വിയന്ന∙ കൈരളി നികേതന്‍ സ്‌കൂളിന്റെ നേതൃത്വത്തില്‍ മലയാളി കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന യുവജനോത്സവം സമാപിച്ചു. ഫ്‌ളോറിഡ്‌സ്ഡോര്‍ഫില്‍ നടന്ന മത്സരങ്ങളോടെയാണ് മൂന്നു ഘട്ടമായി സംഘടിപ്പിച്ച യുവജനോത്സവത്തിന് തിരശ്ശീല വീണത്.

സമാപന സമ്മേളനത്തില്‍ നിരവധി കുട്ടികളും അധ്യാപകരും, മാതാപിതാക്കളും, സ്‌കൂള്‍ കമ്മിറ്റി ഭാരവാഹികളും ഉള്‍പ്പെടെ സിറോ മലബാര്‍ കത്തോലിക്കാ സമൂഹത്തിന്റെ വികാരി ഫാ. ഡോ. തോമസ് താണ്ടിപ്പിള്ളി, അസി. വികാരി ഫാ. വില്‍സണ്‍ മേച്ചേരില്‍, സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്ത ജെജെ ഫെര്‍സിഹ്‌റുങ് സര്‍വീസിന്റെ സാരഥികളായ ജിം കുഴിയിലും, ജോയല്‍ കുഴിയിലും പങ്കെടുത്തു.

മൂന്നു ഘട്ടമായി സംഘടിപിച്ച മേളയില്‍ മലയാള ഗാനം, പ്രസംഗം, പ്രച്ഛന്നവേഷം തുടങ്ങിയ വ്യക്തിഗത ഇനങ്ങളും, സംഘഗാന മത്സരങ്ങളും ചിത്രരചന മത്സരവും ഉണ്ടായിരുന്നു. ഭരതനാട്യം, മോഹിനിയാട്ടം, നാടോടിനൃത്തം, സിനിമാറ്റിക്ക് നൃത്തങ്ങള്‍, ക്രിസ്ത്യന്‍ ഡാന്‍സ് തുടങ്ങിയ ജനപ്രിയ ഇനങ്ങളും അരങ്ങേറി.

സംഘാടക മികവുകൊണ്ടും കുട്ടികളുടെ മത്സരചാതുര്യം കൊണ്ടും വിയന്ന മലയാളികള്‍ക്ക് അവിസ്മരണീയമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച വേദിയില്‍ വിയന്നയിലെ രണ്ടാം തലമുറയില്‍പ്പെട്ട നൂറിലധികം കുട്ടികള്‍ വിവിധ മത്സരങ്ങളിലായി പങ്കെടുത്തു.

സമ്മാനദാന ചടങ്ങിനോട് അനുബന്ധിച്ച് സിറോ മലബാര്‍ സമൂഹത്തിന്റെ വികാരി ഫാ, തോമസ് താണ്ടപ്പിള്ളിയുടെ ജന്മദിനം കേക്ക് മുറിച്ചു ആഘോഷിച്ചു. കൈരളി നികേതന്‍ മലയാളം സ്‌കൂളില്‍ 20 വര്‍ഷമായി സേവനം ചെയ്യുന്ന സ്‌കൂള്‍ ഡയറക്ടര്‍ ജോഷിമോന്‍ എറണാകേരിലിനെ സഹപ്രവര്‍ത്തകര്‍ ആദരിക്കുന്ന ചടങ്ങിനും യുവജനോത്സവത്തിന്റെ സമാപനവേദി സാക്ഷിയായി.

പരിപാടിയുടെ വിജയത്തിനായി സഹകരിച്ച എല്ലാവര്‍ക്കും സെക്രട്ടറി ജോമി സ്രാമ്പിക്കല്‍ നന്ദി രേഖപ്പെടുത്തി. ഇതുവരെ നടന്ന മത്സരങ്ങളുടെ ഫലവും കൂടുതല്‍ ചിത്രങ്ങളും ഐസിസി വിയന്നയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.