ഹൈഡ്രജൻ ബലൂണിൽ കെട്ടി വളർത്തുനായയെ പറപ്പിക്കുകയും അത് ക്യാമറയിൽ പകർത്തുകയും ചെയ്ത യൂട്യൂബ് വ്ലോഗർ അറസ്റ്റിൽ. ഡൽഹി സ്വദേശി ഗൗരവ് ജോണാണ് മൃഗങ്ങളോടുള്ള ക്രൂരതയ്ക്ക് അറസ്റ്റിലായത്. യൂട്യബ് ചാനലിലൂടെ പങ്കുവയ്ക്കാനാണ് വിഡിയോ പകർത്തിയത്.

ഡൽഹിയിലെ പാർക്കിൽ വച്ചാണ് ഇയാൾ ഹൈഡ്രജൻ ബലൂണിൽ കെട്ടി നായയെ പറപ്പിക്കാൻ ശ്രമിച്ചത്. വിഡിയോയിൽ നായ കുറച്ച് സമയത്തേക്ക് വായുവിലൂടെ പറക്കുന്നതും കാണാം. ഇതുകണ്ട് ഗൗരവും അമ്മയും കയ്യടിക്കുന്നുമുണ്ട്. മെയ് 21ന് യൂട്യൂബിൽ പങ്കുവച്ച വിഡിയോ വിമർശനം ഉയർന്നതിനെത്തുടർന്ന് നീക്കി.

ഗൗരവ് ജോണിനെതിരെ മാൽവിയ നഗർ പൊലീസ് സ്റ്റേഷനിൽ പീപ്പിൾ ഫോർ ആനിമൽസ് പ്രവർത്തകർ പരാതി നൽകി. ഇതിനു പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 

English Summary: Delhi YouTuber makes pet dog fly using balloons in video, arrested for animal cruelty