ബർലിൻ ∙ അഭ്യൂഹങ്ങൾക്ക് വിട. ജർമൻ ചാൻസലർ അംഗല മെർക്കൽ 2021 വരെ ചാൻസലറായി കാലാവധി പൂർത്തിയാക്കുമെന്ന് കഴി‍ഞ്ഞ ദിവസം പ്രഖ്യാപിച്ചു. ഇതോടെ മെർക്കൽ, പുതിയ സിഡിയു പാർട്ടി അധ്യക്ഷ കാരൻ ബൗവറിന് വഴി മാറുന്നുവെന്ന വാർത്തയ്ക്കും വിരാമമായി. ഈ വാർത്ത കഴിഞ്ഞ ഒരു മാസമായി ജർമൻ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു.

കഴിഞ്ഞ വർഷം ഡിസംബറിലാണ് ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയന്റെ അധ്യക്ഷ പദവിയിലേക്ക് അന്നഗ്രറ്റ് ക്രാമ്പ് കാരൻ ബൗവറെ തിരഞ്ഞെടുത്തത്. മെർക്കലിന്റെ ഇഷ്ടകാരിയായ കാരൻബൗവറിന് വേണ്ടി ചാൻസലർ കസേര ഒഴിയുമെന്നുള്ള ഗോസ്സിപ്പുകളാണ് ഇവിടെ പ്രചരിച്ചിട്ടുള്ളത്.

മെർക്കലിന്റെ ചാൻസലർ കസേര തട്ടിയെടുക്കാൻ ഉദ്ദേശമില്ലെന്നും പൊതു തിരഞ്ഞെടുപ്പ് വഴി അധികാരത്തിലെത്തിയാൽ മതിയെന്ന് കാരൻ ബൗവറോട് തുറന്നടിച്ച് അവരുടെ നാവടപ്പിച്ചു. ജർമനിയിലെ അടുത്ത പൊതുതിരഞ്ഞെടുപ്പ് 2021 ലാണ്. 2020 അവസാനം കാരൻ ബൗവറിന്റെ ചാൻസലർ സ്ഥാനാർഥി പ്രഖ്യാപനം ഇവിടെ ഉണ്ടാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

കഴിഞ്ഞ ആറു മാസത്തിനുള്ളിൽ പാർട്ടി അധ്യക്ഷ എന്ന നിലയിൽ കാരൻ ബൗവറിന്റെ പ്രകടനം നിരാശാജനകമായിരുന്നുവെന്നാണ് അഭിപ്രായ സർവേകൾ സൂചിപ്പിക്കുന്നത്.