വനമേഖലയിലേക്ക് കടന്നു ചെല്ലുമ്പോള്‍ കൃത്യമായി പാലിക്കേണ്ടി ചില മാര്‍ഗ നിര്‍ദേശങ്ങളുണ്ട്. ഓരോ പ്രദേശത്തുമുള്ള ജീവികളുടെ സ്വഭാവം അനുസരിച്ചായിരിക്കും അതാത് മേഖലകളില്‍ ഈ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക. ഇതില്‍ എല്ലായിടത്തും പൊതുവായി കാണാന്‍ കഴിയുന്ന നിര്‍ദേശമാണ് വനത്തിനുള്ളില്‍ വച്ച് നിയന്ത്രണമുള്ള പ്രദേശങ്ങളില്‍ വാഹനം നിര്‍ത്തി പുറത്തിറങ്ങരുത് എന്നുള്ളത്. എന്നാല്‍ ഇപ്പോഴും വനമേഖലകളില്‍ വാഹനം നിര്‍ത്തി പുറത്തിറങ്ങി ഫൊട്ടോ എടുക്കുന്നവര്‍ ധാരാളമാണ്. ഇങ്ങനെയുള്ളവര്‍ക്ക് വ്യക്തമായ മുന്നറിയിപ്പായി ഉപയോഗിക്കാവുന്ന ഒരു ദൃശ്യമാണ് അമേരിക്കയിലെ യെല്ലോസ്റ്റോണ്‍ ദേശീയ പാര്‍ക്കില്‍ നിന്നു പുറത്തു വന്നിരിക്കുന്നത്.

കരടിയുടെ ആക്രമണം

ഇതിനകം തന്നെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച വിഡിയോയില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനത്തിന് സമീപം നിന്ന് ഫൊട്ടോയെടുക്കുന്ന യുവതിയെകാണാം. ഈ യുവതിക്ക് മുന്നില്‍ അധികം അകലെയല്ലാതെ ഒരു കരടിയും, കുറച്ച് മാറി മറ്റ് രണ്ട് കരടികളെയും വിഡിയോയില്‍ കാണാം. ഇതിനിടെ അപ്രതീക്ഷിതമായി സമീപത്ത് നിന്ന് കരടി യുവതിയുടെ നേരെ കുതിച്ചെത്തുന്നതാണ് വിഡിയോയിലുള്ളത്. കരടി വരുന്നത് കണ്ട് ഭയന്ന യുവതി ഒരു നിമിഷം തരിച്ചു നില്‍ക്കുന്നതും, കരടി പിന്‍മാറിയതോടെ ആശ്വാസത്തോടെ വാഹനത്തിലേക്ക് തിരികെ വരുന്നതോടെയാണ് വിഡിയോ അവസാനിക്കുന്നത്. കരടി പിന്‍മാറിയില്ലായിരുന്നുവെങ്കില്‍ യുവതിയുടെ ജീവന്‍ തന്നെ അപകടത്തിലാകുമായിരുന്നു.

യുവതി കരടിയുടെ ആക്രമണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുന്ന ദൃശ്യം പുറത്തു വന്നതോടെ യെല്ലാസ്റ്റോണ്‍ ദേശീയ പാര്‍ക്ക് അധികൃതര്‍ ഒരിക്കല്‍ കൂടി മാര്‍ഗ നിര്‍ദേശങ്ങള്‍ ആളുകളെ ഓർമിപ്പിച്ച് ഈ വിഡിയോ പങ്കുവയ്ക്കുകയായിരുന്നു. കരടികളുള്ള പ്രദേശത്ത് കാറില്‍ നിന്ന് പുറത്തിറങ്ങരുതെന്നും. പുറത്തിറങ്ങിയാല്‍ തന്നെ കാറിന്‍റെ അരികില്‍ നിന്ന് മാറരുതെന്നുമാണ് നിര്‍ദേശത്തില്‍ പറയുന്നത്. ജീവികളുടെ സ്വഭാവം പ്രവചനാതീതമാണെന്നും ഭയം തോന്നിയാല്‍ അവ ആക്രമിച്ചേക്കുമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. ജീവികള്‍ അടുത്തേക്കു വരികയാണെങ്കില്‍ ഉച്ചത്തില്‍ ഹോണ്‍ മുഴക്കി വാഹനം ഓടിച്ചു പോകണം, ഇതാണ് ജീവികളുടെയും മനുഷ്യരുടെയും സുരക്ഷയ്ക്കായി ചെയ്യേണ്ടതെന്നും ഇവര്‍ വ്യക്തമാക്കി.

ബിബിസിയുടെ മുന്നറിയിപ്പ് വിഡിയോ

യെല്ലോസ്റ്റോണിലെ ഇപ്പോഴത്തെ സംഭവം 1980 കളില്‍ ബിബിസി പുറത്തിറക്കിയ മുന്നറിയിപ്പ് വിഡിയോയെ വീണ്ടും ശ്രദ്ധേയമാക്കുകയാണ്. യുവതിയുടെ നേരെ കരടി കുതിച്ച് ചെന്ന സംഭവം പങ്കുവയ്ക്കുന്നതിനൊപ്പം പലരും ബിബിസിയുടെ ഈ മുന്നറിയിപ്പ് വിഡിയോയും പങ്കുവയ്ക്കുന്നു. ബ്രിട്ടണിലെ ഒരു തുറന്ന സഫാരി പാര്‍ക്കില്‍ വാഹനത്തില്‍ പോകുമ്പോള്‍ പുറത്തിറങ്ങിയാല്‍ എന്തു സംഭവിക്കും എന്നാണ് ഈ വിഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്. വന്യമൃഗങ്ങള്‍ എപ്പോഴും വന്യമൃഗങ്ങളായി തുടരുമെന്നും മനുഷ്യരെ എല്ലായ്പ്പോഴും കാണുന്നത് കൊണ്ട് മാത്രം അവയുടെ സ്വഭാവത്തില്‍ മാറ്റമുണ്ടാകണമെന്നില്ലെന്നുമാണ് ഈ വിഡിയോയിലൂടെ വ്യക്തമാകുന്നത്. വന്യമൃഗങ്ങളെ അശ്രദ്ധമായി കാണാന്‍ ശ്രമിച്ച് അപകടങ്ങള്‍ വർധിച്ച സാഹചര്യത്തിലാണ് ബിബിസി ഇത്തരം ഒരു വിഡിയോ പുറത്തിറക്കിയത്. അക്കാലത്ത് പാശ്ചാത്യലോകത്തെ  വിനോദസഞ്ചാരികൾക്ക് ഈ വിഡിയോ വലിയൊരു മുന്നറിയിപ്പാണ് നല്‍കിയത്. 

സിംഹങ്ങള്‍ വിഹരിക്കുന്ന തുറന്ന സഫാരി പാര്‍ക്കിന് നടുവിലെ റോഡില്‍ കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നതും, അത് നന്നാക്കുന്നതിനായി ബോണറ്റ് തുറന്ന് നില്‍ക്കുന്ന ഒരു കുടുംബവുമാണ് ദൃശ്യത്തിലുള്ളത്. ഒരു സ്ത്രീയുടേയും ഒരു പുരുഷന്‍റെയും പ്രതിമകളാണ് ഇതിനായി ഉപയോഗിച്ചത്. ഈ പ്രതിമകള്‍ വച്ച് അധികം വൈകാതെ സിംഹങ്ങളെത്തുന്നതും പ്രതിമകളെ ആക്രമിച്ച് അവയെ കടിച്ചു കീറുന്നതുമാണ് ദൃശ്യത്തില്‍ കാണാനാകുക. ഇത് വലിയൊരു വിഭാഗം ആളുകള്‍ക്ക് കൃത്യമായ സന്ദേശം നല്‍കാന്‍ അന്നും ഇന്നും സഹായിക്കുന്നുണ്ട്. 

English Summary: Bear Charges Tourist At Yellowstone National Park As Onlookers Film