യുദ്ധവിമാനങ്ങളിൽ അപകടം നടക്കുമെന്ന് ഉറപ്പായാൽ പൈലറ്റിന് രക്ഷപ്പെടാനുള്ള സംവിധാനങ്ങളുണ്ട്. സീറ്റ് ഇജക്റ്റ് ചെയ്ത് പാരച്യൂട്ടിലാണ് അവർ രക്ഷപ്പെടുക. ഇത്തരം സംഭവങ്ങൾ ധാരാളമുണ്ടെങ്കിലും അതിന്റെ ദൃശ്യങ്ങള്‍ കിട്ടുക അപൂർവ്വമാണ്. അത്തരത്തിലൊരു രക്ഷപ്പെടലിന്റെ വിഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

തെക്കൻ കാലിഫോർണിയയിലെ മാർച്ച് എയർറിസർവ് ബേസിലാണ് സംഭവം നടന്നത്. അമേരിക്കൻ സേനയുടെ എഫ് 16 യുദ്ധ വിമാനത്തിൽ നിന്നാണ് പൈലറ്റ് ഇജക്റ്റ് ചെയ്ത് രക്ഷപ്പെട്ടത്. പറക്കലിനിടെ നിയന്ത്രണം നഷ്ടപ്പെട്ട വിമാനം താഴേക്ക് പതിക്കുന്നതിന് തൊട്ടുമുമ്പാണ് പൈലറ്റ് സീറ്റ് ഇജക്റ്റ് ചെയ്ത് രക്ഷപ്പെട്ടത്. അപകടത്തിൽ ആർക്കും പരിക്കേറ്റില്ല എന്നാണ് റിപ്പോർട്ടുകൾ.

എയർബേസിന് സമീപത്തെ ഹൈവേയിലൂടെ പോകുന്ന കാറിന്റെ ഡാഷ്ക്യാമിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. വിമാനത്തിൽ വെടിക്കോപ്പുകളുണ്ടായിരുന്നെന്നും അവ സുരക്ഷിതമാണെന്നുമാണ് സേന വൃത്തങ്ങൾ അറിയിച്ചത്. വിമാനം അപകടത്തിൽപെട്ടതിനെപ്പറ്റി അന്വേഷിക്കുകയാണെന്നും സേന അറിയിച്ചു.