ബർലിൻ∙ വ്യാജ യൂറോ അടിച്ച് വിതരണം ചെയ്ത കോടീശ്വരൻ ജർമനിയിൽ പിടിയിലായി. മിക്ക് വാപ്പലർ (63) എന്ന കോടീശ്വരനാണ് ഇരുപതിന്റെ യൂറോ കറൻസി വ്യാജമായി അടിച്ച് വിതരണം ചെയ്തത്. ഹാംബുർഗിൽ നിന്നാണ് മിക്കിനെ ജർമൻ കുറ്റന്വേഷണ വിഭാഗം കസ്റ്റഡിയിലെടുത്തത്. കോടീശ്വരന്റെ മൂന്ന് സഹായികളും കൂട്ടത്തിൽ പിടിയിലായിട്ടുണ്ട്.

ഇരുപത് യൂറോ കറൻസിയുടെ ഇരുപത്തിയഞ്ച് ലക്ഷം വ്യാജ കറൻസികൾ ഇയാളുടെ ബംഗ്ലാവിൽ നിന്ന് പൊലീസ് പിടിച്ചെടുത്തതായിട്ടാണ് മാധ്യമ റിപ്പോർട്ട്.  വ്യാജൻ അച്ചടിക്കാൻ ഉപയോഗിച്ച യന്ത്രവും പൊലീസ് വീടിനുള്ളിൽ കണ്ടെത്തി. കൂടുതൽ അന്വേഷണങ്ങൾക്കായി കോടതി ഇയാളെ റിമാൻഡ് ചെയ്തു. മിക്ക് വാപ്പലർ ജർമനിയിൽ അറിയപ്പെടുന്ന ബോക്സിങ് താരമാണ്. ജർമൻ ചാമ്പ്യൻ പദവി നേടിയിട്ടുള്ള ഇയാൾ അധോലോക നായകനുമാണ്.

ഹാംബുർഗിലെ ചുവന്ന തെരുവിന്റെ നിയന്ത്രണം ഇയാളുടെ പക്കലാണ്. ധൂർത്തിന്റെ രാജാവായ മിക്ക് ആഡംബര കാറുകളിലാണ് സഞ്ചാരം. ഒട്ടനവധി കേസുകളിലും പ്രതിയാണ് ഇയാൾ.