്നു മോതിരം.

സൂസൻ പ്രിയോർ എന്ന മുങ്ങൽ വിദഗ്ധയാണ് മോതിരത്തിനുള്ളിൽ കുടുങ്ങിയ ശരീരവുമായി കഴിയുന്ന മീനിനെ കണ്ടെത്തിയത്. കുറച്ചുകാലം മുൻപ് ഇവിടെയെത്തിയ ഒരു ദമ്പതികൾക്ക് മോതിരം നഷ്ടമായതിനെക്കുറിച്ച് സൂസനും കേട്ടിരുന്നു. ഉടൻതന്നെ മീനിന്റെ ചിത്രങ്ങൾ പകർത്തി സൂസൻ പിന്നീട് സമൂഹ മാധ്യമത്തിലൂടെ ദമ്പതികളെ കണ്ടെത്തി വിവരമറിയിക്കുകയായിരുന്നു. 73000 രൂപ വിലയുള്ള മോതിരമാണ് മീനിന്റെ കഴുത്തിൽ കുടുങ്ങിയിരിക്കുന്നത്.

നിലവിൽ മീനിന്  അപകടം ഒന്നുമില്ലെങ്കിലും അത് വളരുന്നതനുസരിച്ച് മോതിരം മാംസത്തിനുള്ളിലേക്കിറങ്ങാൻ സാധ്യതയുണ്ട്. അതിനാൽ  ഏതെങ്കിലും വിധേന മീനിനെ പിടികൂടി മോതിരം  തിരിച്ചെടുക്കണമെന്ന് സൂസൻ പ്രിയോർ പറയുന്നു. അതേസമയം  നഷ്ടപ്പെട്ട മോതിരം ചിത്രത്തിലാണെങ്കിലും ഒരു തവണ കൂടി കാണാൻ സാധിച്ചതിന്റെ സന്തോഷമുണ്ടെങ്കിലും പാവം മീനിന്റെ  അവസ്ഥയോർത്ത് ഏറെ ദുഃഖമുണ്ടെന്ന് നാതനും സൂസിയും പ്രതികരിച്ചു. വിവരമറിഞ്ഞതിനെ തുടർന്ന് സാധ്യമായ എല്ലാ മാർഗങ്ങളിലൂടെയും മീനിനെ പിടികൂടാനിറങ്ങിയിരിക്കുകയാണ്  നോഫോക് ദ്വീപിലെ ജനങ്ങൾ.

English Summary: Snorkeller finds wedding ring wrapped around a fish on Norfolk Island