വയലുകളിൽ ധാരാളമായി കാണപ്പെടുന്ന പക്ഷികളാണ് ചെങ്കണ്ണി തിത്തിരിപക്ഷികൾ. ഇന്ത്യ, മ്യാൻമർ, ഇന്തോനീഷ്യ എന്നിവിടങ്ങളിലൊക്കെ ഇവയെ ധാരാളം കാണാം. തുറസായ സ്ഥലത്തും ഉഴുത വയലുകളിലുമൊക്കെയാണ് ഇവ സാധാരണയായി കൂടൊരുക്കുന്നതും മുട്ടയിടുന്നതും. ഇങ്ങനെ വയലിൽ മുട്ടയിട്ട ഒരു ചെങ്കണ്ണി തിത്തിരിപക്ഷിയാണ് മുട്ട സംരക്ഷിക്കാൻ ട്രാക്ടറിനു മുന്നിൽ ചിറകും വിരിച്ച് നിന്നത്.

തായ്‌ലൻഡിലെ കാംഫേങ് ഫെറ്റ് പ്രവിശ്യയിൽ നിന്നു പകർത്തിയതാണ് ഈ ദൃശ്യം. ബൂൻലോയി സാങ്ഖോങ് എന്ന കർഷകനാണ് ഈ ദൃശ്യം വയലിൽ നിന്നു പകർത്തിയത്. ട്രാക്ടറിൽ വയലിലെത്തിയതായിരുന്നു കർഷകനായ ബൂൻലോയി സാങ്ഖോങ്. നിലമൊരുക്കുന്നതിനിടയിലാണ് പക്ഷിയുടെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ടത്. നോക്കിയപ്പോൾ കണ്ടത് ട്രാക്ടറിന്റെ ടയറിനു മുന്നിൽ ചിറകും വിരിച്ചുപിടിച്ച് നിൽക്കുന്ന പക്ഷിയെയാണ്. പിന്നീട് ശ്രദ്ധിച്ചപ്പോഴാണ് മുട്ട കണ്ടത്. അപ്പോഴാണ് മനസ്സിലായത് മുട്ട സംരക്ഷിക്കാനായിരുന്നു പക്ഷി ശ്രമിച്ചതെന്ന്. ഉടൻ തന്നെ ബൂൻലോയി സാങ്ഖോങ് ട്രാക്ടർ പക്ഷിയെ തട്ടാതെ നീക്കിയെടുത്ത് തന്റെ ജോലികൾ തുടർന്നു.

ട്രാക്ടർ തൊട്ടരികിലെത്തിയിട്ടും പറന്നു പോകാതെ തന്റെ മുട്ട കാത്തു രക്ഷിച്ച ചെങ്കണ്ണി തിത്തിരിപക്ഷിയുടെ ദൃശ്യം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

English Summary: Brave Mother Bird Protects Eggs From Tractor