മൂർഖൻ പാമ്പിന്റെ ആക്രമണത്തിൽ നിന്ന് വളർത്തുനായ രക്ഷപെട്ടത് തലനാരിഴയ്ക്ക്. തെക്കൻ തായ്‌ലൻഡിലെ സോങ്ഖ്‌ലയിലാണ് സംഭവം നടന്നത്. വീട്ടിൽ സ്ഥാപിച്ചിരുന്ന സിസിടിവിയിലാണ് ദൃശ്യം പതിഞ്ഞത്. ചെടിച്ചട്ടികൾക്കിടയിൽ അനക്കം കണ്ടാണ് വളർത്തുനായ ഷുഗർ അവിടേക്ക് ഓടിയെത്തിയത്. നായ ഓടിയെത്തിയ ഉടൻ പാമ്പ് അതിനെ ആക്രമിക്കാൻ ശ്രമിക്കുന്നത് ദൃശ്യത്തിൽ കാണാം.

ഓടിയരികിലെത്തിയ നായയെ ചെടിച്ചട്ടികൾക്കിടയിൽ നിന്നും പുറത്തേക്കെത്തിയ പാമ്പ് കൊത്താൻ ശ്രമിക്കുകയായിരുന്നു. തക്കസമയത്ത് പിന്നോട്ട് ചാടിയതുകൊണ്ട് മാത്രമാണ് നായ പാമ്പുകടിയേൽക്കാതെ രക്ഷപെട്ടത്. കൃത്യം നായയുടെ മുഖം ലക്ഷ്യമാക്കിയായിരുന്നു

പാമ്പിന്റെ ആക്രമണം. പിന്നീട് പാമ്പ് അതിവേഗം ഇഴഞ്ഞു നീങ്ങുന്നതും നായ ഭയന്നു നിൽക്കുന്നതും കാണാം. 12 അടിയോളം നീളമുള്ള കൂറ്റൻ പാമ്പാണ് നായയെ ആക്രമിച്ചത്. 

മൂർഖന്റെ വിഷം മരണകാരണമാകാറുണ്ട്. മൂർഖൻ കടിച്ചാൽ കടിയേറ്റ ഭാഗം വീങ്ങുകയും കരിവാളിക്കുകയും നേരിയ തോതിൽ രക്തം കിനിഞ്ഞുവരികയും ചെയ്യും. വിഷം മസ്തിഷ്കത്തെയും സുഷുമ്നയെയുമാണ് ബാധിക്കുക. വായിൽ നിന്ന് നുരയും പതയും വരും. ശ്വാസം എടുക്കാനുള്ള വിഷമം മൂലമാണ് മരണം സംഭവിക്കുക. 

English Summary: Quick Dog Dodges Cobra Attack