ഒരു കാറിന്റെ സുപ്രധാന നിയന്ത്രണ സംവിധാനമാണ് സ്റ്റിയറിങ്. എത്ര മികച്ച പെർഫോമൻസ് നൽകുന്ന വാഹനമാണെങ്കിലും ഡ്രൈവിങ്ങിന്റെ സുഖം അറിണമെങ്കിൽ മികച്ച  സ്റ്റിയറിങ് തന്നെ വേണം. രണ്ടു തരം സ്റ്റിയറിങ്ങാണ് കാറുകൾക്കുള്ളത്. ഹൈഡ്രോളിക്കും ഇലക്ട്രിക്കും. ഫ്‌ളൂയിഡ് സിലിണ്ടറിന്റെ സഹായത്തോടെ മർദം ഉപയോഗിച്ച് തിരിയുന്നവയാണ്  ഹൈഡ്രോളിക് സ്റ്റിയറിങ്ങുകൾ. താരതമ്യേന വലിയ കാറുകളിലാണ് ഇവ ഉള്ളത്. 

ഒരു കൂട്ടം ഇലക്ട്രിക് മോട്ടോറുകളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന സ്റ്റിയറിങ്ങുകളാണ് ഭൂരിപക്ഷം ചെറുകാറുകളിലും ഉള്ളത്. സ്‌റ്റൈലിനു വേണ്ടി ഒറ്റക്കൈ കൊണ്ട് സ്റ്റിയറിങ് നിയന്ത്രിക്കുന്നത് അത്ര നല്ല കാര്യമല്ല. വാഹനത്തിനു മുന്നിലെ വസ്തുക്കളോട് പെട്ടെന്നു പ്രതികരിക്കാനുള്ള കാര്യക്ഷമത അതു കുറയ്ക്കുന്നു. 9, 3 ക്ലോക്ക് പൊസിഷൻ അല്ലെങ്കിൽ 10, 2 ക്ലോക്ക് പൊസിഷനിൽ വേണം ഇരുകൈകളും സ്റ്റിയറിങ്ങിൽ വയ്ക്കാൻ. 8, 4 പൊസിഷനും വിരലുകൾകൊണ്ടുള്ള സ്റ്റിയറിങ് തിരിക്കലും വളരെ വേഗം വാഹനത്തിനു മേലുള്ള നിയന്ത്രണം ഇല്ലാതാക്കും. 

സ്റ്റിയറിങ് ബോക്‌സിന്റെ ആരോഗ്യത്തിന് വേണ്ടി കൃത്യമായ ഇടവേളകളിൽ വീൽ അലൈൻമെന്റ് നടത്തേണ്ടതുണ്ട്. ഓരോ 5000 കിലോമീറ്ററിലും അതു ചെയ്യുന്നത് അഭികാമ്യം. അലൈൻമെന്റ് തെറ്റിയ വീൽ സ്റ്റിയറിങ് ബോക്‌സിനെ തകരാറിലാക്കും. നേരായ റോഡിൽ മിതമായ വേഗത്തിൽ അൽപദൂരം സ്റ്റിയറിങ്ങിൽനിന്നു കയ്യെടുത്ത് ഓടിച്ചാൽ വീലിന്റെ അലൈൻമെന്റ് ശരിയാണോ എന്നു മനസിലാകും. വാഹനത്തിന് ഏതെങ്കിലും വശത്തേക്ക് വലിവ് ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് വീൽ അലൈൻമെന്റ് ചെയ്യുക. മികച്ച ടെക്‌നീഷ്യൻമാരല്ല അലൈൻമെന്റ് ചെയ്യുന്നതെങ്കിൽ സ്റ്റിയറിങ്ങിന്റെ കാലിബറേഷൻ തന്നെ തെറ്റിപ്പോകാൻ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ സ്റ്റിയറിങ്ങിന്റെ കാര്യക്ഷമത ആകെ താളം തെറ്റും. പിന്നെ സർവീസ് സെന്റർ തന്നെ ശരണം. കല്ലുകളിലും മറ്റും കയറുമ്പോൾ സ്റ്റിയറിങ്ങിൽ സാധാരണയിലും കൂടുതൽ ഇടി അനുഭവപ്പെടുന്നുണ്ടെങ്കിലും സ്റ്റിയറിങ് ലിങ്കേജ് സംവിധാനത്തിൽ തകരാർ ഉണ്ട് എന്നതിന്റെ ലക്ഷണമാണ്. 

സ്റ്റിയറിങ് ഒരു വശത്തേക്കു പൂർണമായും തിരിച്ച് ഏറെ നേരം വയ്ക്കുന്നതും സ്റ്റിയറിങ് മോട്ടോറുകൾക്കു നല്ലതല്ല. ഹൈഡ്രോളിക് പവർ സ്റ്റിയറിങ് സംബന്ധിച്ച തകരാറുകൾ മിക്കവാറും ഉയരുന്ന സ്റ്റിയറിങ് ഫ്‌ളൂയിഡിന്റെ ചോർച്ച കൊണ്ടാണ്. അതുകൊണ്ട് കൃത്യമായ ഇടവേളകളിൽ ഫ്‌ളൂയിഡി പരിശോധിക്കാൻ മറക്കരുത്. സ്റ്റിയറിങ് പമ്പിലെ മർദം പിസ്റ്റണിലേക്കു കയറിവിടുന്നത് ഈ ഫ്‌ളൂയിഡാണ്. സ്റ്റിയറിങ് തിരിക്കാൻ പ്രയാസം, തിരിക്കുമ്പോൾ അസ്വാഭാവിക ശബ്ദം എന്നിവ ഫ്‌ളൂയിഡ് കുറയുന്നതിന്റെ ലക്ഷണമാണ്. ഫ്‌ളൂയിഡ് ഫിൽറ്റർ മാറ്റുന്ന കാര്യത്തിലും ശ്രദ്ധ വേണം.