Royal Enfield Coastal Trail

ജീവിതത്തിലെ വലിയ ആഗ്രഹമായിരുന്നു ബൈക്കിൽ കന്യാകുമാരി വരെ പോകണമെന്നത്. ഇപ്പോഴാണത് സാധിച്ചത്. അതും റോയൽ എൻഫീൽഡ് ബൈക്കിൽ. ഒരിക്കലും കരുതിയിരുന്നില്ല ഈ ട്രിപ്പ്–ഇതു പറയുമ്പോൾ മുപ്പത്തൊൻപതു കാരി വിന്ദ ബാൽ ലോകം വെട്ടിപ്പിടിച്ച ആവേശത്തിലായിരുന്നു. കാരണം, വിന്ദ ആദ്യമായാണ് ബുള്ളറ്റ് ഒാടിക്കുന്നത്. ആദ്യത്തെ ലോങ് ട്രിപ്പും. പിന്നെങ്ങനെ ആവേശം കൊള്ളാതിരിക്കും. മുപ്പതു റൈഡേഴ്സിൽ ആകെ ഒരു വനിത റൈഡർ മാത്രമാണുണ്ടായിരുന്നത്.

Royal Enfield Coastal Trail

വിന്ദയുടെ വാക്കുകൾ: ‘‘മുംബൈയിൽ നിന്നും സ്വന്തം ആർഎക്സ് 100 ബൈക്കിൽ കന്യാകുമാരി വരെയുള്ള യാത്ര പ്ലാൻ ചെയ്യുമ്പോഴാണ് സുഹൃത്ത് റോയൽ എൻഫീൽഡ് കോസ്റ്റൽ ട്രെയിലിനെക്കുറിച്ചg പറയുന്നത്. രജിസ്റ്റർ ചെയ്തു. അപ്പോഴാണ് അറിയുന്നത് റോയൽ എൻഫീൽഡ് ബൈക്ക് മാത്രമേ പറ്റുകയുള്ളൂ എന്ന്. സുഹൃത്ത് ബൈക്ക് തന്നു. റോയൽ എൻഫീൽഡ് ഇലക്ട്ര. തുടക്കത്തിൽ ചെറിയൊരു ഭയമുണ്ടായിരുന്നെങ്കിലും ആദ്യ ദിവസത്തോടെ അതങ്ങുമാറി. ഇനി കശ്മീരിൽ പോണോ ഞാൻ റെഡി’’. 

ഒരു മനസ്സ് ഒരു മതം

Royal Enfield Coastal Trail

ഇന്ത്യയുടെ വിവിധ ജില്ലകളിൽനിന്നുള്ളവരും വിദേശികളുമടങ്ങുന്നതായിരുന്നു ഗ്രൂപ്പ്. അതിൽ രണ്ടു പലസ്തീൻകാരും രണ്ടു ദക്ഷിണാഫ്രിക്കക്കാരും ഉൾപ്പെടുന്നു. നാലുപേരും ഇന്ത്യയിൽ ആദ്യം. എല്ലാവർക്കും ഒരേ മനസ്സ്. ദേശവൈവിധ്യങ്ങൾ കണ്ട്, വിവിധ രുചികൾ നുകർന്ന് പ്രകൃതിയുടെ നിറഭേദങ്ങൾ കണ്ട് യാത്ര ചെയ്യാനുള്ള മനസ്സ്. എല്ലാംവർക്കും റോയൽ എൻഫീൽഡ് എന്ന ഒറ്റ മതം മാത്രം.

Royal Enfield Coastal Trail

ഇന്ത്യയുടെ വടക്കു പടിഞ്ഞാറ് തീരദേശത്തുകൂടിയുള്ള റൂട്ട് തന്നെയായിരുന്നു ഈ റൈഡിന്റെ ഏറ്റവും വലിയ ആകർഷണം. മഹാരാഷ്ട്ര–ഗോവ–കർണാടക– തമിഴ്‌നാട്– കേരള എന്നീ അഞ്ചു സംസ്ഥാനങ്ങളിലൂടെയായിരുന്നു  യാത്ര. നവി മുംബൈ–ശ്രീവർധൻ–ഗണപതിപുലെ–കുങ്കേശ്വർ– അഗോണ്ട–ഗോകർണ–മാംഗളൂർ–കണ്ണൂർ–കൊച്ചി–വർക്കല– കന്യാകുമാരി. ഇതായിരുന്നു റൂട്ട്. 

ആകെ 1765 കിലോമീറ്റർ. പന്ത്രണ്ടു ദിവസത്തെ ട്രിപ്പ്. ഹിമാലയൻ, ക്ലാസിക് 350, 500, തണ്ടർബേഡ് എന്നിങ്ങനെ എൻഫീൽഡിന്റെ ഒട്ടുമിക്ക മോഡലുകളുമുണ്ടായിരുന്നു. ആദ്യമായി ലോങ് റൈഡ് ചെയ്യുന്നവരും ഹിമാലയൻ ഒഡീസി അടക്കമുള്ള റൈഡിൽ പങ്കെടുത്ത് തഴക്കം ഏറിയവരും ഗ്രൂപ്പിൽ ഉണ്ടായിരുന്നു. 

ഗോവയിൽ വച്ചാണ് ഫാസ്റ്റ്ട്രാക്ക് കൂടെച്ചേർന്നത്. വാഹനം ഹിമാലയൻ സ്ലീറ്റ്. ടൂറിങ്ങിനിണങ്ങിയ സൈഡ് ബോക്സും ബാർഎൻഡ് വെയ്റ്റും അടക്കമുള്ള  ജനുവിൻ ആക്സസറീസ് ഘടിപ്പിച്ച മോഡലായിരുന്നു അത്. ഒാഫ് റോഡിലും ഹൈവേയിലും നഗരത്തിരക്കിലുമെല്ലാം ഹിമാലയൻ കാട്ടിയ പ്രകടനം പ്രശംസനീയം.