ബർലിൻ∙ യൂറോപ്യൻ യൂണിയന്റെ പൊതു കറൻസിയായ യൂറോയുടെ പുതിയ 200 ന്റെയും, 100 ന്റെയും കറൻസികൾ ഈ മാസവസാനം വിപണിയിലെത്തുമെന്ന് യൂറോപ്യൻ സെൻട്രൽ ബാങ്ക് അറിയിച്ചു. രാജ്യാന്തരതലത്തിൽ വ്യാജ കറൻസികൾ പ്രചരിക്കുന്നത് തടയിടാനാണ് 2013 മുതൽ യൂറോയുടെ രണ്ടാമത്തെ എഡീഷൻ കറൻസികൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്.

അഞ്ച്, പത്ത്, ഇരുപത്, അൻപത് എന്നീ സംഖ്യകളിലെ യൂറോ കറൻസികളുടെ പുതിയ എഡീഷനുകൾ ഇതിനകം പുറത്ത് വന്നിട്ടുണ്ട്. പുറത്തിറങ്ങുന്ന 200–ന്റെയും 100 ന്റെയും യൂറോ കറൻസികൾ കുറ്റമറ്റതാണെന്നും വ്യാജൻ നിർമ്മിക്കുക അസാധ്യമാണെന്നും യൂറോപ്യൻ സെൻട്രൽ ബാങ്ക് അവകാശപ്പെട്ടു.

നിലവിലുള്ള കറൻസികളെക്കാൾ വലുപ്പത്തിൽ അൽപം ചെറുതായിരിക്കും പുതിയ എഡീഷൻ കറൻസികൾ. സുരക്ഷ സജീകരണങ്ങൾ ഏറെയാണ്. മേന്മയേറിയ കടലാസിലാണ് അച്ചടി. യൂറോയുടെ ഏറ്റവും മൂല്യമുള്ള കറൻസി ഇനി 200–ന്റെ കറൻസിയാണ്. കഴിഞ്ഞ മാസമാണ് അഞ്ഞൂറിന്റെ കറൻസി വിപണിയിൽ നിന്ന് പിൻവലിച്ചത്.