ഏറ്റുമാനൂരിലെ ആമിർ ഖാൻ

Illustration: Ajo Kaitharam

ഏറ്റുമാനൂരുകാരൻ മുരളിക്ക് ആമിർ ഖാന്റെ അടുത്ത് എന്താണു കാര്യം എന്നു ചോദിക്കുന്നത് ഹിമാലയത്തിന്റെ അടുത്ത് മഞ്ഞുകട്ടയ്ക്ക് എന്താണു കാര്യം എന്നു ചോദിക്കുന്നതു പോലെയേയുള്ളൂ..പികെ, ലഗേ രഹോ മുന്നാ ഭായ്, ഏജന്റ് വിനോദ് തുടങ്ങിയ ഹിറ്റ് ഹിന്ദി ചിത്രങ്ങളുടെ ഛായാഗ്രാഹകനാണ് സി.കെ. മുരളീധരൻ. ത്രീ ഇഡിയറ്റ്സിന്റെ ക്ളൈമാക്സ് ചിത്രീകരണത്തിന് ആമിർ ഖാനോടൊപ്പം എത്തിയതാണ് ഹിമാലയത്തിന്റെ മുകളിലെ ഒരു തടാകക്കരയിൽ. മാധവനും കരീന കപൂറും സംവിധായകൻ രാജ്കുമാർ ഹിറാനിയുമൊക്കെയുണ്ട്.

200 പേരുടെ ടീം.ലേയിൽ നിന്ന് ഏഴുമണിക്കൂർ യാത്ര ചെയ്താൽ സമുദ്രനിരപ്പിൽ നിന്ന് 14836 അടി ഉയരത്തിലൊരു തടാകം – സുമോരീരി ! അതിന്റെ കരയിലാണ് ചിത്രീകരണം. ചുറ്റും മലകളാണ്. വെയിൽ തെളിയുമ്പോൾ ഓരോ മലയ്ക്കും ഓരോ നിറം ! പിങ്ക്, ചുവപ്പ്, മെറൂൺ അങ്ങനെ.. ലോകത്ത് മറ്റൊരിടത്തും കാണാത്ത കാഴ്ച !വൈദ്യുതിയില്ല. ജനറേറ്റററും ഡീസലുമായി ടാങ്കർ ലോറികളും വന്നിട്ടുണ്ട്. ഡോക്ടർമാരും നഴ്സുമാരും മാത്രമല്ല, മൊബൈൽ മെഡിക്കൽ സ്റ്റോർ വരെയുണ്ട്. രാത്രിയിൽ ഉറങ്ങുന്നതുവരെ എല്ലാം ഓകെയായിരുന്നു.
പിറ്റേന്നു രാവിലെ എല്ലാവരും എഴുന്നേറ്റിട്ടും സൂര്യൻ എഴുന്നേൽക്കുന്നില്ല. ആരോ പറഞ്ഞു.. ഹിമാലയം പിണങ്ങി.
ഹിമാലയം പിണങ്ങിയാൽ പിന്നെ സൂര്യൻ ഉദിക്കില്ല. മലകളും താഴ്‌വരകളും തടാകങ്ങളും ഒരു നിറവുമില്ലാതെ നരച്ചിരുണ്ടു കിടക്കും.
ഉച്ചയായിട്ടും ഷൂട്ടിങ് തുടങ്ങാൻ പറ്റുന്നില്ല. ഭൂമിയിലെ നക്ഷത്രം ആമിർഖാൻ ആകാശത്തേക്കു നോക്കി ചോദിച്ചു.. ഹേ ഭഗ്‌വാൻ, കഹാം ചുപ്പാ ഹൈ ആപ്.. ?

സൂര്യൻ വന്നില്ല. അന്നു ഷൂട്ടിങ് നടന്നില്ല. വൈകുന്നേരമായപ്പോൾ ഒരു പർവതത്തിന്റെ മുഖം കറുത്തിരുണ്ടു. ‌വീണ്ടും ആരോ പറഞ്ഞു.. ഹിമാലയം കോപിച്ചു. ഇനി രക്ഷയില്ല.കുന്നിൻ മുകളിൽ കനത്ത മഞ്ഞുവീഴ്ച തുടങ്ങി. ഇനി നിന്നാൽ അപകടമാണ്. കൈയിൽ കിട്ടിയ സാധനങ്ങളുമായി എത്രയും വേഗം രക്ഷപ്പെടാനാണ് നിർദേശം. ആമിർ ഖാനും മാധവനും കരീനയും രാജ്കുമാർ ഹിറാനിയും ഉൾപ്പെടെ എല്ലാവരും ആദ്യം കണ്ട വാഹനങ്ങളിൽ രാത്രിയിൽ മലയിറങ്ങാൻ തുടങ്ങി. റോഡൊന്നും കാണാൻ പറ്റില്ല. മുന്നിൽ പോകുന്ന ട്രക്കിന്റെ ബ്രേക്ക് ലൈറ്റിനെ നോക്കി പിന്തുടരുകയാണ് വരിവരിയായി വാഹനങ്ങൾ. രാത്രിയിലെപ്പോഴോ എല്ലാവരും ലേയിലെ ഹോട്ടലിൽ തിരിച്ചെത്തി. അവസാനം പുറപ്പെട്ട സംഘം മാത്രം വന്നില്ല. മുരളിയുടെ അസോസിയേറ്റ് ക്യാമറമാൻ ഉൾപ്പെടെ അഞ്ചുപേർ. അവർ വന്ന വാഹനം കാണാനില്ല.

ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസിനെ വിവരം അറിയിച്ചു. കൊക്കയിൽ വീഴുന്ന വാഹനങ്ങളുടെ അവശിഷ്ടങ്ങൾ കണ്ട് ആരെങ്കിലും വിവരം അറിയിക്കാറുണ്ട്, അതുവരെ കാത്തിരിക്കാം, എന്നായിരുന്നു മറുപടി. ആമിർ വ്യോമസേനയെ വിവരം അറിയിച്ചു. അവരും നിസ്സഹായരാണ് ഹെലികോപ്റ്ററുകൾക്കു പറക്കാൻ പറ്റില്ല. കനത്ത മഞ്ഞിൽ പൈലറ്റുമാർക്ക് ഒന്നും കാണാനാവില്ല.
പ്രാർഥനയുടെ മൂന്നു ദിവസങ്ങൾക്കു ശേഷം ആ അഞ്ചുപേരും തിരിച്ചെത്തി. ആമിർ ഖാന്റെ നേതൃത്വത്തിൽ വലിയ സ്വീകരണമായിരുന്നു അവർക്ക്.

അവർ ആ കഥ പറഞ്ഞു. മടക്കയാത്രയിൽ ഒരിടത്ത് കൂട്ടംതെറ്റി. മഞ്ഞു വീണ് എല്ലായിടവും ഒരുപോലെ കിടക്കുന്നു. വഴിതെറ്റി മഞ്ഞുകൊക്കയുടെ നേരെ പോയ ട്രക്കിന്റെ ഹെഡ്‌ലൈറ്റിനു മുന്നിൽ ഏഴടി ഉയരമുള്ള ഒരാൾ. അയാൾ കൈയുയർത്തി ഉറക്കെ വിളിച്ചു പറഞ്ഞു.. രുകോ.. ആഗെ നഹിം ജാനാ...
ഇനി ഒരിഞ്ചുപോലും മുന്നോട്ടു പോകരുത് ! അപകടം !
കാരണം ചോദിക്കാൻ കഴിയുംമുമ്പേ അയാളെ കാണാതായി. മഞ്ഞിൽനിന്ന് വന്ന ആ രൂപം മഞ്ഞിൽ അലിഞ്ഞതുപോലെ..
രക്ഷകനായി വന്നത് ആരാണ് ?

മുരളി പറയുന്നു.. അറിയില്ല. അങ്ങനെയൊരാളെ പിന്നെ ആരും കണ്ടിട്ടില്ല. ഹിമാലയം ഇങ്ങനെ ഒരുപാട് അൽഭുതങ്ങൾ കാത്തു വയ്ക്കുന്നു.
താൻ കണ്ട ഏറ്റവും സുന്ദരമായ ആ ലൊക്കേഷൻ വിട്ടുകളയാൻ മുരളിക്കു മനസ്സുവന്നില്ല. അടുത്ത വർഷം അതേ സ്ഥലത്ത് ത്രീ ഇഡിയറ്റ്സിന്റെ ക്ളൈമാക്സ് ഷൂട്ടിങ് പ്ളാൻ ചെയ്തു. അതും നടന്നില്ല. കാരണം സുമോരീരിയിലെ തടാകത്തിൽ ദേശാടനപ്പക്ഷികൾ വന്നു കഴി‍ഞ്ഞു. അവയെ ശല്യപ്പെടുത്തുന്നതിനു വിലക്കുണ്ട്. അവിടെ ചെല്ലുന്നവരെ പക്ഷികൾ യു ഇഡിയറ്റ്സ് എന്നു വിളിക്കും !
ഒടുവിൽ പാങ്കോങ്ങിലായിരുന്നു ക്ളൈമാക്സ് ഷൂട്ടിങ്.

ത്രീ ഇഡിയറ്റ്സ് കാണുമ്പോഴെല്ലാം ചിത്രീകരിക്കാനാവാതെ പോയ ആ ലൊക്കേഷൻ മുരളിയുടെ മനസ്സിൽ തെളി‍ഞ്ഞു വരും.
മുരളി പറയുന്നു.. വിളിച്ചാൽ മാത്രം പോകാൻ പറ്റുന്ന ചിലയിടങ്ങളുണ്ട്. അതിലൊന്നാണ് ഹിമാലയം !