അടുത്തവർഷം അവസാനത്തിനകം മൂന്നു പുതിയ കാറുകൾ കൂടി അവതരിപ്പിക്കുമെന്ന് എം ജി മോട്ടോർ ഇന്ത്യ. കമ്പനി ഇന്ത്യയിലെത്തിക്കുന്ന ആദ്യ മോഡലും സ്പോർട് യൂട്ടിലിറ്റി വാഹനവുമായ ഹെക്ടറിന്റെ അനാവരണ ചടങ്ങിലാണ് എം ജി മോട്ടോർ ഭാവി ഉൽപന്ന ശ്രേണി സംബന്ധിച്ച സൂചന നൽകിയത്.  ഹെക്ടറിനുള്ള ബുക്കിങ് അടുത്ത മാസം ആദ്യ ആഴ്ച മുതൽ സ്വീകരിച്ചു തുടങ്ങുമെന്നാണു പ്രതീക്ഷിക്കുന്നത്. നിലവിൽ 130 കസ്റ്റമർ ടച് പോയിന്റുകളാണ് എം ജി മോട്ടോർ സജ്ജീകരിച്ചിരിക്കുന്നത്; സെപ്റ്റംബറോടെ ഇത്തരം പോയിന്റുകളുടെ എണ്ണം 250 ആയി ഉയർന്നേക്കും.

ഇക്കൊല്ലം അവസാനിക്കുംമുമ്പുതന്നെ വൈദ്യുത വാഹനമായ ഇ സെഡ് എസ് ഇന്ത്യയിലെത്തിക്കാനാണ് എം ജി മോട്ടോർ തയാറെടുക്കുന്നത്. സാങ്കേതികവിദ്യയിൽ കമ്പനിക്കുള്ള മികവ് ഇന്ത്യയെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിന്റെ കൂടി ഭാഗമായാണ് ഈ മോഡൽ അവതരണം. ‘ഐ സ്മാർട്’ കണക്റ്റഡ് കാറായ ‘ഹെക്ടറി’ൽ 48 വോൾട്ട് ഹൈബ്രിഡ് സംവിധാനം അവതരിപ്പിച്ച് ഇന്ത്യൻ വിപണിയുടെ ശ്രദ്ധ ആകർഷിക്കാൻ കമ്പനിക്കു കഴിഞ്ഞിട്ടുണ്ടെന്നാണ് എം ജി മോട്ടോർ കരുതുന്നത്. സ്റ്റാർട്/സ്റ്റോപ്, റീജനറേറ്റീവ് ബ്രേക്കിങ് എന്നിവയ്ക്കു പുറമെ ‘ഹെക്ടറി’ലെ 1.5 ലീറ്റർ പെട്രോൾ എൻജിന് 20 എൻ എം അധിക ടോർക്ക് സൃഷ്ടിക്കാനും ഈ ഹൈബ്രിഡ് സംവിധാനം വഴിയൊരുക്കും.

ഷാങ്ഹായിൽ നിന്ന് ഇറക്കുമതി വഴിയാവും ഇ സെഡ് എസ് ഇന്ത്യയിലെത്തുക; ഇത്തരത്തിലുള്ള 250 കാറുകൾ ഇന്ത്യയിൽ വിൽക്കാനാണ് എം ജി മോട്ടോറിന്റെ നീക്കം. ഒറ്റത്തവണ ചാർജ് ചെയ്താൽ 350 കിലോമീറ്റർ ഓടുന്ന കാറിലുള്ളത് 52.5 കിലോവാട്ട് അവർ ലിതിയം അയോൺ ബാറ്ററി പായ്ക്കാണ്. അതേസമയം, ഇന്ത്യയ്ക്കായി പരിഗണനയിലുള്ളതും അടുത്ത വർഷം എത്തുന്നതുമായ മറ്റു രണ്ടു കാറുകളെക്കുറിച്ച് എം ജി മോട്ടോർ സൂചനയൊന്നും നൽകിയിട്ടില്ല. ഈ രണ്ടു മോഡലുകളിൽ ഒന്നിന്റെ കാര്യത്തിൽ മാത്രമാണ് അന്തിമ തീരുമാനമായത്. മിക്കവാറും ചൈനയിൽ വിൽപ്പനയിലുള്ള കാറുകളുടെ പരിഷ്കരിച്ച പതിപ്പുകളാവും എം ജി മോട്ടോർ ഇന്ത്യൻ വിപണിക്കായി പരിഗണിക്കുക.