ആർട്ടിക് സമുദ്രത്തിൽ മഞ്ഞുമലയിൽ നിന്നു അടർന്നു നീങ്ങിയ ഐസ് പാളിയിൽ അകപ്പെട്ട നായയെ രക്ഷപ്പെടുത്തി റഷ്യൻ നാവികർ. കപ്പലുകൾക്ക് വഴിയൊരുക്കാനായി സ്ഥാപിച്ചിരിക്കുന്ന അലക്സാണ്ടർ സാനികോവ് ഐസ് ബ്രേക്കറിന് സമീപത്തായാണ് നായയെ കണ്ടെത്തിയത്. ഒരാഴ്ച മുൻപ് അൽപം അകലെയുള്ള ഗ്രാമത്തിൽ നിന്നു എങ്ങനെയോ ഇവിടെയകപ്പെട്ട ഐക എന്ന ഒരുവയസ്സുകാരി നായയെയാണ് നാവികർ രക്ഷിച്ചത്.

ഈ പ്രദേശത്തുകൂടി കപ്പലിൽ പോവുകയായിരുന്ന റഷ്യൻ നാവികർ യാദൃച്ഛികമായി നായയെ കണ്ടെത്തുകയായിരുന്നു. ഇവർ നായയെ രക്ഷിക്കുന്നതിന്റെ ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. ശബ്ദമുയർത്തി നായയുടെ ശ്രദ്ധയാകർഷിച്ചശേഷം അതിന് ഭക്ഷണം ഇട്ടുകൊടുത്ത് കപ്പലിനടുത്തേക്ക് എത്തിക്കുകയായിരുന്നു. നായ അകപ്പെട്ട ഐസ് പാളി തകർന്നുകൊണ്ടിരിക്കുന്ന നിലയിലായിരുന്നുവെന്നും നാവികർ പറയുന്നു.

കൃത്യസമയത്ത് രക്ഷപ്പെടുത്തിയില്ലായിരുന്നുവെങ്കിൽ കപ്പലുകളിൽ തട്ടിയോ കൊടുംതണുപ്പിനെ അതിജീവിക്കാനാവാതെയോ നായയ്ക്ക് അപകടം സംഭവിക്കുമായിരുന്നു. കൂർത്ത മഞ്ഞുപാളികളിലൂടെ നടന്നതിനെ തുടർന്ന് കാലിൽ മുറിവുകളുണ്ടായാതൊഴിച്ചാൽ ഐകയ്ക്ക് മറ്റ് പരിക്കുകളൊന്നുമില്ല. ഒരാഴ്ചയായി നായയ്ക്കായുള്ള തിരച്ചിലിലായിരുന്നു ഉടമസ്ഥർ. നായയെ രക്ഷപ്പെടുത്തിയ ശേഷം ഉടമസ്ഥരെ കണ്ടെത്തി തിരികെ ഏൽപ്പിച്ചാണ് നാവികർ മടങ്ങിയത്.

English Summary: Lost Dog, Stranded On Arctic Ice, Rescued By Russian Sailors