കാറുകളിൽ ആന്റിലോക്ക് ബ്രേക്ക് സിസ്റ്റം(എബിഎസ്), എയർ ബാഗ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ ഇന്ത്യയിൽ നിർബന്ധമാക്കിയിട്ടുണ്ട്. എന്നാൽ പിന്നെ നൂറേനൂറിൽ അടിച്ചു മിന്നിച്ചു വിട്ടേക്കാം എന്നു കരുതരുത്. നിങ്ങളുടെ ഭ്രാന്തൻ ഡ്രൈവിങ്ങിന് കുട ചൂടലല്ല ഇത്തരം സുരക്ഷാ സംവിധാനങ്ങളുടെ ധർമം. എമർജൻസി ബ്രേക്കിങ്ങ് സമയത്ത് ഡ്രൈവർക്ക് വാഹനത്തിൽ കൂടുതൽ നിയന്ത്രണം നൽകുകയാണ് എബിഎസ് ചെയ്യുക. അല്ലാതെ അതു മറ്റൊരു ബ്രേക്കല്ല. 

സാധാരണഗതിയിയിൽ അടിയന്തരമായി ബ്രേക്ക് ചവിട്ടുമ്പോൾ വാഹനത്തിന്റെ വീലുകൾ ലോക്ക് ആകും. ഓടി വന്ന വേഗതയിൽ പക്ഷേ, വാഹനം മുന്നോട്ടു നീങ്ങുകയും ചെയ്യും. ഇതോടെ ഡ്രൈവർക്ക് സ്റ്റിയറിങ്ങിൽ നിയന്ത്രണം കിട്ടാതെ വാഹനം തെന്നിമറിയാനുള്ള സാധ്യത ഏറും. അതിനാൽ അവശ്യഘട്ടങ്ങളിൽ ബ്രേക്ക് പമ്പ് ചെയ്ത് ചവിട്ടുകയായിരുന്നു പണ്ടത്തെ രീതി. ഇത് സെൻസറുകൾ ഉപയോഗിച്ച് സ്വയം ചെയ്ത് അപകട സാധ്യത കുറയ്ക്കുന്ന സംവിധാനമാണ് എബിഎസ്. അതായത് ബ്രേക്ക് ഫോഴ്‌സ് പമ്പ് ചെയ്ത് ടയറുകളിലേക്കു നൽകി വാഹനം തെന്നിനീങ്ങുന്നത് ഒഴിവാക്കുക.

അവശ്യഘട്ടങ്ങളിൽ ബ്രേക്ക് ചവിട്ടുമ്പോൾ വീൽ ലോക്ക് ആകും എന്ന ഘട്ടത്തിൽ വീലിൽ ഘടിപ്പിച്ചിട്ടുള്ള സെൻസർ ഇതുസംബന്ധിച്ച് സന്ദേശം കൺട്രോൾ യൂണിറ്റിലേക്ക് അയയ്ക്കും. ഈ സന്ദേശം കിട്ടിയാൽ ബ്രേക്കിങ് സംവിധാനം വീൽ ലോക്ക് ആകുന്നത് പ്രതിരോധിക്കും. ഓട്ടമാറ്റിക്കായി സെക്കൻഡിൽ 15 തവണ പമ്പ് ചെയ്ത് ബ്രേക്ക് പ്രയോഗിക്കുകയാണ് എബിഎസ് ചെയ്യുക. ഇതോടെ ഡ്രൈവർക്ക് സ്റ്റിയറിങ്ങിൽ കൂടുതൽ നിയന്ത്രണം കിട്ടും. വാഹനം സുരക്ഷിതമായി എങ്ങോടു വേണമെങ്കിലും വെട്ടിച്ച് നിർത്താനും സാധിക്കും.

എന്നു വച്ച് തൊട്ടുമുന്നിലെ വാഹനത്തിൽനിന്ന് അകലമിടാതെ അമിതവേഗത്തിൽ പാഞ്ഞാൽ എബിഎസിനും നിങ്ങളെ രക്ഷിക്കാനാകില്ല. ടാറിട്ട റോഡുകളിലാണ് എബിഎസ് ഫലപ്രദമായി പ്രവർത്തിക്കുക. തെന്നുന്നതോ കല്ലുംമണ്ണും നിറഞ്ഞതോ ആയ പ്രതലത്തിൽ എബിഎസിന് തന്റെ കഴിവു പുറത്തെടുക്കാനാകില്ല. 

ബ്രേക്കിൽ ആഞ്ഞു ചവിട്ടുമ്പോൾ എബിഎസ് പ്രവർത്തിക്കുകയും അസ്വാഭാവികമായ ഒരു ശബ്ദം കാറിൽ നിന്നു പുറത്തുവരികയും ചെയ്യും. ഇതുകേട്ട് പരിഭ്രാന്തരാകേണ്ട. എബിഎസ് പ്രവർത്തിച്ചുതുടങ്ങി എന്നതിന്റെ അടയാളമാണ് ആ ശബ്ദം. അതോടെ ബ്രേക്കിൽ നിന്ന് കാലെടുക്കുകയോ പമ്പ് ചെയ്ത് ചവിട്ടുകയോ ചെയ്യരുത്. പെഡൽ അമർത്തി ചവുട്ടിത്തന്നെ പിടിക്കുക. ഇല്ലെങ്കിൽ എബിഎസ് പ്രവർത്തനരഹിതമാക്കും. ബ്രേക്കിൽ നാഡിമിടിപ്പു പോലെ മർദം അനുഭവപ്പെടുന്നതും ഈ സമയത്ത് സ്വാഭാവികമാണ്.