ഭക്ഷണമെന്നു കരുതി ആറുവയസ്സുകാരന്റെ കൈയിൽ കടിച്ച് ഡോൾഫിൻ. യുക്രെയ്നിലെ നീമോ ഡോൾഫിനേറിയം സന്ദർശിക്കാനെത്തിയ കുട്ടിക്കാണ് അപകടം സംഭവിച്ചത്. ഞായറാഴ്ചയാണ് സംഭവം നടന്നത്.ഡോൾഫിനെ പാർപ്പിക്കുന്നതിനു സമീപമെത്തിയ കുട്ടി താഴേക്ക് കൈനീട്ടിയപ്പോൾ ജലോപരിതലത്തിലേക്ക് ഉയർന്നുവന്ന ഡോൾഫിൻ കൈയിൽ കടിക്കുകയായിരുന്നു.പെട്ടെന്ന് തന്നെ കൈയിലെ പിടിവിട്ട് വെള്ളത്തിലേക്ക് മറയുകയും ചെയ്തു. കുട്ടിയെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ കൈയിൽ ആഴത്തിൽ മുറിവേറ്റതായും നിരവധി സ്റ്റിച്ചുകൾ വേണ്ടിവന്നതായും ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി.

സന്ദർശകർ ഇവയെ പാർപ്പിച്ചിരിക്കുന്ന സ്ഥലത്തിനു സമീപത്തേക്ക് പോകരുതെന്നും തൊടാൻ ശ്രമിക്കരുതെന്നും മുന്നറിപ്പ് നൽകിയിരുന്നെങ്കിലും ഇതു ശ്രദ്ധിക്കാതെയായിരുന്നു കുട്ടി കൈനീട്ടിയത്. സാധാരണയായി ഭക്ഷണം നൽകാനാണ് പരിശീലകർ ഡോൾഫിനുകൾക്ക്  മുന്നിലേക്ക് കൈനീട്ടുന്നത്. അതിനാൽ ഭക്ഷണമെന്ന് കരുതിയാവും ഡോൾഫിൻ കുട്ടിയുടെ കൈകളിൽ കടിച്ചതതെന്ന് പരിശീലകയായ ഒലേന കോമോഗൊരാവ വ്യക്തമാക്കി.

English Summary: Dolphin bites 6-year-old boy’s hand in scary viral video from Ukraine