‘സ്വദേശി ഡീസൽ’ വിൽപ്പനയ്ക്കു തുടക്കമായി

അസംസ്കൃത എണ്ണ ഇറക്കുമതി കുറയ്ക്കാനും കാർബൺ മലിനീകരണം നിന്ത്രിക്കാനുമൊക്കെ ലക്ഷ്യമിട്ട് കേന്ദ്ര എണ്ണ മന്ത്രാലയം ‘സ്വദേശി ഡീസൽ’ വിൽപ്പനയ്ക്കു തുടക്കമിട്ടു. ഡീസിലനൊപ്പം ഭക്ഷ്യേതര എണ്ണ കൂടി കലർത്തി തയാറാക്കുന്ന ബയോ ഡീസൽ വിൽപ്പന പ്രോത്സാഹിപ്പിക്കുക വഴി കർഷകർക്ക് അധിക വരുമാന മാർഗം കണ്ടെത്താനും കേന്ദ്ര സർക്കാർ ലക്ഷ്യമിട്ടിട്ടുണ്ട്.

എണ്ണപ്പനയിൽ നിന്നുള്ള എണ്ണ കലർത്തിയ ‘സ്വദേശി ഡീസലി’ന് ‘ബി ഫൈവ്’ എന്നാണു പേരിട്ടിരിക്കുന്നത്; ആദ്യ ഘട്ടത്തിൽ ഡൽഹി, വിശാഖപട്ടണം, വിജയവാഡ, ഹാൽദിയ നഗരങ്ങളിലാണ് പുതിയ ഡീസൽ ലഭ്യമാവുക.ഘട്ടംഘട്ടമായി രാജ്യവ്യാപകമായി തന്നെ ബയോ ഡീസൽ വിൽക്കാനാണു സർക്കാരിന്റെ പദ്ധതിയെന്നു കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചു. എന്നാൽ ബയോ ഡീസൽ ലഭ്യതയിലെ പരിമിതികളാണു വിപണനം വ്യാപിപ്പിക്കാൻ തടസ്സം സൃഷ്ടിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

ദേശീയതലത്തിൽ വിൽക്കാൻ 35 ലക്ഷം ടൺ ബയോ ഡീസലാണ് ആവശ്യമായി വരിക; എന്നാൽ ഇപ്പോൾ രാജ്യത്തെ ഉൽപ്പാദനശേഷി വെറും 10 ലക്ഷം ടൺ മാത്രമാണ്. ക്രമേണ ഉൽപ്പാദനം വർധിപ്പിച്ച് ബയോ ഡീസൽ വിൽപ്പന രാജ്യമെങ്ങും വ്യാപിപ്പിക്കാനാവുമെന്നു പ്രധാൻ പ്രതീക്ഷ പ്രകടിപ്പിച്ചു.

ബയോ ഡീസൽ വാങ്ങാൻ പൊതുമേഖല എണ്ണ കമ്പനികൾ ഈ മാസം തന്നെ ടെൻഡർ നടപടികൾ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ലഭ്യത അടിസ്ഥാനമാക്കിയാവും വില നിർണയിക്കുക. സാധാരണ ഡീസലിൽ അഞ്ചു ശതമാനം വരെ ബയോ ഡീസൽ കലർത്താൻ വാഹനങ്ങളിൽ മാറ്റം വരുത്തുകയോ പ്രത്യേക സാങ്കേതികവിദ്യയെ ആശ്രയിക്കുകയോ ചെയ്യേണ്ടതില്ലെന്നും പ്രധാൻ വിശദീകരിച്ചു.

ഡീസലിനു പുറമെ പെട്രോളിൽ എതനോൾ കലർത്താനുള്ള നടപടികളും പുരോഗതിയിലാണ്; അഞ്ചു ശമതാനം വരെ കരിമ്പിൽ നിന്നുള്ള എതനോൾ പെട്രോളിനൊപ്പം ചേർക്കാനാവുമെന്നു കണ്ടെത്തിയിട്ടുണ്ട്. എന്നാൽ എതനോൾ യഥേഷ്ടം ലഭിക്കാത്തതിനാൽ മൂന്നുശതമാനത്തോളം മാത്രമാണു പെട്രോളിനൊപ്പം ചേർക്കാനാവുന്നതെന്നു പ്രധാൻ അറിയിച്ചു.

മലിനീകരണ നിയന്ത്രണത്തിനൊപ്പം അസംസ്കൃത എണ്ണ ഇറക്കുമതിക്കുള്ള ഭീമമായ ചെലവ് കുറയ്ക്കാനും ബയോ ഡീസൽ ഉപയോഗം സഹായിക്കും. രാജ്യത്ത് ആവശ്യമുള്ള ഇന്ധനത്തിന്റെ 80 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. റയിൽവേ, പ്രതിരോധ വകുപ്പ്, സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ തുടങ്ങിയ വൻകിട ഉപയോക്താക്കളോടും ബയോ ഡീസലിലേക്കു മാറാൻ കേന്ദ്ര സർക്കാർ നിർദേശിച്ചിട്ടുണ്ട്.