നെടുമ്പാശേരി∙ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വിമാനം ടാക്സിവേയിൽനിന്നു തെന്നിമാറിയതും കാനയിൽ കുടുങ്ങി നിരവധി യാത്രക്കാർക്ക് പരുക്കേറ്റതും ആരും മറക്കാൻ സാധ്യതയില്ല, ശക്തമായ മഴയും കാറ്റുമാണ് അപകടത്തിനു കാരണമെന്ന നിഗമനമായിരുന്നു ആദ്യം. എന്നാൽ ഇപ്പോൾ യഥാർഥ പ്രതിയെ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നു. സഹപൈലറ്റിനോട് പ്രധാന പൈലറ്റിനുതോന്നിയ ഈഗോയാണ് പ്രധാന കാരണമെന്ന കണ്ടെത്തലിലാണ് അധികൃതർ.

അപകട സാധ്യത മുന്നറിയിപ്പ് സഹപൈലറ്റ് നൽകിയെങ്കിലും ജൂനിയറായ വനിതാ പൈലറ്റിന്റെ നിർദ്ദേശം കേൾക്കാൻ പ്രധാന പൈലറ്റ് തയ്യാറായില്ലത്രെ‌. പൈലറ്റ് ഗുരീന്ദർ സിങ്, കോ–പൈലറ്റ് ടെലൻ കാഞ്ചൻ എന്നിവരാണ് സംഭവ ദിവസം എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ അബുദാബി- കൊച്ചി വിമാനം വിമാനം നിയന്ത്രിച്ചിരുന്നത്. 2017 സെപ്റ്റർ 2 പുലർച്ചെയായിരുന്നു അപകടമുണ്ടായത്.

രണ്ടു സാധ്യതകളായിരുന്നു അന്വേഷണത്തിന്റെ വിഷയം. കനത്ത കാറ്റും മഴയും മൂലം വിമാനത്തിന്റെ മുൻചക്രം തെന്നിനീങ്ങിയെന്നും അതുമൂലം തിരിയേണ്ട പോയിന്റിനു മുൻപേ വലത്തേക്കു തെന്നിപ്പോയെന്നുമുള്ള വാദം. പൈലറ്റിന്റെ വീഴ്ചയാകാം എന്നതായിരുന്നു രണ്ടാമത്തെ നിഗമനം. എയർ ഇന്ത്യ എക്സ്പ്രസിന്റെ ചീഫ് ഓഫ് ഫ്ലൈറ്റ് സേഫ്റ്റി ക്യാപ്റ്റൻ വിനോദ് കുൽക്കർണിയായിരുന്നു അന്വേഷിച്ചത്.

സംഭവം നടന്ന ദിവസം ശക്തമായ മഴയായിരുന്നു വിമാനത്താവള പരിസരത്ത് പെയ്തിരുന്നത്. ഇതേതുടര്‍ന്ന് കാഴ്ച വ്യക്തമായിരുന്നില്ല. അതിനാല്‍ വിമാനത്തിലെ സഹപൈലറ്റ് പ്രധാന പൈലറ്റിനോട് ഫോളോ മീ വാഹനം ഉപയോഗപ്പെടുത്തി വേഗം കുറച്ച് ലാന്‍ഡിങ് നടത്താമെന്ന് അഭിപ്രായപ്പെട്ടു. എന്നാല്‍ ഈ നിർദ്ദേശം അവഗണിക്കപ്പെട്ടു. വിമാനം ലിങ്ക് പാതയിലേക്ക് തിരിയുന്നതിനു പകരം വഴിയില്ലാത്തിടത്തേക്കു തിരിഞ്ഞു. 

വലത്തേക്കുള്ള രണ്ടാമത്തെ ലിങ്ക് പാതയായ ‘ജി’ ആണു തിരിയാനായി നിശ്ചയിച്ചിരുന്നത്. എന്നാൽ എഫ് ലിങ്ക് പാത കടന്നു ജി ലിങ്ക് പാത എത്തുന്നതിനു മുൻപേ പൈലറ്റ് വിമാനം വലത്തേക്കു തിരിച്ചു. സംഭവത്തിൽ വിമാനത്തിന് വളരെയധികം നാശം സംഭവിച്ചിരുന്നു, മുന്നിലെ ലാൻഡിംഗ് ഗിയർ പൂർണമായി തകർന്നിരുന്നു. 

റൺവേ തൊട്ടശേഷം വിമാനം വേഗം കുറച്ചു ടാക്സിവേയിലേക്ക് മാറി അവിടെനിന്ന് ഏപ്രണിലെ നിർദിഷ്ട പാർക്കിങ് ബേയിലേക്ക് നീക്കുന്നതാണു പതിവ്. ടാക്സിവേയും ഏപ്രണും തമ്മിൽ ലിങ്ക് പാതകളുണ്ട്. വിമാനം ഏപ്രണിലേക്ക് മാറ്റുമ്പോൾ എയർ ട്രാഫിക് കൺട്രോൾ ടവറിൽനിന്നുള്ള നിർദേശങ്ങൾക്കു പുറമേ ഗ്രൗണ്ട് ഹാൻഡ്‌ലിങ് വിഭാഗം പ്രത്യേക സിഗ്നൽ നൽകും. വിമാനത്തിന്റെ ദൃശ്യങ്ങൾ ശേഖരിച്ചായിരുന്നു പരിശോധന. വിമാനത്തിന്റെ ബ്ലാക് ബോക്സിൽ നിന്നുള്ളത് ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ചായിരുന്നു അന്വേഷണം.

പ്രധാനപൈലറ്റിന്റെ ലൈസന്‍സ് മൂന്നുമാസത്തേക്ക്‌ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. പ്രായവ്യത്യാസം അധികമുള്ളവരെ ഒന്നിച്ച് ജോലിക്കിടുന്നത് ഒഴിവാക്കാൻ വ്യോമയാന മന്ത്രാലയം എയർ ഇന്ത്യയ്ക്ക് നിർദേശം നൽകുകയും ചെയ്തു.

കൊച്ചിയിലെ മുൻ അപകടങ്ങൾ

∙ 2010 ഏപ്രിൽ 25: ദുബായിൽനിന്ന് എത്തിയ എമിറേറ്റ്സ് വിമാനം ആകാശച്ചുഴിയിൽപെട്ട് 21 പേർക്കു പരുക്കേറ്റു. 350 യാത്രക്കാരും 14 ജീവനക്കാരുമാണു വിമാനത്തിലുണ്ടായിരുന്നത്. കൊച്ചിയിൽ ഇറങ്ങുന്നതിന് അര മണിക്കൂർ മുൻപായിരുന്നു സംഭവം. 35,000 അടി ഉയരത്തിൽ പറക്കുകയായിരുന്ന വിമാനം ചുഴിയിൽപെട്ട് പെട്ടെന്ന് 200 അടി താഴ്ന്നു. ഈ ആഘാതത്തിലാണു യാത്രക്കാർക്കു പരുക്കേറ്റത്. വിമാനം സുരക്ഷിതമായിറങ്ങി. വിമാനത്തിനു കേടുപാടു സംഭവിച്ചു.

∙ 2011 ഓഗസ്റ്റ് 28: ബഹ്റൈനിൽനിന്നു 137 യാത്രക്കാരും ആറു ജീവനക്കാരുമായി എത്തിയ ഗൾഫ് എയർ വിമാനം റൺവേയിൽനിന്നു തെന്നിമാറി ചതുപ്പിൽ പതിച്ചു. ഒരു യാത്രക്കാരനു ഗുരുതരമായി പരുക്കേറ്റു. ഏഴു പേർക്കു നിസ്സാര പരുക്ക്. വിമാനം റൺവേയിൽ കുടുങ്ങിയതിനാൽ പത്തു മണിക്കൂറിലേറെ സർവീസ് തടസ്സപ്പെട്ടു. ശക്തമായ കാറ്റും മഴയുമുണ്ടായിരുന്നപ്പോഴാണു ലാൻഡിങ്ങിനു ശ്രമിച്ചത്. വിമാനം റൺവേയിൽനിന്നു പത്തു മീറ്റർ പുറത്തേക്കു പോയിരുന്നു.

ഒഴിവായ അപകടങ്ങൾ

∙ 2011 നവംബർ 18: ഡൽ‌ഹിയിൽനിന്നു ഹൈദരാബാദ് വഴി കൊച്ചിയിലേക്കു വന്ന ഇൻഡിഗോ വിമാനവും റൺവേയിൽ ഉണ്ടായിരുന്ന ഒമാൻ എയർ വിമാനവുമായി കൂട്ടിയിടി ഒഴിവായി. ഒമാൻ എയർ വിമാനം കിടക്കുന്നതു കണ്ടു പാതിവഴിയിൽ ഇൻഡിഗോ വിമാനം ഉയർത്തി‌ പറക്കുകയായിരുന്നു. തുടർന്ന് അര മണിക്കൂർ വിമാനത്താവളത്തിനു മുകളിൽ പറന്ന ശേഷമാണു സുരക്ഷിതമായി ഇറക്കിയത്.

∙ 2014 ജൂലൈ 21: ബെംഗളൂരുവിൽനിന്ന് എത്തിയ ഇൻഡിഗോ വിമാനം ഇറങ്ങിയതു നാലാമത്തെ ശ്രമത്തിൽ. കനത്ത മഴയിൽ ലാൻഡിങ് കൃത്യമല്ലാതിരുന്നതിനാൽ പൈലറ്റ് ആദ്യ മൂന്നു പ്രാവശ്യവും ലാൻഡിങ് ഒഴിവാക്കി. ഇതിലൊരു പ്രാവശ്യം വിമാനം 100 മീറ്ററിലേറെ റൺവേയുടെ മധ്യരേഖയ്ക്കു പുറത്തേക്കുപോയി. 150 യാത്രക്കാർ ഉണ്ടായിരുന്നു.