കുട്ടികളുടെ കളിപ്പാട്ടം കൈകാര്യം ചെയ്യുമ്പോൾ എത്രത്തോളം ശ്രദ്ധ വേണമെന്ന് ഓർമിപ്പിക്കുന്ന ഏതാനും ചിത്രങ്ങളാണ് ഓസ്ട്രേലിയയിലെ ക്വീൻസ്‌ലൻഡിൽ നിന്നു പുറത്തു വരുന്നത്. ഏഴുവയസ്സുകാരനായ മകൻ ചേയ്സിന്റെ കളിപ്പാട്ടത്തിൽ മറഞ്ഞിരുന്ന വിഷപ്പാമ്പിന്റെ ചിത്രങ്ങൾ അമ്മയായ എമ്മ ചോങ്ങാണ് പങ്കുവച്ചിരിക്കുന്നത്. മുറിയുടെ മൂലയിൽ വച്ചിരുന്ന കിച്ചൻ സെറ്റിലാണ് വിഷപ്പാമ്പ് കയറിക്കൂടിയത്.

കിച്ചൻ സെറ്റിന് അരികിലേക്ക് കളിക്കാൻ എത്തിയ ചേയ്സ് അതിനടിയിൽ നിന്നു പാമ്പിന്റെ വാല് പുറത്തേക്കു നീണ്ടു കിടക്കുന്നത് കണ്ടു.  ചേയ്സ് ഉടൻതന്നെ അമ്മയെ വിളിച്ചു. വിപ് സ്നേക്ക് വിഭാഗത്തിൽപ്പെട്ട പാമ്പാണ് കളിപ്പാട്ടത്തിനിടയിൽ പതുങ്ങിയിരുന്നത്. കളിക്കുന്നതിന് മുൻപുതന്നെ പാമ്പിനെ കണ്ടെത്തിയതിനാൽ വലിയ അപകടം ഒഴിവായതിന്റെ ആശ്വാസത്തിലാണ് എമ്മ. അവർ തന്നെയാണ് പാമ്പിനെ പിടികൂടി പുറത്തേക്ക് വിട്ടത്. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങൾ പതിനായിരക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു.

കാഴ്ചയ്ക്ക് ഉഗ്രവിഷമുള്ള ബ്രൗൺ സ്നേക്കുകളുമായി സാദൃശ്യമുണ്ടെങ്കിലും വിപ്പ് സ്നേക്കുകൾ അത്രത്തോളം അപകടകാരികളായ വിഷപ്പാമ്പുകളല്ല. നേരിയ വിഷമുള്ള ഇവ കടിച്ച ഭാഗത്ത് കടുത്ത വേദനയും നീരും ഉണ്ടാവും. ക്വീൻസ്‌ലൻഡിൽ ചൂടുള്ള കാലാവസ്ഥ ഇപ്പോഴും തുടരുന്നതിനാൽ പാമ്പുകൾ പുറത്തിറങ്ങാനുള്ള സാധ്യത ഏറെയാണെന്നും അതിനാൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നുമാണ് അധികൃതർ നൽകുന്ന നിർദേശം.

English Summary: Queensland mum finds venomous snake in son’s bedroom