പാമ്പ് ശല്യം രൂക്ഷമായതിനാൽ പതിവുപോലെ മച്ചിനു മുകളിൽ പാമ്പുകളുണ്ടോയെന്ന് തിരയുന്നതിനുവേണ്ടി പാമ്പ് പിടുത്തക്കാരനെ വിളിച്ചുവരുത്തിയതായിരുന്നു  ക്വീൻസ്‌ലൻഡിലെ ഒരു കുടുംബം . എന്നാൽ പാമ്പിനെ തേടി മച്ചിന് മുകളിലെത്തിയ പാമ്പുപിടുത്തക്കാരൻ കണ്ടത് അമ്പരപ്പിക്കുന്ന കാഴ്ചയാണ്. പലയിടത്തായി ചിതറിക്കിടക്കുന്ന അനേകം പാമ്പിൻ പടങ്ങൾ.

സൺഷൈൻ കോസ്റ്റ് സ്നേക്ക്  ക്യാച്ചേഴ്സ് എന്ന സംഘടനയിലെ ഡേവ് എന്ന പാമ്പുപിടുത്തക്കാരനാണ് പാമ്പിൻ പടങ്ങൾ കണ്ടെത്തിയത്. ഉടൻ തന്നെ പാമ്പിൻ പടങ്ങൾ വാരിയെടുത്ത് ഡേവ് താഴെയെത്തി. ഒട്ടും പ്രതീക്ഷിക്കാത്ത കാഴ്ചകണ്ട് വീട്ടുകാരും ഞെട്ടി. അൻപതിലേറെ പാമ്പിൻ പടങ്ങളാണ് മച്ചിൽ നിന്നും ലഭിച്ചത്.  പാമ്പിൻ പടങ്ങളും കയ്യിലേന്തി നിൽക്കുന്ന ഡേവിന്റെ ചിത്രങ്ങൾ സംഘടന പുറത്തുവിട്ടിട്ടുണ്ട്. വീട്ടിലെ കുട്ടികളും ഏറെ കൗതുകത്തോടെ  പാമ്പിൻ പടങ്ങൾ പിടിച്ചു ചിത്രങ്ങൾ പകർത്തി.

സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ വളരെ പെട്ടെന്ന് പ്രചാരം നേടുകയും ചെയ്തു. ഓസ്ട്രേലിയയിലെ തന്നെ അറിയപ്പെടുന്ന പാമ്പുപിടുത്ത വിദഗ്ധരുടെ സംഘമാണ് സൺഷൈൻ കോസ്റ്റ് സ്നേക്ക് ക്യാച്ചേഴ്സ് . കഴിഞ്ഞദിവസം ഒരു വീട്ടിനുള്ളിലെ വേസ്റ്റ് ബാസ്കറ്റിനടിയിൽ ഒളിച്ചിരുന്ന 10 കിലോഗ്രാം ഭാരമുള്ള കാർപെറ്റ് പൈതണിനെ പിടിക്കുന്ന വിഡിയോയും ഇവർ ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു.

English Summary:Sunshine Coast Snake Catchers finds dozens of snake skins in family’s roof