MG Hector

അനാവരണ ചടങ്ങുകൾക്കു പിന്നാലെ പുത്തൻ സ്പോർട്സ് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ എം ജി ഹെക്ടറിനുള്ള ബുക്കിങ്ങിനും തുടക്കമായി. രാജ്യത്തിന്റെ പല ഭാഗത്തെയും എം ജി മോട്ടോർ ഇന്ത്യ ഡീലർഷിപ്പുകൾ 51,000 രൂപ അഡ്വാൻസ് ഈടാക്കിയാണു ഹെക്ടറിനുള്ള ബുക്കിങ് ഏറ്റെടുക്കുന്നത്. അതേസമയം, എം ജി മോട്ടോർ ഇന്ത്യ ഔദ്യോഗികമായി  ഹെക്ടർ ബുക്കിങ് ആരംഭിച്ചിട്ടില്ല. 

MG Hector

കമ്പനി വെബ്സൈറ്റ് സന്ദർശിച്ചു ഹെക്ടറിൽ താൽപര്യം പ്രകടിപ്പിച്ചവരെയാണു എം ജി മോട്ടോർ ഡീലർമാർ ബുക്കിങ് വാഗ്ദാനവുമായി സമീപിക്കുന്നത്. അതേസമയം എം ജി മോട്ടോർ ഇന്ത്യയുടെ ആദ്യ ഡീലർഷിപ് തന്നെ ജൂൺ നാലിനാണ് ഔപചാരികമായി പ്രവർത്തനം ആരംഭിക്കുന്നത്. ഡൽഹിയിലാവും എം ജി മോട്ടോർ ആദ്യ ഡീലർഷിപ് തുറക്കുക. 

ആദ്യ ഘട്ടത്തിൽ തന്നെ 50 ഡീലർമാർ വഴി വിൽപ്പനയ്ക്കും വിൽപ്പനാന്തര സേവനത്തിനുമായി 120 ടച് പോയിന്റുകൾ സജ്ജമാക്കാനാണ് എം ജി മോട്ടോർ ലക്ഷ്യമിടുന്നത്. സെപ്റ്റംബറിനകം ടച് പോയിന്റുകളുടെ എണ്ണം 250 ആക്കി ഉയർത്താനാവുമെന്നും കമ്പനി കണക്കുകൂട്ടുന്നു. മഹീന്ദ്ര എക്സ് യു വി 500, ജീപ് കോംപസ്, ടാറ്റ ഹാരിയർ തുടങ്ങിയവയോടാവും ഹെക്ടറിന്റെ പോരാട്ടം. 

MG Hector

മൂന്ന് എൻജിൻ സാധ്യതകളോടെയാവും ഹെക്ടർ എത്തുക; 143 ബി എച്ച് പിയോളം കരുത്ത് സൃഷ്ടിക്കുന്ന 1.5 ലീറ്റർ ടർബോ പെട്രോൾ, 170 ബി എച്ച് പി വരെ കരുത്ത് സൃഷ്ടിക്കുന്ന രണ്ടു ലീറ്റർ ഡീസൽ, പിന്നെ 1.5 ടർബോ പെട്രോൾ എൻജിനൊപ്പം 48 വോൾട്ട് മോട്ടോറുള്ള മൈൽഡ് ഹൈബ്രിഡ് പതിപ്പും. 

തുടക്കത്തിൽ അഞ്ചു സീറ്റോടെയാവും ഹെക്ടറിന്റെ വരവ്; അടുത്ത വർഷത്തോടെ ഏഴു സീറ്റുള്ള ഹെക്ടറും വിപണിയിലെത്തുമെന്നാണു സൂചന. വില സംബന്ധിച്ചു കൃത്യമായ വിവരമില്ലെങ്കിലും എം ജി ഹെക്ടർ 15 മുതൽ 20 ലക്ഷം രൂപ വരെ നിലവാരത്തിൽ ലഭ്യമാവുമെന്നാണു സൂചന.