‘പാമ്പ്’ – കേൾക്കുമ്പോൾ തന്നെ സിരകളിൽ ഭയം അരിച്ചെത്തും. വനത്തിലും നാട്ടിടവഴികളിലെ ചെറിയ മാളങ്ങളിലും തണുപ്പു പറ്റി പതുങ്ങിയിരിക്കുന്ന ഇക്കൂട്ടർ അപകടകാരികളാണ്. കണ്ടാൽ ദുർബലരെന്നു തോന്നുമെങ്കിലും ഒരു നേർത്ത പല്ലിന്റെ പോറലിലൂടെ ഏതു കരുത്തനെയും കാലപുരിക്കയയ്‌ക്കുന്ന പാമ്പുകളെ മനുഷ്യന് എന്നും, എക്കാലവും

‘പാമ്പ്’ – കേൾക്കുമ്പോൾ തന്നെ സിരകളിൽ ഭയം അരിച്ചെത്തും. വനത്തിലും നാട്ടിടവഴികളിലെ ചെറിയ മാളങ്ങളിലും തണുപ്പു പറ്റി പതുങ്ങിയിരിക്കുന്ന ഇക്കൂട്ടർ അപകടകാരികളാണ്. കണ്ടാൽ ദുർബലരെന്നു തോന്നുമെങ്കിലും ഒരു നേർത്ത പല്ലിന്റെ പോറലിലൂടെ ഏതു കരുത്തനെയും കാലപുരിക്കയയ്‌ക്കുന്ന പാമ്പുകളെ മനുഷ്യന് എന്നും, എക്കാലവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘പാമ്പ്’ – കേൾക്കുമ്പോൾ തന്നെ സിരകളിൽ ഭയം അരിച്ചെത്തും. വനത്തിലും നാട്ടിടവഴികളിലെ ചെറിയ മാളങ്ങളിലും തണുപ്പു പറ്റി പതുങ്ങിയിരിക്കുന്ന ഇക്കൂട്ടർ അപകടകാരികളാണ്. കണ്ടാൽ ദുർബലരെന്നു തോന്നുമെങ്കിലും ഒരു നേർത്ത പല്ലിന്റെ പോറലിലൂടെ ഏതു കരുത്തനെയും കാലപുരിക്കയയ്‌ക്കുന്ന പാമ്പുകളെ മനുഷ്യന് എന്നും, എക്കാലവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘പാമ്പ്’ – കേൾക്കുമ്പോൾ തന്നെ സിരകളിൽ ഭയം അരിച്ചെത്തും. വനത്തിലും നാട്ടിടവഴികളിലെ ചെറിയ മാളങ്ങളിലും തണുപ്പു പറ്റി പതുങ്ങിയിരിക്കുന്ന ഇക്കൂട്ടർ അപകടകാരികളാണ്.  കണ്ടാൽ ദുർബലരെന്നു തോന്നുമെങ്കിലും ഒരു നേർത്ത പല്ലിന്റെ പോറലിലൂടെ ഏതു കരുത്തനെയും കാലപുരിക്കയയ്‌ക്കുന്ന പാമ്പുകളെ മനുഷ്യന് എന്നും, എക്കാലവും പേടിയാണ്. ഭയപ്പെടുത്തിയിരുന്ന മറ്റു പ്രകൃതിശക്‌തികൾക്കൊപ്പം പാമ്പുകളെയും ആരാധിച്ചു. അതാവാം സർപ്പാരാധനയുടെ തുടക്കം. തല്ലിക്കൊന്നും ആവാസവ്യവസ്‌ഥകൾ ഇല്ലാതാക്കിയും ആരാധനയ്‌ക്കൊപ്പം തന്നെ പാമ്പുകൾക്കെതിരെയുള്ള യുദ്ധവും തുടർന്നു. വിസ്മയിപ്പിക്കുന്നതാണ് പാമ്പുകളുടെ ലോകം. ഇത്തിരിപ്പോന്ന ഇവർ ‘വില്ലൻമാരാണ്’. ഉത്രവധക്കേസിൽ ‘ആയുധ’മായതും പാമ്പു തന്നെ–മൂർഖൻ പാമ്പ്. പാമ്പുപുരാണങ്ങളിലേക്ക്:

വിഷമുള്ളതും ഇല്ലാത്തവയും പാമ്പുഗണത്തിലുണ്ട്. ലോകത്ത് 3900 ഇനം പാമ്പുകളാണ് ഉള്ളത്. ഇന്ത്യയിൽ 320 ൽപ്പരം വ്യത്യസ്തയിനം പാമ്പുകൾ. കേരളത്തിൽ 120 ഓളം വ്യത്യസ്ത ഇനങ്ങൾ കാണപ്പെടുന്നു. ഇവയിൽ ബഹുഭൂരിപക്ഷവും വിഷമില്ലാത്ത ഇനങ്ങൾ. കേരളത്തിൽ ഉഗ്രവിഷമുള്ളവ 25 എ‍ണ്ണവും, നേരിയ വിഷമുള്ളത് 14 ഉം, വിഷമില്ലാത്തവ 71 ഉം എന്നതാണ് ഗവേഷകർ പറയുന്നത്. മനുഷ്യന് മരണ കാരണമാകാവുന്ന തരത്തിൽ മാരകമായ കടിയേൽപിക്കാൻ കഴിയുന്ന ആറിനം വിഷപാമ്പുകളാണ് കരയിൽ കാണപ്പെടുന്നത്. ചില കടൽപാമ്പുകൾക്കും മാരക വിഷമുണ്ട്. ഇന്ത്യയിൽ പ്രതിവർഷം 58000 ത്തോളം പേർ പാമ്പുകടിയേറ്റ് മരണപ്പെടുന്നുണ്ട്. ഇതിൽ ബഹുഭൂരിപക്ഷവും കരയിൽ കാണപ്പെടുന്ന നാലിനം ഉഗ്രവിഷ പാമ്പുകളുടെ കടി മൂലമാണ്. ലോകത്ത് ഒരു വർഷം 1.2 ലക്ഷം മുതൽ 1.5 ലക്ഷം പേരാണ് പാമ്പുകടിയേറ്റു മരിക്കുന്നത്. സംസ്ഥാനത്ത് ജനവാസമേഖലയിൽ കൂടുതലായും എത്തുന്നത് മൂർ‍ഖനും പെരുമ്പാ‍മ്പുമാണെന്നാണ് വനം വകുപ്പിന്റെ റിപ്പോർട്ട്.  കാടിറങ്ങു‍ന്നവയുടെ എണ്ണത്തിൽ രാജവെമ്പാ‍ലകളുമുണ്ട്.  വിഷ‍മുള്ള ചുരുട്ട മണ്ഡ‍ലി, മുഴ മൂക്കൻ മണ്ഡ‍ലി എന്നിവയുടെ കടിയേറ്റ് മരിക്കുന്നവരുടെ എണ്ണം കേര‍ളത്തിൽ കുറവാണ്. 

ADVERTISEMENT

    ∙ 4 ഉഗ്രവിഷക്കാർ 

Image Credit: Shutterstock

കേരളത്തിൽ മനുഷ്യജീവന്റെ മരണത്തിനു കാരണമാകുന്ന ഉഗ്രവിഷമുള്ള പാമ്പുകൾ 4 എണ്ണമാണ്. മൂർഖൻ, ചേനത്തണ്ടൻ/ വട്ടക്കൂറ/ തേക്കിലപുള്ളി, വെള്ളിക്കെട്ടൻ/ ശംഖുവരയൻ/ മോതിരവളയൻ/ വളവളപ്പൻ/ എട്ടടിവീരൻ, ചുരുട്ടമണ്ഡലി/ രക്തഅണലി/ ഈർച്ചവാൾ ശൽക്ക അണലി എന്നിവയാണ് ഇവ. മൂർഖൻ, വെള്ളിക്കെട്ടൻ എന്നിവയുടെ വിഷം നാഡീവ്യൂഹത്തെ ബാധിക്കുന്നതും, ചേനത്തണ്ടൻ, ചുരുട്ടമണ്‌ഡലി എന്നിവയുടെ വിഷം രക്തചംക്രമണത്തെ ബാധിക്കുന്നതുമാണ്. ഇവയിൽ ഏതിനം പാമ്പിന്റെ കടിയേറ്റാലും പോളിവാലന്റ് ആന്റി സ്‌നേക്ക് വെനം എന്നറിയപ്പെടുന്ന പ്രതിവിഷം തന്നെയാണ് ചികിത്സക്ക് ഉപയോഗിക്കുന്നത് എന്നതിനാൽ ഏതിനം പാമ്പാണ് കടിച്ചത് എന്ന തിരിച്ചറിയൽ അനിവാര്യമല്ല. 

∙ രാജവെമ്പാലയ്ക്കും മുഴമൂക്കനും പ്രതിവിഷം ഇല്ല

Image Credit: Shutterstock

മേൽപ്പറഞ്ഞ നാലിനം വിഷപാമ്പുകളെ കൂടാതെ കേരളത്തിൽ കാണപ്പെടുന്ന രാജവെമ്പാല, മുഴമൂക്കൻ കുഴിമണ്ഡലി എന്നീ പാമ്പുകളും മനുഷ്യന് ജീവന് അപകടകരമായ നിലയിൽ ഉഗ്രവിഷമുള്ളവയാണ്. എന്നാൽ ഇവയുടെ കടിയേറ്റുള്ള അപകടങ്ങൾ വളരെ കുറവായതിനാൽ ഇവയുടെ പ്രതിവിഷം കേരളത്തിൽ ലഭ്യമല്ല. ചിലയിനം പാമ്പുകൾക്ക് മനുഷ്യന് അപകടകരമല്ലാത്ത ചെറിയ വിഷമുണ്ട്. പൂച്ചക്കണ്ണൻ പാമ്പ്, പച്ചിലപാമ്പ്, കുഴിമണ്ഡലികൾ, പവിഴപാമ്പുകൾ മുതലായവ ഇത്തരം പാമ്പുകളാണ്.  ബാക്കിയുള്ള എല്ലായിനം പാമ്പുകളും

ADVERTISEMENT

വിഷമില്ലാത്തവയാണ്. എന്നാൽ എല്ലാ പാമ്പുകൾക്കും വിഷമുണ്ട് എന്നത് പൊതുജനങ്ങൾക്കുള്ള തെറ്റായ ധാരണയാണ്. പാമ്പുകൾ വളരെ പാരിസ്ഥിതിക പ്രാധാന്യമർഹിക്കുന്ന ജീവികൾ കൂടിയാണ്. ആർക്കും ഉപദ്രവമേൽപ്പിക്കാത്ത നാണക്കാരനാണ് ചേര. മനുഷ്യനെന്നല്ല, വലിയ ജീവികളുടെ സാന്നിധ്യം തന്നെ പേടിയാണ് ചേരകൾക്ക്. നീർ‍ക്കോലി തീരെ വിഷമില്ലാത്ത ഒരു ഉരഗജീവിയാണ്. ഫണവും ഇവയ്ക്കില്ല. 

ഇവരെ പരിചയപ്പെടാം, കടിയേറ്റാലുള്ള ലക്ഷണങ്ങളും അറിയാം 

∙ രാജവെമ്പാല ‘രാജാവ്’

നാഗരാജാവ് എന്ന വിശേഷണമാണ് ഏറ്റവും വലിയ വിഷപ്പാമ്പായ രാജവെമ്പാലയ്ക്ക്. പകരം എല്ലാ കടികളും മരണ കാരണം ആകില്ല. ഒരു പാടു പേർ കടി കിട്ടിയിട്ടും രക്ഷപ്പെട്ട സംഭവങ്ങളുമുണ്ട് തിരുവനന്തപുരം മൃഗ‍ശാലയിൽ രാജ‍വെമ്പാലയുടെ കടിയേറ്റ് മൃഗശാല ജീവനക്കാരൻ ഹർഷാദ്(45)മരിച്ചത് കഴിഞ്ഞ വർഷം ജൂലൈ ഒന്നിനായിരുന്നു. സംസ്ഥാനത്ത് രാജ‍വെമ്പാലയുടെ കടി‍യേറ്റുള്ള ആദ്യ മരണം കൂടിയായിരുന്നു ഈ സംഭവം. 

Image Credit: Shutterstock
ADVERTISEMENT

  ഒരു രാജാവിനെപ്പോലെ തലയുയർത്തി പകൽസമയത്ത് ഇരതേടുകയാണ് രാജവെമ്പാലയുടെ രീതി.  വലുപ്പവും സൗന്ദര്യവും ഗാംഭീര്യവും കിങ് കോബ്ര(king cobra) എന്ന രാജവെമ്പാലയെ പാമ്പുകളുടെ രാജാവാക്കുന്നു. ലോകത്ത് ഏറ്റവും നീളം കൂടിയ ഉഗ്രവിഷമുള്ള പാമ്പാണ് രാജവെമ്പാല. വിഷം ചീറ്റില്ല, ശബ്ദമുണ്ടാക്കി പേടിപ്പിക്കും . മൂർഖന്റെ കുടുംബത്തിൽപ്പെടുന്നതാണെങ്കിലും, ഫണം അൽപ്പം നീണ്ടതും കണ്ണട പോലെയുള്ള അടയാളം ഇല്ലാത്തതുമാണ്. രാജവെമ്പാലയ്ക്ക് സാധാരണയായി 5 മുതൽ 10 കിലോ വരെ ഭാരമുണ്ടാകും. അപൂർവമായി ഇതിൽ കൂടുതൽ തൂക്കമുള്ളയെയും കണ്ടെത്തിയിട്ടുണ്ട്. സഞ്ചാരവും ഇരപിടുത്തവും പകലാണ്. രാത്രികാലങ്ങളിൽ അപൂർവമായി സഞ്ചരിക്കാറുണ്ട്. മരത്തിൽ കയറാനും വെള്ളത്തിൽ നീന്താനും മറ്റു പാമ്പുകളെ അപേക്ഷിച്ച് രാജവെമ്പാലയ്ക്ക് കഴിവുണ്ട്. ചേര, മൂർഖൻ, അണലി, പെരുമ്പാമ്പ്, പക്ഷികൾ എന്നിവയാണ് പ്രധാന ഭക്ഷണം. 

∙ പാമ്പിനെ തിന്നുന്ന പാമ്പുകൾ

Image Credit: Shutterstock

പാമ്പിനെ തിന്നുന്ന പാമ്പായതിനാൽ ഇതിനെ ഓഫിയോ ഫാഗസ് എന്ന ഇനത്തിലാണ് രാജവെമ്പാലയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ ഗ്രീക്ക് പദത്തിന്റെ  അർഥം ‘സ്നേക്ക് ഈറ്റർ’ എന്നാണ്. കാഴ്ചശക്തി വളരെ കൂടുതലുള്ള ഇവയ്ക്ക് 100 മീറ്റർ വരെ ദൂരത്തുള്ള ഇരയെ കണ്ടെത്താൻ കഴിയുന്നതായി പഠനങ്ങളിൽ നിന്നു കണ്ടെത്തിയിട്ടുണ്ട്. അത്യുഗ്രവിഷമാണെങ്കിലും പൊതുവേ ശാന്തസ്വഭാവിയാണ് ഇക്കൂട്ടർ. കടിയേറ്റാൽ മിനിട്ടുകൾക്കുള്ളിൽ മരണം സംഭവിക്കും. 20 വർഷമാണ് രാജവെമ്പാലയുടെ ആയുസ്സ്. 1972 ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം ഷെഡ്യൂൾ രണ്ടിലാണ് രാജവെമ്പാലയെ ഉൾപ്പെടുത്തിയിരിക്കുന്നത്. രാജവെമ്പാലയെ ഉപദ്രവിക്കുന്നതും കൊല്ലുന്നതും ശിക്ഷാർഹമാണ്. ഓരോ പാമ്പും കുത്തി വയ്ക്കുന്ന വിഷത്തിന്റെ അളവിലും അതു ബാധിക്കുന്ന ശരീരാവയവങ്ങളിലും വ്യവസ്ഥകളിലും വ്യത്യാസമുണ്ട്. രാജവെമ്പാല കടിച്ചാൽ 20–25 മില്ലി വിഷം മിന്നൽ പോലെ രക്തം വഴി പടർന്ന് നാഡീവ്യവസ്ഥയെ ബാധിക്കും. 20 മനുഷ്യരെ വരെ കൊല്ലാനുള്ള വിഷം രാജവെമ്പാലയ്ക്കുണ്ട്. കേരളത്തിൽ മലയോര ജില്ലകളിലും മറ്റും രാജ‍വെമ്പാലയുടെ സാന്നിധ്യവും കൂടുതലാണ്

∙ മൂർഖൻ

Image Credit: Shutterstock

മൂർഖന്റെ കടിയേറ്റാൽ ആ ഭാഗം വിങ്ങുകയും കരിവാളിക്കുകയും നേരിയ തോതിൽ രക്തം വരികയും ചെയ്യും. ന്യൂറോടോക്സിക്ക് സ്വഭാവമുള്ള വിഷം മസ്തിഷ്കത്തെയും സുഷുമ്നാ നാഡിയെയും ബാധിക്കും. ശരീരം വിറയ്ക്കും. വായിൽ നിന്നു നുരയും പതയും വരും. ശ്വാസം എടുക്കാൻ ബുദ്ധിമുട്ടു പ്രകടിപ്പിക്കും. രാത്രിയാണ് ഇരതേടുന്നത്.

∙ വെള്ളിക്കെട്ടൻ

Image Credit: Shutterstock

വിഷത്തിന്റെ വീര്യം കൂടിയ ഇനമാണു വെള്ളിക്കെട്ടൻ (ശംഖുവരയൻ). കടിയേറ്റ ഭാഗത്തു വീക്കമോ വേദനയോ ഉണ്ടാകില്ല. തലയ്ക്കു മത്തു പിടിക്കും. കുറച്ചു സമയത്തിനു ശേഷം ലക്ഷണങ്ങൾ പ്രകടമാവും. ശക്തിയായ വയറുവേദനയും സന്ധിവേദനയും ഉണ്ടാകും. കടിയേറ്റ ഭാഗത്ത് ഇളം പിങ്ക് നിറത്തിലുള്ള നനവു കാണും. തളർച്ചയും ശ്വാസോച്ഛ്വാസം തടസ്സപ്പെടുന്നതും കഫം ഛർദിക്കുന്നതും ലക്ഷണങ്ങളാണ്.

∙ അണലി

Image Credit: Shutterstock

കേരളത്തിൽ കാണുന്ന പാമ്പുകളിൽ വലിയ വിഷപ്പല്ലുള്ളത് അണലിക്കാണ്. വിഷത്തിന്റെ അളവ് കൂടുതലും. നീളം കുറവും തടിച്ച ശരീരപ്രകൃതവുമാണ്. വിഷപ്പല്ലുകൾക്കു നല്ല നീളമുള്ളതിനാൽ ത്രികോണാകൃതിയിലുള്ള വായ്ക്കുള്ളിൽ മടക്കി വയ്ക്കാറാണു പതിവ്. ശത്രുക്കളെ കണ്ടാലുടൻ തയാറെടുപ്പുകൾ നടത്തും. ഗുസ്‌തിക്കാരെപ്പോലെ പിന്നോട്ടാഞ്ഞ് ശക്‌തിയായി മുന്നിലേക്കു തല നീട്ടിയാണു കടിക്കുക. അതിശക്‌തമായി സ്‌പ്രിങ് പോലെ മുന്നോട്ടു ചാടി കടിക്കാനുള്ള കഴിവുണ്ട്. ശരീരത്താകെ ചേനയുടെ തണ്ടിൽ കാണുന്നതുപോലുള്ള പാടുകൾ കാണാം. മടക്കി വായ്‌ക്കുള്ളിൽ വച്ചിരിക്കുന്ന വിഷപ്പല്ലുകൾ ശത്രുക്കളെ ആക്രമിക്കേണ്ടിവന്നാലുടൻ നിവർന്നുവരുകയും ആക്രമിച്ചുകഴിഞ്ഞാൽ മടങ്ങുകയും ചെയ്യുന്നു. ഇക്കാരണത്താൽ അണലിയുടെ ദംശനത്തെ പെട്ടെന്നു തിരിച്ചറിയാൻ കഴിയും.  ശത്രുക്കൾ അടുത്തു വന്നാൽ പലതവണ ചീറ്റി ശബ്‌ദമുണ്ടാക്കി മുന്നറിയിപ്പു നൽകാറുണ്ട്. കൈതയുടെ വേരിനടിയിലാണ് സാധാരണ താവളമടിക്കാറുള്ളത്. ഒന്നേകാൽ മീറ്റർ ശരാശരി നീളമുള്ള ഇത്തരം പാമ്പുകളുടെ വിഷപ്പല്ലുകൾക്കു രണ്ടു സെന്റിമീറ്റർവരെ നീളമുണ്ട്. ഒറ്റക്കടിക്കു രണ്ടാളിനെ വകവരുത്താനുള്ള വിഷം ഇവ പുറത്തുവിടാറുണ്ട്. ചെറിയ അളവു മതി ഒരാളെ കൊല്ലാൻ. കടിയുടെ പാട് വലുതായിരിക്കും സമീപം മഞ്ഞനിറം കാണും. വിഷം അമിതമായി ഉള്ളിൽ കയറിയാൽ കണ്ണിലൂടെയും മൂക്കിലൂടെയും രോമകൂപങ്ങളിലൂടെയും രക്തം പൊടിയും.

∙ രക്താണലി

ചിത്രം: ഡാനിയേൽ വി.രാജു, നാച്ചുറലിസ്റ്റ്

വിഷതീവ്രത വളരെയധികമുള്ള പാമ്പാണ് അണലി . ശത്രുക്കളെ കണ്ടാലുടൻ തയാറെടുപ്പുകൾ നടത്തും. ഗുസ്‌തിക്കാരെപ്പോലെ പിന്നോട്ടാഞ്ഞ് ശക്‌തിയായി മുന്നിലേക്കു തല നീട്ടിയാണു കടിക്കുന്നത്. അതിശക്‌തമായി സ്‌പ്രിങ് പോലെ മുന്നോട്ടു ചാടി കടിക്കാനുള്ള കഴിവുണ്ട്. ശരീരത്താകെ ചേനയുടെ തണ്ടിൽ കാണുന്നതുപോലുള്ള പാടുകൾ കാണാം. മടക്കി വായ്‌ക്കുള്ളിൽ വച്ചിരിക്കുന്ന വിഷപ്പല്ലുകൾ ശത്രുക്കളെ ആക്രമിക്കേണ്ടിവന്നാലുടൻ നിവർന്നുവരുകയും ആക്രമിച്ചുകഴിഞ്ഞാൽ മടങ്ങുകയും ചെയ്യുന്നു. ഇക്കാരണത്താൽ അണലിയുടെ ദംശനത്തെ പെട്ടെന്നു തിരിച്ചറിയാൻ കഴിയും.  ശത്രുക്കൾ അടുത്തു വന്നാൽ പലതവണ ചീറ്റി ശബ്‌ദമുണ്ടാക്കി മുന്നറിയിപ്പു നൽകാറുണ്ട്. കൈത വേരിനിടയിലാണ് ഇവ സാധാരണ താവളമടിക്കാറുള്ളത്. ഒന്നേകാൽ മീറ്റർ ശരാശരി നീളമുള്ള ഇത്തരം പാമ്പുകളുടെ വിഷപ്പല്ലുകൾക്കു രണ്ടു സെന്റിമീറ്റർവരെ നീളമുണ്ട്. ഒറ്റക്കടിക്കു രണ്ടാളിനെ വകവരുത്താനുള്ള വിഷം ഇവ പുറത്തുവിടാറുണ്ട്. 15 മില്ലിഗ്രാം മാത്രംമതി ഒരാളെ കൊല്ലാൻ.

∙ വിഷം ഒന്നല്ല, 3 തരം

Image Credit: Shutterstock

പാമ്പിൻ വിഷം മൂന്നുതരത്തിലുള്ളവയാണ്. രക്‌തധമിനികളെ തകർത്ത് രക്‌തസ്രാവത്തിനിടയാക്കുന്നവയാണ് ഒരിനം. നാഡീവ്യൂഹത്തെയും ഹൃദയത്തെയും ശ്വസനസംവിധാനത്തെയും ആക്രമിക്കുന്നതാണ് രണ്ടാമത്തേത് പേശികൾക്ക് കടുത്ത വദനയുണ്ടാക്കുന്നവയാണ് മൂന്നാമത്തേത്. ചില പാമ്പിന്റെ വിഷത്തിന് ഈ ഗുണങ്ങൾ(ദോഷങ്ങൾ) എല്ലാം ഉണ്ടായെന്നും വരാം. മൂർഖന്റെ വിഷം ന്യൂറോടോക്‌സിക്കും അണലി ഹീമോടോക്‌സിക്കുമാണ്. കടൽപ്പാമ്പുകൾ പലതും മയോടോക്‌സിക്കാണ്.

∙ ഉഷ്ണമേഖലകളിൽ കൂടുതൽ

Image Credit: Shutterstock

മനുഷ്യൻ ഭൂമുഖത്തു പ്രത്യക്ഷപ്പെടും മുൻപുണ്ടായിരുന്ന ഉരഗവർഗക്കാരായിരുന്നു പാമ്പുകളുടെ പൂർവികർ. പെരുമ്പാമ്പുകളിലും അവയുടെ അടുത്ത ബന്ധുക്കളായ മണൽപ്പാമ്പുകളിലും, പരിണാമവേളയിൽ ഇല്ലാതായ കാലുകളുടെ ലക്ഷണങ്ങൾ കാണാം. ഏറ്റവും പഴക്കമുള്ള പാമ്പിൻ ഫോസിലുകളിൽ മിക്കവയും പെരുമ്പാമ്പുകളുടെതും മറ്റു മണൽപ്പാമ്പ് വർഗങ്ങളുടെതുമാണ്. ഒഫിഡിയ ആണ് പാമ്പ് ഉൾപ്പെടുന്ന ജീവിവർഗം. ഉഷ്‌ണമേഖലാ രാജ്യങ്ങളിലാണ് പാമ്പുകൾ കൂടുതൽ. 

∙ ശത്രു മനുഷ്യൻ, പക്ഷേ മിത്രമാണ്

പാമ്പുകളുടെ ഏറ്റവും വലിയ ശത്രു മനുഷ്യനാണ്. വിഷമില്ലാത്ത പാമ്പുകൾ കർഷകനു മിത്രങ്ങളാണ്. കാർഷിക രാജ്യമായ ഇന്ത്യയിൽ വിഷമില്ലാത്ത പാമ്പുകൾ നമ്മുടെ കൃഷിക്ക് എക്കാലവും സംരക്ഷണവും നൽകുന്നു. വിഷപ്പാമ്പുകളും ഈ കർത്തവ്യം നിറവേറ്റുന്നുണ്ട്. ആവാസവ്യവസ്ഥയിൽ നിർണായക സ്ഥാനമാണ് പാമ്പുകൾക്ക്. സസ്യങ്ങൾ മുതൽ വിവിധ ജീവി വർഗങ്ങൾ പിന്നിട്ട്, പുഴുക്കളും സൂക്ഷ്മജീവികളും വരെ എത്തി, വീണ്ടും സസ്യങ്ങളിൽ നിന്നു തുടങ്ങുന്ന ഭക്ഷ്യശൃംഖലയിൽ മനുഷ്യന്റെ ഏറ്റവും വലിയ മിത്രങ്ങളാണ് പാമ്പുകൾ.  രോഗം പരത്തുന്ന പ്രാണികളെയും എലികളെയും പാമ്പുകൾ ഭക്ഷണമാക്കുന്നു. ലോകത്ത് ഉൽപാദിപ്പിക്കുന്ന ഭക്ഷ്യധാന്യങ്ങളുടെ 30 % എലികളോ പ്രാണികളോ തിന്നൊടുക്കുകയോ, നശിപ്പിക്കുകയോ ചെയ്യുന്നു എന്നാണു കണക്ക്. 

∙ ശത്രുവിനെ കണ്ടാൽ ആക്രമണം

ശത്രുക്കളിൽനിന്നു രക്ഷനേടുന്നതിനാണ് ഇവ ആക്രമണ സ്വഭാവം കാണിക്കുന്നത്. ഇണയോടൊപ്പം കഴിയുന്നകാലത്തും പ്രതികൂല പരിതസ്‌ഥിതികളിലുമാണ് വിഷപ്പാമ്പുകൾ കൂടുതൽ അക്രമകാരികളാകുന്നത്.

∙ പാമ്പ് ഇഴയുന്നതെങ്ങനെ?

പാമ്പിന്റെ ഉദരത്തിൽ ഒന്നിനൊന്നോടു ചേർന്നുള്ള ശൽക്കങ്ങൾ പ്രത്യേകതരം പേശികൾവഴി വാരിയെല്ലുകളുമായി ബന്ധിച്ചിരിക്കും. നല്ല നീളമുള്ള നട്ടെല്ലിനിരുവശത്തുമായി പാമ്പുകൾക്ക് വലിപ്പത്തിനനുസരിച്ച് ഏതാണ്ട് 100 മുതൽ 300 വരെ വാരിയെല്ലുകളുണ്ടാവും. പേശികളുടെ ചലനംമൂലം ഈ ശൽക്കങ്ങൾ മുന്നോട്ടും അതോടൊപ്പം അൽപമൊന്നു മേലോട്ടും പിന്നെ അൽപം കീഴോട്ടും ചലിക്കുന്നു. അതായത്, ശൽക്കങ്ങൾ പ്രത്യേക രീതിയിൽ ഇളകുകയും തലമുതൽ താഴോട്ട് ഒരു തരംഗചലനം സാധ്യമാക്കുകയും ചെയ്യുന്നു. ഈ ചലനവും പ്രതലത്തിന്റെ ഘർഷണവുംകൂടിയാകുമ്പോൾ പാമ്പുകൾക്കു മുന്നോട്ടു നീങ്ങാനാവും. ചിലതരം പാമ്പുകൾക്ക് വശങ്ങളിലേക്കും ഇഴയാൻ കഴിയും. ഘർഷണം ഇല്ലാത്തതിനാലാണ് മിനുസമായ പ്രതലത്തിൽ ഇഴയാൻ കഴിയാത്തത്. 

∙ ‘സൂപ്പർ ഫാസ്റ്റ്’ സ്നേക്ക്: മണിക്കൂറിൽ 15–18 കിലോമീറ്റർ വേഗം!

ആഫ്രിക്കൻ പാമ്പായ ബ്ലാക്ക് മാംബയാണ് ഏറ്റവും വേഗത്തിൽ ഇഴയുന്ന പാമ്പ്. മണിക്കൂറിൽ 15–18 കിലോമീറ്റർ വേഗത്തിൽ ഇഴയുന്ന കറുമ്പൻ മാംബയ്‌ക്ക് ഏതാണ്ട് 90 മീറ്റർവരെ ഈ വേഗം നിലനിർത്താൻ കഴിയും.

∙ ഭയം എന്ന ‘ഫാക്ടർ’

പാമ്പുകടി കൂടുതൽ അപകടകരമാവാൻ പ്രധാന കാരണം ഭയമാണ്. പാമ്പു കടിയേറ്റയാളുടെ പേടി, രക്തസമ്മർദം വർധിച്ചു വിഷം ശരീരത്തിൽ വ്യാപകമാവാൻ കാരണമാവും. ഭയപ്പെടാതെ, ചികിത്സ തേടിയെത്തുന്നവരെ രക്ഷപ്പെടുത്താൻ ഡോക്ടർമാർക്കു കഴിയുന്നുണ്ട്. പക്ഷേ, ധൈര്യം കൂടി ചികിത്സ വൈകാൻ ഇടയാക്കരുത്.

∙ വിഷമല്ല, പ്രോട്ടീൻ

പാമ്പിൻ വിഷത്തിലെ പ്രധാന ഘടകമാണ് പ്രോട്ടീൻ. ഇവയുടെ ദഹനപ്രക്രിയയ്ക്കും ഇതു സഹായകമാകുന്നു. 

∙ വിഷം ഊറുന്ന പല്ലുകൾ

പാമ്പുകൾക്കു വിഷം ഇരയെ ദഹിപ്പിക്കുന്നതിനുകൂടിയുള്ളതാണ്. മൂർഖൻ, ശംഖുവരയൻ, അണലി, പവിഴപ്പാമ്പ് എന്നിങ്ങനെയുള്ള വിഷപ്പാമ്പുകൾക്കു മേൽത്താടിയിൽ രണ്ടു വലിയ വളഞ്ഞ പല്ലുകളുണ്ടാവും. ഇവയാണു വിഷപ്പല്ലുകൾ. മേൽത്താടിയിൽ ഇരുവശത്തുമായി സ്‌ഥിതിചെയ്യുന്ന ഈ വിഷപ്പല്ലുകൾ വിഷസഞ്ചിയുമായി ബന്ധപ്പെട്ടിരിക്കുന്നു. രൂപാന്തരം പ്രാപിച്ച ഉമിനീർഗ്രന്ഥികളാണു വിഷസഞ്ചികൾ. അണലികളിൽ ഒരു ചാൽ വഴിയോ, മൂർഖൻപാമ്പുകളിൽ ഒരു നാളം വഴിയോ വിഷം പല്ലുകളുടെ അഗ്രഭാഗത്ത് എത്തുന്നു. ഈ ഭാഗങ്ങൾ ചുരുക്കുകയും വികസിപ്പിക്കുകയും ചെയ്യാവുന്ന പേശികളാൽ ചുറ്റപ്പെട്ടിരിക്കുന്നതിനാൽ ഓരോ കടിയിലും ഏൽപ്പിക്കുന്ന വിഷത്തിന്റെ അളവു നിയന്ത്രിക്കാൻ കഴിയും. ശംഖുവയന്റെയും കടൽപ്പാമ്പുകളുടെയും വിഷപ്പല്ലുകൾ ചെറുതാണ്; ഏതാണ്ട് രണ്ടുമുതൽ നാലു മില്ലിമീറ്റർവരെ നീളം വരും. മൂർഖന്റെയും രാജവെമ്പാലയുടെയും വിഷപ്പല്ലുകൾക്ക് അഞ്ചു മുതൽ 10 വരെ മില്ലിമീറ്റർ നീളമുണ്ടാകും. ഏറ്റവും വലിയ വിഷപ്പല്ലുകൾ അണലിവർഗങ്ങൾക്കാണ്.

∙ വിഷപ്പല്ല് വളരും!

Image Credit: Shutterstock

ഓരോ വിഷപ്പല്ലിനും അടുത്തായി മുളയ്‌ക്കാത്ത പല്ലുകളുടെ മുകുളങ്ങൾ ഉണ്ടാകും. വിഷപ്പല്ല് പൊഴിയുകയോ പൊട്ടുകയോ ചെയ്‌താൽ പകരം അവ വളരും. അതിനാൽ പാമ്പാട്ടികളും മറ്റും പാമ്പുകളുടെ വിഷപ്പല്ല് പറിച്ചുകളയുന്നതുകൊണ്ട് താൽക്കാലിക പ്രയോജനമേയുള്ളൂ.

∙ ആന്റിവെനം എങ്ങനെ നിർമിക്കും?

കടിക്കുന്ന പാമ്പുതന്നെയാണു പാമ്പിൻ വിഷത്തിനുള്ള പ്രതിമരുന്നും തരുന്നത്. ആന്റിവെനം നിർമിക്കുന്നത് എങ്ങനെയെന്ന് അറിയാം. ആദ്യം വിഷം ചെറിയ അളവുകളിൽ കുറെക്കാലം തുടർച്ചയായി കുതിരയിൽ കുത്തിവയ്‌ക്കുന്നു. ദിവസം കൂടുന്തോറും വിഷത്തിന്റെ അളവു ക്രമമായി വർധിപ്പിച്ചുകൊണ്ടിരിക്കും. ഇങ്ങനെ കുത്തിവയ്‌ക്കുന്നതിനാൽ കുതിരയുടെ ശരീരത്തിൽ പാമ്പിൻവിഷത്തെ പ്രതിരോധിക്കാനുള്ള ആന്റിബോഡി ഉൽപ്പാദിപ്പിക്കപ്പെടും. അവസാനം ഒരു ബൂസ്‌റ്റർ ഡോസ് വിഷം ഏറ്റാലും കുതിരയ്‌ക്കു തീരെ അപകടമുണ്ടാകാത്ത അവസ്‌ഥയിലെത്തുമ്പോൾ കുതിരയുടെ രക്‌തം ശേഖരിച്ച് അതിൽനിന്നു പ്രതിവിഷം അടങ്ങിയ സിറം വേർതിരിച്ചെടുക്കുന്നു. ഈ സിറമാണ് ആന്റിവെനം. 1904ൽ ആണ് ആദ്യമായി ആന്റിവെനം നിർമിക്കപ്പെട്ടത്. 1940 വരെ അണലിയുടെയും മൂർഖന്റെയും വിഷത്തിനു മാത്രമേ പ്രതിവിഷം ലഭ്യമായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ കൂടുതൽ ഫലപ്രദമായ, പ്രധാനപ്പെട്ട വിഷപ്പാമ്പുകളുടെയെല്ലാം വിഷത്തിനെതിരായ ‘പോളിവാലന്റ്’ ലഭ്യമാണ്. മുംബൈയിലെ ഹോഫ്‌കിൻസ് ഇൻസ്‌റ്റിറ്റ്യൂട്ട്, പുണെയിലെ സിറം ഇൻസ്‌റ്റിറ്റ്യൂട്ട്, ചെന്നൈയിലെ കിങ്‌സ് ഇൻസ്‌റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ ഈ ആന്റിവെനം നിർമിക്കുന്നു. പാമ്പുവിഷം ശേഖരിക്കുന്നതിനു പാമ്പുകളെ കൊല്ലേണ്ടതില്ല. ബലൂണിന്റേതുപോലെയുള്ള ഒരു നേർത്ത റബർഷീറ്റ് വാവട്ടം കെട്ടിയ ഗ്ലാസിൽ പാമ്പിനെക്കൊണ്ടു കടിപ്പിക്കും. അപ്പോൾ വിഷം ഗ്ലാസിന്റെ ഭിത്തിയിലൂടെ ഉള്ളിലേക്ക് ഒഴുകും. ആന്റിവെനം മാത്രമല്ല, മറ്റു പല ഔഷധ നിർമാണത്തിനും പാമ്പിൻവിഷം ഉപയോഗിക്കുന്നുണ്ട്.

∙ വിശ്വാസവും അന്ധവിശ്വാസവും

Image Credit: Shutterstock

പാമ്പുകളെക്കുറിച്ചുള്ള അന്ധവിശ്വാസങ്ങൾക്ക് കയ്യും കണക്കുമില്ല. അഞ്ചും ആറും ആയിരവും തലയുള്ള പാമ്പുകൾ പുരാണങ്ങളിലും മറ്റു കഥകളിലും മാത്രമേയുള്ളൂ. സർപ്പത്തിനു വെള്ളി നിറമാണ്. തലയിൽ മാണിക്യമുണ്ടാകും. സർപ്പദംശനത്തിനു മറുമരുന്നില്ല. മരണം നിശ്‌ചയം. ഇങ്ങനെ പോകുന്നു ചില പ്രചാരണങ്ങൾ. യഥാർഥത്തിൽ സർപ്പം എന്നതു പാമ്പിന്റെ ഒരു പര്യായപദം മാത്രമാണ്. മാണിക്യവുമായി നടക്കുന്ന സർപ്പങ്ങളും മാണിക്യത്തിനു കാവലിരിക്കുന്ന സർപ്പങ്ങളും കഥകളിൽ മാത്രമേയുള്ളൂ. ചേരയുമായാണ് മൂർഖൻ ഇണചേരുന്നത് എന്നൊരു പ്രചാരണവും അടിസ്‌ഥാനരഹിതമാണ്. ഓരോ പാമ്പും അതതു ജാതിയിലുള്ളവയുമായി മാത്രമേ ഇണചേരുകയുള്ളൂ. സർപ്പകോപമുണ്ടായാൽ കുഷ്‌ഠരോഗം, വന്ധ്യത എന്നിവയുണ്ടാകമെന്ന് വിശ്വാസമുണ്ട്. ദൈവങ്ങളായി കരുതുന്നതുകൊണ്ട് മരണപ്പെട്ട പാമ്പിനെ ആചാരപ്രകാരം സംസ്‌കരിക്കണമെന്നാണു വിശ്വാസം. അതിനാൽ തല്ലിക്കൊന്ന പാമ്പിനെ ചിലർ ആചാരപ്രകാരം തീയിലിട്ടു സംസ്‌കരിക്കുന്നു.

∙ കടിച്ച പാമ്പ് വിളിച്ചാൽ വരില്ല

പാമ്പു ചുറ്റിയാലും വിഷബാധയുണ്ടാകുമെന്നും കടിച്ച പാമ്പിനെക്കൊണ്ട് വിഷമിറക്കാമെന്നും മന്ത്രം ചൊല്ലി വിഷമിറക്കാമെന്നും കരുതുന്നവർ ഇന്നുമുണ്ട്. മന്ത്രവാദം നടത്തി ജീവിക്കുന്നവരും മറ്റും ഈ വിശ്വാസങ്ങളെ ചൂഷണം ചെയ്യുന്നു. ലോകത്തെ ഒരു പാമ്പിനും ഒരിക്കൽ കടിച്ച വിഷം തിരിച്ചെടുക്കാൻ കഴിയുകയില്ല. അതിനു വിളിച്ചാലൊട്ടു പാമ്പ് വരുകയുമില്ല. കടിച്ച പാമ്പിനെ തിരിച്ചുകടിച്ചാൽ വിഷബാധയുണ്ടാകില്ല എന്നതും അന്ധവിശ്വാസം. തിരിച്ചുകടിക്കാൻ ചെന്നാൽ വീണ്ടും കടി കിട്ടാൻ സാധ്യതയുണ്ട് എന്നു മാത്രം. പാമ്പ് പകയോടെ വന്നു കടിച്ചു കൊല്ലുമെന്ന വിശ്വാസത്തിനു ശാസ്ത്രീയ അടിത്തറയില്ല. പാമ്പിന്റെ തലച്ചോറിലെ ഓർമയുടെ ഭാഗങ്ങൾക്കു വേണ്ടത്ര വികാസമില്ല.പാമ്പിന്റെ മുറിഞ്ഞ പത്തി പറന്നു കടിക്കുമെന്ന അന്ധവിശ്വാസമുണ്ട്. പക്ഷേ, തലയുടെ മുറിഞ്ഞ ഭാഗം ജീവൻ നഷ്ടപ്പെടും മുൻപു കൈകൊണ്ട് എടുക്കാൻ ശ്രമിക്കരുത്. കടിയേറ്റാൽ വിഷബാധയുണ്ടാവും. വാലിൽ വിഷമുള്ള പാമ്പുണ്ടെന്ന പ്രചാരണം വിശ്വസിക്കേണ്ടതില്ല, അത്തരം ഒന്നിനെ ഇതുവരെ കണ്ടെത്തിയിട്ടില്ല.

∙ പാമ്പിൻ വിഷവും കടത്തും

Image Credit: Shutterstock

കേരളത്തിലും പാമ്പിൻ വിഷം കടത്ത് വ്യാപകമാണ്. സൗന്ദര്യവർദ്ധക വസ്‌തുക്കൾ മുതൽ ജീവൻ രക്ഷാ മരുന്നുകളിലേക്കു വരെ നീളുന്ന ഈ ഉഗ്രവിഷത്തിന്റെ ഔഷധ വഴികൾ. പ്രായത്തിന്റെ ചുളിവുകളും പേശികൾ ചുരുങ്ങുന്നത് തടയാനും പാമ്പിൻ വിഷത്തിനു കഴിയുമെന്നും പ്രചാരമുണ്ട്. അമിത രക്‌തസമ്മർദം തടയാനുള്ള മരുന്നിൽ പാമ്പിൻവിഷം പ്രധാന ചേരുവയാണ്. ഹൃദ്രോഗചികിത്സയിലും ചിലതരം കാൻസർ ട്യൂമറുകൾ ഇല്ലാതാക്കാനും പോളിയോയ്‌ക്കും പാമ്പിൻവിഷം മരുന്നാണ്. ബോധം കെടുത്താനുള്ള അനസ്‌ത്തറ്റിക് മരുന്നുകളിലും ഇവ ഉപയോഗിക്കുന്നു. രക്‌തം കട്ടിയാകുന്നത് തടയാൻ പാമ്പിൻവിഷത്തിന് കഴിയും. ഈ സാധ്യത ഉപയോഗിച്ച് ചിലതരം ഹൃദ് രോഗങ്ങളും പക്ഷാഘാതവും ചികിത്സിക്കുന്നു. അണലിയുടെ വിഷമാണ് ഇതിന് കൂടുതലായി ഉപയോഗിക്കുന്നത്.  മൂർഖന്റെ വിഷം കാൻസർ ചികിത്സയ്‌ക്കും വേദനസംഹാരികളിലുമാണ് ഉപയോഗിക്കുക.

∙ ഉണക്കിപ്പൊടിച്ച പാമ്പിൻ വിഷം

ഉണക്കി പൊടിയാക്കിയ പാമ്പിൻവിഷത്തിന് ഗ്രാമിനാണ് വില. അണലിയുടെ വിഷത്തിന് ഒരുഗ്രാമിന് 2500 അമേരിക്കൻ ഡോളറാണു (ഒരു ലക്ഷം രൂപയോളം) വില.100 ഡോളറിന്റെ  കുറഞ്ഞ വിഷവും ലഭ്യം. അണലിവിഷത്തിനാണ് പൊതുവെ വിലക്കൂടുതൽ. ഇത് അധികൃത വിപണിയിലെ വിലയാണ്. ഇന്റർനെറ്റിലൂടെയും മറ്റും ഈ വിൽപ്പന വ്യാപകമായി നടക്കുന്നു. ഒരു കോടിയോളം രൂപ മോഹവില വരുന്ന ഒരു ലീറ്റർ പാമ്പിൻ വിഷവുമായി നാലു പേരെ വനംവകുപ്പ് ഇന്റലിജൻസ് വിഭാഗം സംസ്ഥാനത്ത് പിടികൂടിയത് 2013 ജൂണിൽ. ഫ്ലാസ്‌കിൽ സൂക്ഷിച്ച നിലയിലായിരുന്നു പാമ്പിൻവിഷം. വാനും ബൈക്കും ഇവരിൽനിന്നു പിടിച്ചെടുത്തു. സംഘത്തിലെ പ്രധാനികളായ മൂന്നു പേരെക്കൂടി പിടികൂടാനുണ്ട്. ഒരു പാമ്പിൽനിന്നു ഒരുവട്ടം പരമാവധി രണ്ടു മില്ലിഗ്രാം മാത്രമേ വിഷം ലഭിക്കാറുള്ളൂവത്രെ. ഇത്രയേറെ വിഷം ലഭിക്കണമെങ്കിൽ കുറഞ്ഞതു 250 പാമ്പുകളെയെങ്കിലും ഉപയോഗിക്കേണ്ടി വരുമെന്നാണു വനം അധികൃതർ പറയുന്നത്. 

∙ മരുന്നിന്റെ പേരിൽ ലഹരിക്ക്

പ്രതിമരുന്നിന്റെ പേരിൽ ലഹരിമരുന്നു നിർമിക്കാനാണു പാമ്പിൻവിഷം കൂടുതലായും ശേഖരിക്കുന്നത്. തമിഴ്‌നാട്ടിലും ആന്ധ്രയിലും കർണാടകയിലും വീടുകളിൽ പാമ്പിനെ വളർത്തി വിഷം എടുക്കുന്ന സമ്പ്രദായമുണ്ട്. ഇതിനായി പ്രത്യേക പരിശീലനം ലഭിച്ചവരുണ്ട.് പാമ്പിൻവിഷംകടത്തിനെ ലഹരിമരുന്നുകേസിൽ ഉൾപ്പെടുത്തിയിട്ടില്ല. വിഷവുമായി പിടിയിലായാൽ വന്യജീവി സംരക്ഷണനിയമപ്രകാരമാണ് ഇപ്പോഴും കേസെടുക്കുന്നത്. പരമാവധി ഏഴു വർഷം തടവും, 25,000 രൂപയുമാണു നിയമത്തിൽ വ്യവസ്‌ഥ ചെയ്‌തിരിക്കുന്നതെന്നതും വിഷക്കടത്തുകാർക്കു പിടിവള്ളിയാകുന്നു. 

∙ മൂർഖൻ വിഷത്തിനു ഡിമാൻഡ്

Image Credit: Shutterstock

പാമ്പിൻ വിഷക്കടത്തുകാർക്കു പ്രിയപ്പെട്ട പാമ്പ് മൂർഖനാണ്. വിഷം കൂടുതൽ ലഭിക്കുന്നതു ശംഖുവരയനിൽ നിന്നും. മൂർഖന്റെ വിഷത്തിനാണു വിദേശ വിപണിയിൽ ഡിമാൻഡു കൂടുതൽ. മൂർഖൻ, അണലി എന്നിവയിൽ നിന്നും കൂടുതൽ അളവിൽ വിഷം കിട്ടും. അണലി വിഷത്തിനു ലഹരി കുറയുമത്രെ. പാമ്പിൻ വിഷം മൈനസ് നാലു ഡിഗ്രിയിൽ താഴെ സൂക്ഷിച്ചില്ലെങ്കിൽ അതിനു ഫലമുണ്ടാകില്ലെന്നാണു ശാസ്‌ത്രീയ വിശദീകരണം. പാമ്പിനെ നാവിൽ കൊത്തി ലഹരി ‘പിടിപ്പിക്കുന്ന’ സംഘങ്ങളും ഉണ്ട്. 

∙ പാമ്പിന്റെ ചൂട്

25–30 ഡിഗ്രി സെൽഷ്യസാണ് പാമ്പിന്റെ ശരീരഊഷ്മാവ്. ഇവയ്ക്ക് ശീതരക്തമാണുള്ളത്. 

∙ പാമ്പൻ പാലം പോലെ പെരുമ്പാമ്പ്

Image Credit: Shutterstock

മണ്ണിര വലിപ്പമുള്ള കുരുടിപ്പാമ്പു മുതൽ മുതൽ 32 അടി വരെ നീളമുള്ള പാമ്പുകളുണ്ട്. അനക്കോണ്ടയ്ക്കും പെരുമ്പാമ്പിനാണ് കൂടുതൽ നീളം. തെക്കു കിഴക്കൻ ഏഷ്യയിലാണ് സാധാരണയായി പെരുമ്പാമ്പിനെ കണ്ടു വരുന്നത്. തെക്കൻ അമേരിക്കയിൽ കാണപ്പെടുന്ന അനക്കോണ്ടയാണ് ഏറ്റവും ഭാരവും വലിപ്പവുമുള്ള പാമ്പ്. 

∙ പടം പൊഴിക്കൽ

മണ്ണിലൂടെ ഇഴ‍്ഞു സഞ്ചരിക്കുന്ന ജീവിയായതിനാൽ ക്ഷയോൻമുഖമാകുന്ന ചർമത്തെ പുതുമയുള്ളതാക്കുന്നതിനും ശരീരത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന മാലിന്യങ്ങളെയും പരാന്നഭോജികളെയും ഇല്ലാതാക്കുന്നതിനുമാണ് പാമ്പുകൾ ‘പടം’ അഥവാ ‘അള’ ഊരാറുള്ളത്. വർഷത്തിൽ 3 മുതൽ 6 പ്രാവശ്യമെങ്കിലും പടം പൊഴിക്കും. പടം പൊഴിക്കുന്നതിനു മുൻപ് ഭക്ഷണം ഒഴിവാക്കുകയും സുരക്ഷിതമായ സ്ഥലത്തേക്കു മാറുകയും ചെയ്യും. ജനിച്ച് 50–60 ദിവസത്തിനുള്ളിൽ തന്നെ ആദ്യത്തെ ചർമം ഉരിയാറുണ്ട്. 

∙ കാഴ്ചയും ശ്രവണവും

പാമ്പിന് കൺപോളകളില്ലാത്തതിനാൽ നേരിയ ചർമം കൊണ്ടു മൂടി കണ്ണുകളെ സംരക്ഷിച്ചിരിക്കന്നു. പൊതുവേ കാഴ്ചശേഷി കുറവാണ്. ശ്രിവണ ശക്തിയില്ലാതെ ഭൂമിയെ സ്പർശിച്ചു സഞ്ചരിക്കുമ്പോൾ അനുഭവേദ്യമായ ശബ്ദതരംഗങ്ങളിലൂടെ ഇതിന്റെ കുറവ് പരിഹരിക്കുകയാണ് ചെയ്യുന്നത്. രണ്ടായി പിളർന്നിരിക്കുന്ന പാമ്പിൻ നാവ് ആവശ്യമായ സന്ദർഭങ്ങളിൽ പുറത്തേക്കു നീട്ടി ഗന്ധമെടുത്ത്, കാഴ്ചയില്ലായ്മയുടെയും ശ്രവണമില്ലായ്മയുടെയും കുറവു പരിഹരിക്കുന്നു. 

∙ വനത്തിനു പുറത്ത് പാമ്പുകടിയേറ്റാൽ 2 ലക്ഷം നഷ്ടപരിഹാരം

Image Credit: Shutterstock

വനത്തിന് പുറത്ത് പാമ്പു കടി‍യേറ്റുള്ള മരണം സംഭവിച്ചാൽ ആശ്രിതർക്ക് 2 ലക്ഷം രൂപ നഷ്ടപരിഹാരമായി ലഭിക്കും. ഇതിനായുള്ള അപേക്ഷകൾ ഓൺലൈൻ വഴിയാണ് വനം വകുപ്പിന് സമർപ്പിക്കേണ്ടത്. ഇ–ഡിസ്ട്രിക്ട് സൈ‍റ്റിലൂടെയോ, അക്ഷയ കേന്ദ്രങ്ങൾ, വനംവകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.forest.kerrala.gov.in, https://edistrict.kerala.gov.in എന്നിവ മുഖേനയോ അപേക്ഷ നൽകാം. ജീവഹാനി സംഭവിച്ചാൽ ഒരു വർഷത്തി‍നകവും മറ്റു നഷ്ടങ്ങൾക്ക് 6 മാസത്തിനകവും ബന്ധപ്പെട്ട രേഖകൾ സഹിതം അതത് റേഞ്ച് ഓഫിസർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 

∙ ‘പാമ്പ് സംഘങ്ങൾ’ നിരീക്ഷണത്തിൽ

Image Credit: Shutterstock

പാമ്പുകളെ അനധികൃതമായി പിടികൂടി രഹസ്യമായി കൈവശം വച്ച് വിൽ‍പന നടത്തുന്ന സംസ്ഥാനത്തെ സംഘങ്ങൾ വനം വകുപ്പ് നിരീക്ഷണത്തിൽ.  കുറ്റകൃത്യങ്ങൾക്കു വേണ്ടിയാണോ ഇവയെ പിടികൂടി വളർത്തുന്ന‍തെന്ന വിവരങ്ങളെ തുടർന്ന് വനം വകുപ്പ് ഇന്റലിജൻസ് അന്വേഷണം തുടങ്ങി.  ഒരു പ്രത്യേക ഇനത്തിൽ‍പ്പെട്ട പാമ്പിനെ പിടികൂടി ഭക്ഷണ‍മാക്കുന്ന സംഘങ്ങളെക്കുറിച്ചും വനം വകുപ്പിന് സൂചന ലഭിച്ചു.  ഉ‍ത്ര വധക്കേസിന്റെ പശ്ചാത്തലത്തിൽ അന്വേഷണം വ്യാപകമാക്കാനും, പാമ്പിനെ പിടികൂടുന്ന സംഘങ്ങളെ നിരീക്ഷിച്ച് വനം വന്യജീവി നിയമപ്രകാരം കർശന നടപടിയെടുക്കാനും ഫ്ലൈയി‍ങ് സ്ക്വാഡ് ഡിഎഫ്ഒമാർക്ക് നിർദേശം കൈമാറി. 

∙ പാമ്പിനെ പിടിക്കാൻ വനം വകുപ്പിന്റെ ലൈസൻസ് വേണം. 

പാമ്പിനെ കണ്ടോളൂ, പക്ഷേ പാമ്പിനെ പിടിച്ചാൽ അകത്താകും. പാമ്പു പിടിക്കാൻ വനം വകുപ്പിന്റെ ലൈസൻസ് വേണം. പാമ്പു പിടിത്തത്തിൽ മുൻ പരിചയമുള്ള, 65 വയസ്സിൽ താഴെയുള്ളവർക്കു മാത്രമാണ് വനം വകുപ്പ് ലൈസൻസ് നൽകുക. പ്രവൃത്തിയിലുള്ള വൈദഗ്ധ്യം, മുൻപരിചയം, പ്രായം, ആരോഗ്യ സ്ഥിതി, സ്വഭാവം, ലഹരി ഉപയോഗമോ പരാതികളോ ആക്ഷേപങ്ങളോ ഉണ്ടോ എന്നതും പരിഗണിക്കും. 5 വർഷത്തേക്കാണു ലൈസൻസ്.  വനം വകുപ്പിന്റെ അംഗീകാരമില്ലാതെ പാമ്പു പിടിച്ചാൽ വന്യജീവി സംരക്ഷണ നിയമ പ്രകാരം ‘അകത്താകും’. 3 മുതൽ 7 വർഷം വരെ തടവും പിഴയും. വനം വകുപ്പിന്റെ പരിശീലനം ലഭിക്കുന്നവരുടെ സേവനം പൂർണമായും സന്നദ്ധ പ്രവർത്തനമായി മാത്രമേ പരിഗണിക്കൂ.  സംസ്ഥാനത്ത് പാമ്പുകളെ പിടികൂടി ദുരുപയോഗം ചെയ്യുന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് വനം വകുപ്പ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. 

    ∙ ‘സർപ്പ’ മൊബൈൽ ആപ് 

പാമ്പുകളുടെ സംരക്ഷണവും ബോധവൽ‍ക്കരവണവും ലക്ഷ്യമിട്ട് വനം വകുപ്പ് രൂപം നൽകിയ സർപ്പ ആപ്പ്(SARPA)സൂപ്പർഹിറ്റ്. സ്‍മേക് അവ‍യർനസ് റെസ്ക്യു ആൻഡ് പ്രൊട്ട‍ക‍ഷൻ ആപ് എന്ന ആപ്പ് പ്ലേ സ്റ്റോറിൽ നിന്നു ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.  വീടിനുള്ളിലോ പരിസരത്തോ അപകടകരമായി ഒരു പാമ്പിനെ കണ്ടെത്തിയാൽ ജനങ്ങൾക്ക് സർപ്പ ആപ് മുഖേന അതു റിപ്പോർട്ട് ചെയ്യാം. പാമ്പു പിടിക്കുന്നതിൽ വനം വകുപ്പിന്റെ വിദഗ്ധ പരിശീലനം ലഭിച്ചവർ ഉടൻ സ്ഥലത്തെത്തി പാമ്പുകളെ പിടികൂടി സുരക്ഷിതമായ സ്ഥലത്ത് തുറന്നു വിടും. മൊബൈൽ ഫോണിൽ ലൊക്കേഷൻ ഓണാ‍ക്കിയ ശേഷം പാമ്പിന്റെ ചിത്രം എടുത്ത് അപ് ലോഡ് ചെയ്താൽ മതി.  ചിത്രത്തിൽ പാമ്പ് ഉണ്ടാകണം എന്നു നിർബന്ധമില്ല.  

വനം വകുപ്പിന്റെ ലൈസൻസ് ഉള്ളവർക്കു മാത്രമാണ് പാമ്പു പിടിക്കാൻ അനുവദിക്കുക. പാമ്പു പിടിത്തത്തിൽ 1248 പേർക്കാണ് ഇതു വരെ വനം വകുപ്പ് പരിശീലനം നൽകിയത്. ഇതു വരെ 13,635 പാമ്പുകളെ ജനവാസമേഖലയിൽ നിന്നു പിടികൂടി വനമേഖലയിൽ തുറന്നു വിട്ടതായി അരിപ്പ ഫോറസ്റ്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഡപ്യൂട്ടി ഡയറക്ടർ വൈ. മുഹമ്മദ് അൻവർ പറഞ്ഞു.

∙ ഡീപ് ഫ്രൈഡ് സ്നേക്, സ്നേക് ബേക്ക്ഡ്...ഗ്രിൽഡ്

Image Credit: Shutterstock

വിയറ്റ്നാമിലെ ഹാനോയി എന്ന സ്ഥലം പാമ്പു വിഭവങ്ങൾക്കു പേരു കേട്ടതാണ്. ഹാനോയിലെ എല്ലാ ഭക്ഷണശാലകളിലും പാമ്പുകളെ പാകം ചെയ്തു വിളമ്പുന്നുണ്ട്. കഴിക്കാനുള്ള പാമ്പിനെ ഹോട്ടലിലെത്തുന്നവർക്ക് തിരഞ്ഞെടുക്കും. ഒരെണ്ണത്തിനു വില 1800 രൂപ. സ്നേക് ത്രോസ്, ഡീപ് ഫ്രൈഡ് സ്നേക്, സ്നേക് ബേക്ക്ഡ്, സ്നേക് ഗ്രിൽഡ് തുടങ്ങിയവയാണ് വിഭവങ്ങൾ. 

∙ നാഗമാണിക്യം

പുരാണങ്ങളിൽ പരാമർശിച്ചിട്ടുള്ള വിശിഷ്ട രത്നമാണ് നാഗമണിക്യം. നാഗമണി, നാഗരത്നം, നാഗറൂബി എന്നിങ്ങനെയും പേരുകളുണ്ട്. എന്നാൽ കൽപിത വസ്തുവായാണ് ഇതിനെ കണക്കാക്കുന്നത്. ഇതിന്റെ പേരിൽ തട്ടിപ്പുകളും വ്യാപകമാണ്. നാഗമാണിക്യത്തെക്കുറിച്ച് ഒട്ടേറെ കഥകളും പ്രചാരത്തിലുണ്ട്. 

∙ പാമ്പുകടിയേറ്റാൽ എന്തു ചെയ്യണം

Image Credit: Shutterstock

പാമ്പുകടിയേറ്റ വിവരം കൃത്യമായി തിരിച്ചറിഞ്ഞ് ഒട്ടും സമയം നഷ്ടപ്പെടാതെ ആശുപത്രികളിൽ എത്തിയാൽ രക്ഷപ്പെടുത്താൻ കഴിയുമെന്ന് ഉറപ്പ്. പാമ്പിൻ വിഷം ശരീരത്തിൽ കടന്നാൽ പ്രഥമ ശുശ്രൂഷ അനിവാര്യം. അപകടകരമായ രീതിയിൽ വിഷം വ്യാപിച്ചു ശ്വാസതടസ്സമുണ്ടാവുന്നതു തടയാൻ ആദ്യ ശുശ്രൂഷയിലൂടെ കഴിയും.

∙ശ്രദ്ധിക്കേണ്ടത്:

പാമ്പു കടിയേറ്റയാൾക്കു ധൈര്യം പകർന്നു രക്തസമ്മർദം വർധിക്കാതെ നോക്കണം.

കടിയേറ്റതു കയ്യിലോ കാലിലോ ആണെങ്കിൽ ആ ഭാഗം താഴ്ത്തിവയ്ക്കണം.

നടക്കാനോ ശരീരം ഇളകാനോ പാടില്ല.

മദ്യം നൽകരുത്. ലഘുഭക്ഷണവും വെള്ളവും കുടിക്കാം.

മുറുക്കിക്കെട്ടുകയോ മുറിവു കത്തികൊണ്ടു കീറുകയോ രക്തം ചോർത്തിക്കളയുകയോ ചെയ്യരുതെന്നാണ് ആധുനിക വൈദ്യശാസ്ത്രം നിർദേശിക്കുന്നത്.

മുറിവിൽ അധികം മുറുക്കാതെ ബാൻഡേജ് കെട്ടാം.

പ്രഥമ ശുശ്രൂഷകൾ ചെയ്ത ശേഷം കടിയേറ്റയാളെ വിദഗ്ധ ചികിത്സ നൽകാൻ ആന്റിവെനം ലഭ്യമായ ആശുപത്രികളിലേക്കു മാറ്റണം.

പാമ്പിൻ വിഷ ചികിത്സയ്ക്കു, കടിച്ച പാമ്പിന്റെ ഇനം അറിയാൻ കഴിയുന്നതു ചികിത്സ വേഗത്തിലാക്കാൻ സഹായകരമാവും. എന്നാലും കടിച്ച പാമ്പിനെ തിരഞ്ഞു പിടിക്കാൻ ശ്രമിച്ച് ആളെ ആശുപത്രിയിലെത്തിക്കാൻ സമയം കളയരുത്.

 

Image Credit: Shutterstock

∙പാമ്പുകടിയേറ്റുള്ള മരണങ്ങൾ കുറയുന്നു

കേരളത്തിൽ പാമ്പുകടിയേറ്റുള്ള മരണങ്ങൾ ഗണ്യമായി കുറയുന്നതായി വനം വകുപ്പ് റിപ്പോർട്ട്.  കാലാവസ്ഥ വ്യതിയാനവും സുരക്ഷിതമായ താവ‍ളങ്ങളുടെ ലഭ്യതയും പാ‍മ്പിൻ കുഞ്ഞുങ്ങളെ ജനവാസമേഖലയിലേക്ക് ആകർഷിക്കാൻ സാധ്യതയുണ്ടെന്നും അവയെക്കുറിച്ചുള്ള കൃത്യമായ അവബോധവും  സുരക്ഷാ മുൻകരുതലുകളും പാമ്പുകൾ മൂലമുണ്ടാകുന്ന അപകട‍ങ്ങൾ ഒഴിവാക്കുന്നതിന് അനിവാര്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.  2017 മുതൽ 19 വരെ 334 പേരാണ് സംസ്ഥാനത്ത് പാമ്പിന്റെ കടിയേറ്റു മരിച്ചത്. 20 ൽ ഇത് 76 ആയും, കഴിഞ്ഞ വർഷം 40 ആയും കുറഞ്ഞു. ഈ വർഷം ഇതു വരെ 20 മരണങ്ങളാണ് റിപ്പോ‍ർട്ടു ചെയ്തത്. ഈ മാസം 3 പേർ പാമ്പുകടിയേറ്റു മരിച്ചു.മാർച്ച്, ഏപ്രിൽ മാസത്തിലാണ് പാമ്പിൻ‍കുഞ്ഞുങ്ങൾ ജനിക്കുന്നത്. എന്നാൽ, ഇത്തവണ മഴക്കാലം നേരത്തെ തുടങ്ങിയതിനാൽ മാ‍ളങ്ങളിൽ വെള്ളം കയറുന്ന സാഹചര്യമാണ്.  ഇക്കാരണത്താൽ ജനവാസമേഖലയിലേക്ക് പാ‍മ്പിൻ‍കുഞ്ഞുങ്ങൾ കൂടുതലായി എത്തിയിട്ടു‍ണ്ടാകാൻ സാധ്യതയുണ്ടെന്നും വനം വകുപ്പ് റിപ്പോർട്ടിൽ പറയുന്നു.  ലോക്ഡൗൺ കാലയളവിൽ ആളൊഴിഞ്ഞ പറമ്പു‍കളിലെ മാ‍ളങ്ങളിൽ പാമ്പുകൾ താമസ‍മാക്കിയതും എണ്ണം വർധിക്കാൻ കാരണമായി. 

Image Credit: Shutterstock

∙ മൂർഖനും അണലിയും ‘വില്ലൻമാർ’

 പാലക്കാട്, തൃശൂർ ജില്ലകളിലാണ് കൂടുതൽ പേർക്കു പാമ്പു കടി‍യേൽക്കുന്നത്. മൂർഖൻ, അണലി(ചേനത്തണ്ടൻ)എന്നിവയുടെ കടി‍യേറ്റാണ് കൂടുതൽ മരണങ്ങൾ.  ഒരു വർഷം ശരാശരി  3,200 പേർ പാമ്പു കടിയേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നു. രക്തത്തിൽ കലർന്ന പാമ്പി‍ൻ വി‍ഷത്തെ നിർവീര്യമാക്കാനു‍ള്ള ആന്റി വെ‍ന‍ം ഉപയോഗിച്ചുള്ള ആധുനിക ചികിത്സാ സൗകര്യങ്ങളുള്ള ആശുപത്രിയിൽ, കടിയേറ്റ‍യാളെ എത്രയും വേഗം എത്തിച്ച് വിദഗ്ധ ചികിത്സ നൽകിയാൽ അപകടം കൂടാതെ ജീവൻ രക്ഷിക്കാനാ‍കുമെന്നു വനം വകുപ്പ് ചൂണ്ടിക്കാട്ടുന്നു. സന്ധ്യാ സമയങ്ങളിലാണ് കൂടുതൽ‍പേർക്കും കടി‍യേൽക്കുന്നത്. വിറക് അടു‍ക്കുന്നവർ, കാടു‍വെട്ടുന്ന ജോലിയിൽ ഏർപ്പെടുന്നവർ എന്നിവരാണ് പാമ്പുകടിയേൽക്കു‍ന്നവരിൽ കൂടുതലും.

English Summary: World Snake Day 2022: Different types of snakes