മത്സ്യക്കൂടയിൽ നിന്നു മത്സസ്യങ്ങളെ മോഷ്ടിക്കാൻ ശ്രമിക്കുന്ന പാമ്പിന്റെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. യുഎസിലെ പീറ്റേഴ്സ്ബർഗിലാണ് സംഭവം നടന്നത്. ഇവിടെയൊരു കുളത്തിൽ മീൻ പിടിക്കാനെത്തിയതായിരുന്നു മത്സ്യത്തൊഴിലാളിയായ  ഡാരോൺ സേഴ്സി. കുളത്തിനുള്ളിൽ മത്സ്യക്കൂട നിക്ഷേപിച്ച് കരയിലിരിക്കുമ്പോഴാണ് ഡാരോണിന്റെ മുന്നിലൂടെ ആദ്യം പാമ്പ് കുളത്തിലേക്ക് നീങ്ങിയത്. കൂട ലക്ഷ്യമാക്കിയാണ് പാമ്പിന്റെ പോക്കെന്നു മനസ്സിലാക്കിയ ഉടൻ ഡാരോൺ കൂട മെല്ല കുളത്തിൽ നിന്നും പൊക്കിയെടുത്തു. അപ്പോൾ പാമ്പ് കൂടയിൽ കടിച്ചുതൂങ്ങി കിടപ്പുണ്ടായിരുന്നു. കൂട കരയിലേക്കടുപ്പിച്ചപ്പോൾ പാമ്പ് വെള്ളത്തിലേക്ക് മറയുകയും ചെയ്തു.

പാമ്പ് പോയതോടെ വീണ്ടും മത്സ്യക്കൂട വെള്ളത്തിലേക്കിട്ടു. പിന്നാലെ കൈയിലുണ്ടായിരുന്ന ഫോണിൽ വീണ്ടും ദൃശ്യം പകർത്തി. കൂട വീണ്ടും കുളത്തിൽ നിന്നു പൊക്കിയെടുത്ത് കരയിലേക്കടുപ്പിച്ചു. നിറയെ മത്സ്യങ്ങളുണ്ടായിരുന്ന കൂടയുടെ പിന്നാലെ വീണ്ടും പാമ്പെത്തുകയായിരുന്നു. കരയിലേക്ക് കയറിയ പാമ്പ് വലകൾക്കിടയിലൂടെ മത്സ്യങ്ങളെ പിടികൂടാനും ശ്രമിക്കുന്നുണ്ടായിരുന്നു. മത്സ്യങ്ങളെ പിടികൂടാൻ ശ്രമിക്കുന്ന പാമ്പിന്റെ ദൃശ്യം ഇപ്പോൾ തന്നെ നിരവധിയാളുകൾ കണ്ടുകഴിഞ്ഞു.

English Summary: Snake Tries Stealing Fisherman's Catch In Shocking Video