എന്തു വാങ്ങുമ്പോഴും അതിന്റെ സ്പെസിഫിക്കേഷൻ ചോദിക്കും നമ്മൾ. സ്റ്റോറേജ്, സ്പീഡ് തുടങ്ങി പലതിനും പലത്. പക്ഷേ ടയർ മാറ്റാൻ പോകുമ്പോഴോ? പരമാവധി ടയറിന്റെ സൈസ് ഓർത്തു വച്ചേക്കും. അതു തന്നെ വിരളമാണ്. പക്ഷേ ഒരു കാറിന്റെ ടയർ മറ്റൊരു മോഡൽ കാറിന് ഇടാൻ പറ്റില്ലെന്നു നമുക്കറിയാം. ടയറിനുമുണ്ട് ഒട്ടേറെ സ്പെക്കുകൾ. നമ്പറുകളെ ഡീകോഡ് ചെയ്തെടുത്താലേ നമുക്കത് മനസിലാകൂ എന്നു മാത്രം. 

നമ്പർ കോഡ്‌‌ -185/60 R 14 85 H, ഈ കോഡ് വായിച്ചെടുക്കാൻ  വളരെ എളുപ്പമാണ്. പക്ഷേ എന്താണിത്

185- എന്നത് ടയറിന്റെ വീതിയാണ് സാധാരണയായി മില്ലി മീറ്ററിലാണ് അതു പറയുന്നത്. 

60 -എന്നത് ഒരു ശതമാനക്കണക്കാണ്. ടയറിന്റെ വീതിയുടെ എത്ര ശതമാനമാണ് സൈഡ് വാളിന്റെ വീതി (റിം/അലോയ് കഴിഞ്ഞാൽ ടയറിന്റെ കട്ടി) എന്നു സൂചിപ്പിക്കാം. ഇവിടെ അത് 60 ശതമാനമാണ്. 

R- ടയറിന്റെ ടൈപ്പിനെ കുറിക്കുന്നതാണ്. നമ്മൾ സാധാരണയായി ഉപയോഗിക്കുന്ന റേഡിയൽ ടയറുകൾക്ക് അത് R എന്നു രേഖപ്പെടുത്തും. അപൂർവമായി B എന്നും D എന്നും കണ്ടേക്കാം. B എന്നത് ബയാസ് ബെൽറ്റ് എന്നാണ്. ത്രെഡും സൈഡ് വാളും ഒരേ മെറ്റീരിയൽ ആയിരിക്കും ഇവിടെ. D എന്നത് ഡയഗണൽ സ്റ്റിച്ചിങ് എന്നതാണ്. 

14– ടയറിന്റെ കുത്തനെയുള്ള നീളമാണ്. ഇതു കുറയും തോറും ടയറിന്റെ ഉയരം കുറയും.

85– ലോഡ് ഇൻഡക്സ് എന്നു പറയും. ഈ ടയർ ഉപയോഗിച്ചു കയറ്റാവുന്ന പരമാവധി ഭാരമാണത്. 65 മുതൽ 100 വരെ ഇതു ലോഡ് ഇൻഡക്സ് വരും. 290 മുതൽ 800 കിലോ വരെ ഒരു ടയറിനു ശേഷിയുണ്ടായിരിക്കും. ഇവിടെ 85 എന്നതിൽ നിന്ന് ഒരു ടയറിന്റെ ശേഷി 515 കിലോ എന്നു വായിക്കാം. 4 ടയറുകൾക്ക് 2060 കിലോ. വാഹനത്തിന്റെ ഭാരം ഉൾപ്പെടെ പരമാവധി ഇത്രയും തൂക്കം കയറ്റാം. 

H- ഇത് വേഗത്തിന്റെ സൂചനയാണ്. Q,R,ST,H,V,W,Y,ZR എന്നിങ്ങനെ ഈ ടയർ കോ‍ഡ് വരാം. പരമാവധി 160 കിലോ മീറ്ററാണ് Q കോ‍ഡുള്ള ഒരു ടയറിനു പോകാവുന്നത്. H  ന് പരമാവധി 210 കിലോ മീറ്റർ വേഗത്തിൽ പോകാം. നമ്മുടെ നാട്ടിൽ ഇതിന്റെ പകുതിയിൽ താഴെ വേഗത്തിൽ പോകാനാണ് നിയമം പറയുന്നത്. അതാണ് നമ്മുടെയും വണ്ടിയുടേയും ആരോഗ്യത്തിനും നല്ലത്.