ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്ന കാട്ടാനാകൾ വാഴത്തോട്ടവും കരിമ്പിൻ പാടവും മറ്റ് കാർഷിക വിളകളുമൊക്കെ നശിപ്പിക്കുന്ന വാർത്തകൾ പതിവായി കേൾക്കാറുണ്ട്. ഭക്ഷണം തേടിയെത്തുന്ന കാട്ടാനകളാണ് കൃഷിനാശമുണ്ടാക്കി കാട്ടിലേക്ക് മടങ്ങുന്നത്. എന്നാൽ ഇതിൽ നിന്നൊക്കെ വ്യത്യസ്തമായ ഒരു വാർത്തയാണ് അസമിലെ ഗുവാഹത്തിയിൽ നിന്നും പുറത്തുവരുന്നത്. നാരംഗിക്കു സമീപമുള്ള സാത്ഗാവൻ ആർമി ക്യാമ്പിനു സമീപമാണ് കാട്ടാനയെത്തിത്. സമീപത്തിരുന്ന ബൈക്കിലുണ്ടായിരുന്ന ഹെൽമറ്റ് തുമ്പിക്കൈകൊണ്ട് എടുത്ത് വായിലിട്ട് ചവച്ചാണ് ആന നടന്നു നീങ്ങിയത്.

സംഭവ സ്ഥലത്തുണ്ടായിരുന്ന ബൈക്കുടമയാണ് ഹെൽമറ്റ് വായിലിട്ടു ചവച്ചുകൊണ്ട് നടന്നകലുന്ന കാട്ടാനയുടെ ദൃശ്യം പകർത്തിയത്. ഭക്ഷണ സാധനമെന്ന് കരുതിയാകാം ആന ഹെൽമറ്റെടുത്ത് വായിലിട്ടതെന്നാണ് നിഗമനം. സമീപത്തുള്ള ആംചങ് വന്യജീവി സങ്കേതത്തിൽ നിന്നും ഭക്ഷണം തേടിയിറങ്ങിയതായിരുന്നു കാട്ടാന.

ചൊവ്വാഴ്ച രാവിലെയാണ് സംഭവം നടന്നത്. ഹെൽമറ്റ് ആന ഭക്ഷിച്ചില്ലെന്നും അൽപദൂരം മുന്നോട്ട് നടന്ന ശേഷം അത് തുപ്പിക്കളഞ്ഞെന്നും ഗുവാഹത്തി ഫോറസ്റ്റ് ഡിഎഫ്ഒ ജയന്ത ദേക വ്യക്തമാക്കി. പുറത്തുകളഞ്ഞ ഹെൽമറ്റ് കാലുകൊണ്ട് ചവിട്ടിയരച്ച ശേഷമാണ് കാട്ടാന കാട്ടിലേക്ക് മടങ്ങിയത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ട്വിറ്ററിലൂടെ ദൃശ്യം പങ്കുവച്ചത്.

English Summary: Wild elephant eats helmet in viral video from Guwahati