പ്രീമിയം സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ഹെക്സയുടെ പരിഷ്കരിച്ച പതിപ്പ് ടാറ്റ മോട്ടോഴ്സ് അവതരിപ്പിച്ചു. 12.99 ലക്ഷം മുതലാണു 2019 ഹെക്സ ശ്രേണിയുടെ ഡൽഹിയിലെ ഷോറൂം വില. അവതരണ വേളയിലെ വിലയെ അപേക്ഷിച്ച് ഒരു ലക്ഷത്തോളം രൂപ അധികമാണിത്; പോരെങ്കിൽ അടുത്തയിടെ അവതരിപ്പിച്ച ‘ഹാരിയറി’നെ അപേക്ഷിച്ച് 30,000 രൂപ അധികവുമാണിത്. ആൻഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി സഹിതമുള്ള, ഹർമാൻ നിർമിത ഏഴ് ഇഞ്ച് ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനത്തിൽ പുതുതലമുറ സാങ്കേതികവിദ്യയാണ് 2019 ഹെക്സയിൽ ടാറ്റ മോട്ടോഴ്സ് ലഭ്യമാക്കുന്നത്. ഹെക്സയുടെ എല്ലാ വകഭേദത്തിലും ഇതേ ഇൻഫൊടെയ്ൻമെന്റ് സംവിധാനമുണ്ട്. അഞ്ചു നിറങ്ങളിൽ വിൽപ്പനയ്ക്കുള്ള 2019 ഹെക്സയിൽ രണ്ട് ഇരട്ട വർണ റൂഫും ലഭ്യമാണ്: ഇൻഫിനിറ്റി ബ്ലാക്കും ടൈറ്റാനിയം ഗ്രേയും. 

പരിഷ്കരിച്ച ഹെക്സയുടെ ഓട്ടമാറ്റിക് ട്രാൻസ്മിഷൻ, ഓൾ വീൽ ഡ്രൈവ് ലേ ഔട്ട് വകഭേദങ്ങളിൽ ഡയമണ്ട് കട്ട് അലോയ് വീലും ടാറ്റ മോട്ടോഴ്സ് ലഭ്യമാക്കുന്നു. മാനുവൽ ട്രാൻസ്മിഷൻ പതിപ്പുകളിലാവട്ടെ ചാർക്കോൾ ഗ്രേ നിറമുള്ള അലോയ് വീലുകളാണ് ഇടം പിടിക്കുക. ഇരട്ട വർണ റൂഫ് സാധ്യതകളും വ്യത്യസ്ത നിറത്തിലുള്ള അലോയ് വീലുമൊക്കെ ചേർന്ന് ഇംപാക്ട് ഡിസൈൻ ശൈലി പിന്തുടരുന്ന ‘ഹെക്സ’യുടെ രൂപകൽപ്പന പുതിയ തലത്തിലേക്ക് ഉയർത്തുന്നെന്നാണു ടാറ്റ മോട്ടോഴ്സിന്റെ അവകാശവാദം. 

ഉപയോക്താക്കൾക്കു മികച്ച ഡ്രൈവിങ് അനുഭവം പ്രദാനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണു കമ്പനി 2019 ഹെക്സ അവതരിപ്പിക്കുന്നതെന്ന് ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ് ബിസിനസ് യൂണിറ്റ് വൈസ് പ്രസിഡന്റ്(സെയിൽസ്, മാർക്കറ്റിങ് ആൻഡ് കസ്റ്റമർ സപ്പോർട്ട്) എസ് എൻ ബർമൻ അഭിപ്രായപ്പെട്ടു. വേറിട്ട ഓൺ റോഡ്, ഓഫ് റോഡ് ക്ഷമതകളുടെ പിൻബലത്തിൽ വിപണിയുടെ മനം കവരാൻ ‘ഹെക്സ’യ്ക്കു സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. പുതുമകളുടെയും പരിഷ്കാരങ്ങളുടെയും പിൻബലത്തോടെയെത്തുന്ന 2019 ഹെക്സയ്ക്ക് പുതിയ ഉയരങ്ങൾ കീഴടക്കാനാവുമെന്നും അദ്ദേഹം പ്രത്യാശിച്ചു.