അമിത വേഗത്തിൽ വന്ന ബൈക്ക്, ഒരു ഓട്ടോയെയും സ്ത്രീ ഓടിക്കുന്ന സ്കൂട്ടറിനെയും ഒരേസമയം മറികടക്കുമ്പോൾ "എസ്" കട്ടടിക്കാനുള്ള (S ആകൃതിയിൽ വാഹനമോടിക്കുന്ന രീതി) ശ്രമത്തിനിടെ അപകടം. തിരുവനന്തപുരം കഴക്കൂട്ടത്ത് ദേശീയപാതയിൽ അധികം തിരക്കില്ലാത്ത സമയത്ത്, റോഡിലെ തിരക്കുകുറഞ്ഞ ഭാഗത്ത് ഒരു ദിവസം രാവിലെ നടന്ന ഒരപകടമാണ് വിഡിയോയിലുള്ളത്. ഒരു അപകടം എങ്ങനെയാണ് ക്ഷണിച്ചു വരുത്തുന്നത് എന്നതിന് ഉത്തമോദാഹരണവുമാണീ സംഭവം. പിന്നിൽ വന്ന വാഹനത്തിന്റെ ക്യാമറയിലാണ് അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്.

ഓട്ടോയുടെ വലതു ഭാഗത്തു കൂടിയും സ്കൂട്ടറിന്റെ ഇടതുഭാഗത്തു കൂടിയും വേഗത്തിൽ മറികടക്കാൻ ശ്രമിക്കുമ്പോൾ ഓട്ടോയിൽ തട്ടിയ ബൈക്ക് മറുവശത്ത് കൂടി പോയ സ്കൂട്ടറിനെ കൂടി ഇടിച്ചുതെറിപ്പിച്ചു. ഹെൽമറ്റ് ധരിച്ചതിനാലും റോഡിൽ വാഹനങ്ങൾ കുറവായതിനാലും ഗുരുതരമായ പരിക്കുകൾ ഇരുവർക്കുമില്ലെന്നാണ് വിഡിയോ ദൃശ്യങ്ങളിൽ നിന്നു വ്യക്തമാകുന്നത്. എന്നാൽ അപകടം സാരമായി ബാധിച്ചത് സ്കൂട്ടർ ഓടിച്ച സ്ത്രീയെയാണെന്നതും വ്യക്തമാണ്.

റോഡിലെ നമ്മുടെ ചെറിയ അശ്രദ്ധ ബുദ്ധിമുട്ടുണ്ടാക്കുന്നത് മറ്റൊരാൾക്കായിരിക്കും. ചില സമയങ്ങളിൽ മറ്റുള്ളവരുടെ ജീവനുവരെ ഇത്തരം അപകടങ്ങൾ ഭീഷണിയാണ്.

അമിതവേഗം അരുത്

അമിതവേഗം കൊണ്ട് നിരവധി അപകടങ്ങളാണ് സംഭവിക്കുന്നത്. 'വാഹനം പൂര്‍ണമായും തന്റെ നിയന്ത്രണത്തിലാണ്, എത്ര വേഗത്തിലും നിയന്ത്രിക്കാനാകും' എന്ന അമിത ആത്മവിശ്വാസമാണ് പലപ്പോഴും അപകടങ്ങള്‍ക്കു കാരണം. അല്‍പമൊന്നു ശ്രദ്ധിച്ചാല്‍ അപകടം ഒരു പരിധി വരെ കുറയ്ക്കാനാവും. ശ്രദ്ധ മരിക്കുന്നിടത്ത് അപകടം ജനിക്കുന്നു എന്നാണല്ലോ പറയാറ്. മുന്നില്‍ പോകുന്ന വാഹനം സഡന്‍ ബ്രേക്കിട്ടാലും അപകടമുണ്ടാകാത്ത ദൂരത്തില്‍ വേണം എപ്പോഴും സഞ്ചരിക്കാന്‍.

ശ്രദ്ധയോടെ ഓവര്‍ടേക്കിങ്

വളരെയധികം ശ്രദ്ധ വേണ്ട കാര്യമാണ് ഓവര്‍ടേക്കിങ്. മുന്നിലെ വാഹനത്തിന് ഒരു തരത്തിലും അസൗകര്യമുണ്ടാക്കാത്ത തരത്തിലായിരിക്കണം ഓവര്‍ടേക്കിങ്. എതിര്‍ദിശയില്‍നിന്നു വരുന്ന വാഹനത്തെ വ്യക്തമായി കാണാന്‍ സാധിക്കാത്ത സന്ദര്‍ഭങ്ങളില്‍ ഓവര്‍ടേക്ക് ചെയ്യരുത്. വളവുകളിലും റോഡ് കാണാന്‍ പറ്റാത്ത അവസ്ഥകളിലും ഓവര്‍ടേക്കിങ് പാടില്ല. സുരക്ഷിതമായി ഓവര്‍ടേക്കു ചെയ്യാന്‍ സാധിക്കുന്നവിധം റോഡ് കാണാന്‍ പറ്റുമെന്ന് ഉറപ്പുവരുത്തിയിട്ടാകണം ഓവര്‍ടേക്കിങ്. കൂടാതെ പിന്നില്‍നിന്നു വാഹനങ്ങള്‍ തന്നെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. വാഹനത്തിന്റെ വലതുവശത്തുകൂടി മാത്രമേ ഓവര്‍ടേക്ക് ചെയ്യാവൂ.