ഗീയർരഹിത സ്കൂട്ടറായ എൻടോർക്കിന് ഡ്രം ബ്രേക്ക് പതിപ്പുമായി ടിവിഎസ് മോട്ടോർ കമ്പനി. 58,252 രൂപയാണു ഡ്രം ബ്രേക്കുള്ള എൻടോർക്ക് 125  സ്കൂട്ടറിന്റെ ന്യൂഡൽഹിയിലെ ഷോറൂം വില. ഡിസ്ക് ബ്രേക്കുള്ള എൻടോർക്കിനെ അപേക്ഷിച്ച് 1,648 രൂപ കുറവാണിത്. 5,000 രൂപ അഡ്വാൻസ് ഈടാക്കി ടിവിഎസ് ഡീലർഷിപ്പുകൾ പുതിയ എൻടോർക്ക് 125 സ്കൂട്ടറിനുള്ള ബുക്കിങ്ങും സ്വീകരിക്കുന്നുണ്ട്.

ബ്രേക്കിന്റെ ഘടനയിലെ വ്യത്യാസമാണ് എൻടോർക്കിന്റെ പുതിയ പതിപ്പിനെ വേറിട്ടു നിർത്തുന്നത്. പുതിയ വകഭേദത്തിനു മുന്നിലും പിന്നിലും ഡ്രം ബ്രേക്കാണ്. അതേസമയം നിലവിലുള്ള എൻടോർക്കിന്റെ മുന്നിൽ ഡിസ്ക് ബ്രേക്കാണു ഘടിപ്പിച്ചിരിക്കുന്നത്. പുതുക്കിയ സുരക്ഷാ മാനദണ്ഡപ്രകാരമുള്ള കോംബി ബ്രേക്കിങ് സംവിധാനം (സിബിഎസ്) എൻടോർക്കിന്റെ ഇരുവകഭേദങ്ങളിലുമുണ്ട്. പോരെങ്കിൽ ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, എൽ ഇ ഡി ഡേ ടൈം റണ്ണിങ് ലാംപ് തുടങ്ങിയവയൊക്കെ ടി വി എസ് നിലനിർത്തിയിട്ടുണ്ട്.

അതേസമയം എൻജിൻ കിൽ സ്വിച്, യുഎസ്ബി ചാർജർ, സീറ്റിനടിയിലെ ലൈറ്റ് തുടങ്ങിയവ ഡിസ്ക് ബ്രേക്കുള്ള പതിപ്പിൽ മാത്രമാണു ലഭ്യമാവുക. 

ഇതിനപ്പുറം സാങ്കേതികവിഭാഗത്തിൽ മാറ്റമൊന്നുമില്ലാതെയാണ് പുതിയ എൻടോർക്കിന്റെ വരവ്. സ്കൂട്ടറിനു കരുത്തേകുന്നത് 124.79 സി സി, സിംഗിൾ സിലിണ്ടർ, മൂന്നു വാൽവ് എൻജിനാണ്. 7,500 ആർ പി എമ്മിൽ 9.4 പി എസ് കരുത്തും 5,500 ആർ പി എമ്മിൽ 10.5 എൻ എം വരെ ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. 

ഇന്ത്യൻ വിപണിയിലെ 125 സി സി സ്കൂട്ടർ വിഭാഗത്തിൽ മികച്ച സ്വീകാര്യത നേടിയ എൻടോർക്ക് 125 വെറും ആറു മാസത്തിനകം ഒരു ലക്ഷം യൂണിറ്റ് വിൽപ്പനയു കൈവരിച്ചിരുന്നു. എൻടോർക്കിന്റെ പ്രധാന എതിരാളിയായ ഹോണ്ട ഗ്രാസ്യയുടെ ഡ്രം ബ്രേക്ക് വകഭേദത്തിന് 60,723 രൂപയാണു ന്യൂഡൽഹി ഷോറൂമിലെ വില.