റാസൽഖൈമ∙ അഗ്നി വിഴുങ്ങിക്കൊണ്ടിരുന്ന വീട്ടിൽ നിന്ന് മൂന്നു മക്കളെ അതിസാഹസികമായി രക്ഷിച്ച സ്വദേശി വീട്ടമ്മ താരമായി. ‌

റാസൽഖൈമ ഖുസാം ഏരിയയിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. കിടപ്പുമുറിയിലെ ശീതീകരണിയിലുണ്ടായ വൈദ്യുതി ഷോർട് സർക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമായത്. മുറിയിൽ കനത്ത പുക നിറയുകയും എസിയിൽ നിന്ന് തീ വീട്ടിലേയ്ക്ക് പടർന്നു തുടങ്ങുകയും ചെയ്തപ്പോഴാണ് അവർ അതു പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ടെന്ന് മനസിലാക്കിയത്. എന്നാൽ, മക്കളേയും കൊണ്ട് പുറത്തേയ്ക്ക് കടക്കാൻ സാധിച്ചുമില്ല.  മറ്റൊന്നും ആലോചിക്കാതെ ജനൽ തകർത്ത് സഹായത്തിനായി ആർത്തുവിളിച്ചെങ്കിലും ആരും വിളികേട്ടില്ല. തുടർന്ന് മക്കളെ ഓരോരുത്തരെയായി ജനാല വഴി പുറത്തേയ്ക്ക് കടത്തി. ഉടൻ തന്നെ എസി വൻ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും ചെയ്തു. 

സ്വയം രക്ഷ ആലോചിക്കാതെയാണ് വീട്ടമ്മ ഈ ധീരകൃത്യം ചെയ്തതെന്ന് സിവിൽ ഡിഫൻസ് അധികൃതർ പറഞ്ഞു. മുറിയിൽ നിറഞ്ഞ കനത്ത പുക ശ്വസിച്ച് ശ്വാസം മുട്ടി എല്ലാവർക്കും ജീവാപായം സംഭവിക്കാൻ സാധ്യതയുണ്ടായിരുന്നു. എല്ലാവരും പുറത്തിറങ്ങിയ ഉടൻ തന്നെ സിവിൽ ഡിഫൻസ് സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം നടത്തി. അയൽപക്കത്തു താമസിക്കുന്നവരെ അകലേയ്ക്ക് മാറ്റുകയും വീട്ടമ്മയ്ക്കും മക്കൾക്കും പ്രാഥമിക ശുശ്രൂഷ നൽകുകയും ചെയ്തു. ജനാല വഴി പുറത്തിറക്കുമ്പോൾ കുട്ടികൾക്കും വീട്ടമ്മയുടെ തോളിനും പരുക്കേറ്റിരുന്നു. ധീരകൃത്യം നടത്തി താരമായ വീട്ടമ്മയ്ക്ക് ഇപ്പോൾ അഭിനന്ദനപ്രവാഹമാണ്.

തങ്ങളുടെ ഭവനങ്ങളിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ പ്രവർത്തന സജ്ജമാണെന്നും കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും എല്ലാവരും ഉറപ്പാക്കണമെന്ന് സിവിൽ ഡിഫൻസ് അധികൃതർ നിർദേശിച്ചു. ചൂടു കാലത്ത് ശീതീകരണികൾക്ക് കേടുപാടുകളുണ്ടാകാനും ഇതുപോലെ അപകടങ്ങൾക്ക് വഴിയൊരുക്കാനും സാധ്യത കൂടുതലാണ്. കഴിഞ്ഞ വർഷം ജൂൺ 24ന് അഗ്നിബാധയിൽ ഏഴ് കുട്ടികൾ മരിച്ചിരുന്നു.