വാഹനമോടിക്കാൻ പഠിക്കുന്ന കാലത്ത് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടാകും ഈ ഗിയറുകൾ എന്താണ് ഇങ്ങനെ ആയത് എന്ന്. ഫസ്റ്റ് മുകളിലേക്ക്, സെക്കന്റ് താഴേക്ക്, ഇടയിൽ ന്യൂട്രൽ, വലത്തോട്ട് നീക്കി മുകളിലേക്ക് ഇട്ടാൽ റിവേഴ്സ്, ഹോ മൊത്തത്തിൽ കൺഫ്യൂഷൻ തന്നെ. ചെറു കാറുകൾ, സെ‍ഡാനുകൾ, എംയുവികൾ, സൂപ്പർകാറുകൾ തുടങ്ങി ലോകത്തുള്ള ലക്ഷോപലക്ഷം കാറുകളുടെ ട്രാൻസ്മിഷൻ പാറ്റേൺ അഥവാ ഗിയർ ഷിഫ്റ്റിങ് എതാണ്ടിങ്ങനെ തന്നെ. കാലത്തിന് അനുസരിച്ച് സാങ്കേതികമായി പല മാറ്റങ്ങളും വാഹനങ്ങൾക്കും എൻജിനുകൾക്കും ട്രാൻസ്മിഷനുകൾക്കും വന്നിട്ടുണ്ടെങ്കിലും ഗിയർ ഷിഫ്റ്റിങിന് മാറ്റമേയില്ല. അടുത്ത കാലത്തൊന്നും എച്ച് പാറ്റേൺ ഗിയറുകൾക്കു മാറ്റമുണ്ടാകുമെന്നു തോന്നുന്നുമില്ല. എങ്കിലും എന്തുകൊണ്ടായിരിക്കും ഗിയറുകൾ ഇങ്ങനെ?

എന്തുകൊണ്ടിങ്ങനെ

പല ദശാബ്ദങ്ങൾ നീണ്ട മാറ്റങ്ങൾക്കൊടുവിലാണ് മാനുവൽ ഗിയർ എച്ച് പാറ്റേണിലെത്തിയത്. ഡ്രൈവർമാരുടെ ഉപയോഗം അനായാസവും ഏറ്റവും സുഖമവുമാക്കുന്നുവെന്നതിനാലാണ് ഈ പാറ്റേൺ ഇന്നു തുടർന്നു പോരുന്നത്. കാറുകള്‍ക്കു കൂടുതൽ സുരക്ഷയും കാര്യക്ഷമതയും ഈ പാറ്റേൺ നൽകുന്നു. ഇരുചക്രവാഹനങ്ങളിലേതിനു സമാനമായി നേർരേഖയില്‍ ഗിയറുകൾ വലിയ വാഹനങ്ങളിൽ നൽകാറില്ല. ഇതെന്തു കൊണ്ടെന്നു ചിന്തിച്ചിട്ടുണ്ടോ?

എച്ച് പാറ്റേണിന്റെ ചരിത്രം

ദശാബ്ദങ്ങൾക്കു മുൻപ് മാനുവൽ ഗിയറുകൾക്ക് സ്റ്റിയറിങ്ങിൽ തന്നെയായിരുന്നു സ്ഥാനം. (പഴയ പ്രീമിയർ പത്മിനി കാറുകൾ ഓർമ്മയില്ലേ?) ത്രീ-ഓൺ-എ-ട്രീ (“three-on-a-tree”) എന്ന പേരിലാണ് ഇത് വാഹനലോകത്ത് അറിയപ്പെട്ടിരുന്നത്. 1970 കളിൽ ഗിയറിന്റെ സ്ഥാനം മാറിത്തുടങ്ങി. മുൻസീറ്റിലോ, ഫ്രണ്ട് കൺസോളിന് താഴ്ഭാഗത്തോ ആയി ഇതിന്റെ സ്ഥാനം. മൂന്നു സ്പീഡ് ഗിയറുകൾ ജനപ്രീതി നേടിത്തുടങ്ങിയത് ഇക്കാലയളവിലാണ്. വാഹനമോടിക്കുന്നതിനിടയിൽ ഡ്രൈവർ അബദ്ധത്തിൽ റിവേഴ്സ് ഗിയറിലിടുന്നില്ലെന്ന് ഉറപ്പാക്കാനാണ് ഇടതു വലതു സൈഡുകളില്‍ മുകളിലും താഴെയുമായി ഗിയറുകൾ നൽകിയിരിക്കുന്നത്. ചില വാഹനങ്ങളിൽ റിവേഴ്സ് ഗിയർ ഇടുന്നതിന് ലിവർ താഴേക്കു അമർത്തണം.

എന്തു കൊണ്ട് എച്ച് പാറ്റേൺ?

അഞ്ചാം സ്പീഡ് ഗിയറിൽ നിന്ന് ആദ്യ ഗിയറിലേക്ക് മാറ്റുന്നതിനും എച്ച് പാറ്റേൺ അനുവദിക്കും. അതേസമയം ഇടതു-വലതു വശങ്ങളിലായി നൽകിയിരിക്കുന്ന ഗിയർ പാറ്റേൺ ഡ്രൈവർ അറിയാതെ ഗിയർ വീഴുന്നില്ലെന്നുറപ്പാക്കുന്നു. അൽപം ബലം പ്രയോഗിച്ച് ശരിക്കും മാനുവലായി ഗിയർ മാറ്റണം. നേർരേഖയിൽ ഗിയറുകൾ നൽകിയാൽ ചെറുതായി തട്ടിയാൽ പോലും ഗിയറുകൾ മാറിയേക്കാം. ഇങ്ങനെ കൈ തട്ടുന്നതു മൂലമോ മറ്റോ 'അറിയാതെ' സംഭവിക്കാൻ സാധ്യതയുള്ള ഗിയർ മാറ്റത്തിൽ നിന്ന് രക്ഷപെടുത്തുകയാണ് എച്ച് പാറ്റേൺ യഥാർഥത്തിൽ ചെയ്യുന്നത്. 

ഇനി മറ്റൊന്ന് േനർരേഖയിൽ ഗിയറുകള്‍ നൽകുമ്പോൾ ആദ്യഗിയറിൽ നിന്ന് അവസാന ഗിയറിലേക്കുള്ള ദൂരം കൂടുന്നു. അബദ്ധത്തിൽ ഗിയറുകൾ വീഴാനുള്ള സാധ്യതയും കൂടുതലാണ്. ഉദാഹരണത്തിന് ആദ്യഗിയറിന് പകരം രണ്ടാം ഗിയറോ, മൂന്നാം ഗിയറിന് പകരം നാലാം ഗിയറോ വീണേക്കാം. ഗിയർബോക്സിനെ എച്ച് പാറ്റേണ്‍ കൂടുതൽ ആകർഷകമാക്കുന്നു. ഗിയറുകൾ തമ്മിലുള്ള ദൂരത്തിനു ത്രോ എന്നാണ് കാർ നിർമാതാക്കൾ പറയുക. ത്രോ കൂടുന്നതിനനുസരിച്ച് ഡ്രൈവിങ് കൂടുതൽ വിഷമകരമാകുന്നു. എച്ച് പാറ്റേണ്‍ ത്രോ കുറയ്ക്കുന്നു. ഇതിലൂടെ ഡ്രൈവിങ് ആയാസരഹിതമാക്കുന്നു.