ബ്രസൽസ്∙ യൂറോപ്യൻ പാർലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പ് മേയ് 23 മുതൽ 26 വരെ നടക്കും. എഴുനൂറിലേറെ സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 28 രാജ്യങ്ങളിൽനിന്നായി അൻപത് കോടിയോളം പേർക്കാണ് വോട്ടവകാശമുള്ളത്. ഇതിനു മുൻപ് 2014 ലാണ് യൂറോപ്യൻ പാർലമെന്റിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്. പാർലമെന്റ് മാത്രമാണ് യൂറോപ്യൻ സ്ഥാപനങ്ങളിൽ നേരിട്ട് തിരഞ്ഞെടുക്കപ്പെടുന്നത്. തിരഞ്ഞെടുക്കപ്പെട്ട എംപിമാർ ചേർന്ന് വലിയ രാഷ്ട്രീയ സംഘങ്ങളായി പ്രവർത്തിക്കും.

നിലവിൽ 751 അംഗങ്ങളാണ് പാർലമെന്റിലുള്ളത്. യൂറോപ്യൻ പീപ്പിൾസ് പാർട്ടി, സോഷ്യലിസ്റ്റുകളും ഡെമോക്രാറ്റുകളും ചേർന്ന സഖ്യം എന്നിവയാണ് ഇപ്പോൾ ഏറ്റവും വലിയ ഗ്രൂപ്പുകൾ. ഇടതുപക്ഷം, ഗ്രീൻ പാർട്ടി, ലിബറലുകളും ഡെമോക്രാറ്റുകളും ചേർന്ന ഗ്രൂപ്പ്, കൺസർവേറ്റീവുകളും റിഫോമിസ്റ്റുകളും ചേർന്ന ഗ്രൂപ്പ്, ഫ്രീഡം ആൻഡ് ഡയറക്റ്റ് ഡെമോക്രാസി, നേഷൻസ് ആൻഡ് ഫ്രീഡം എന്നിവയ്ക്കും പ്രാതിനിധ്യമുണ്ട്. ക്രിസ്ത്യൻ ഡമോക്രാറ്റിക്, ക്രിസ്ത്യൻ സോഷ്യലിസ്റ്റ് യൂണിയൻ എന്നീ പാർട്ടികളിൽപ്പെട്ടവരാണ് പാർലമെന്റിലെ പ്രധാന കക്ഷി (ഇവിപി/യൂറോപ്യൻ ഫോൾകസ് പാർട്ടി).രണ്ടാം സ്ഥാനം സോഷ്യലിസ്റ്റ് പാർട്ടിക്കാണ്. ജർമനിയിൽ നിന്ന് ആറു പ്രധാന പാർട്ടികളുടെ പ്രതിനിധികളായി 96  അംഗങ്ങളെയാണ് പാർലമെന്റിലേയ്ക്കു തിരഞ്ഞെടുക്കേണ്ടത്. 

1952 ലാണ് യൂറോപ്യൻ പാർലമെന്റ് സ്ഥാപിച്ചത്.ആദ്യ തിരഞ്ഞെടുപ്പ് നടന്നത് 1979 ലാണ്. എല്ലാ അഞ്ച് വർഷവും കൂടുമ്പോഴാണ് യൂറോപ്യൻ പാർലമെന്റിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. ദേശീയ പാർട്ടികളുടെ പ്രതിനിധികളായോ സ്വതന്ത്രരായോ സ്ഥാനാർഥികൾക്ക് അതതു കൗണ്ടികളിൽ നിന്നു മത്സരിക്കാം. സ്ട്രാസ്ബുർഗിലാണ് യൂറോപ്യൻ പാർലമെന്റിന്റെ ആസ്ഥാനം.