ദുബായ്∙ വൺ ഡേ സർജറി സെന്ററുകൾക്ക് ദുബായ് ഹെൽത്ത് അതോറിറ്റി രാജ്യാന്തര അക്രഡിറ്റേഷൻ നിർബന്ധമാക്കി. 18 മാസത്തിനുള്ളിൽ അക്രഡിറ്റേഷൻ നേടിയില്ലെങ്കിൽ ഈ കേന്ദ്രങ്ങൾ ക്ലിനിക്കുകളായി തരംതാഴ്ത്തപ്പെടുമെന്നു ദുബായ് ഹെൽത്ത് അതോറിറ്റി ഡയറക്ടർ ജനറൽ ഹുമൈദ് അൽ ഖത്തമി അറിയിച്ചു.

ആരോഗ്യ കേന്ദ്രങ്ങളിൽ പരിശോധനൾ ഊർജിതമാക്കും. ഇടുപ്പെല്ല് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയെ തുടർന്നു യുവതി മരിച്ചതിതോടെയാണു പുതിയ തീരുമാനം. ഇതുവരെ രാജ്യാന്തര അംഗീകാരം ആശുപത്രികൾക്കു മാത്രം മതിയായിരുന്നു. യുഎഇയിലെ 97% ആശുപത്രികൾക്കും രാജ്യാന്തര അംഗീകാരമുണ്ട്. 50 വൺ ഡേ സർജറി കേന്ദ്രങ്ങളാണു ദുബായിലുള്ളത്.

ആരോഗ്യ കേന്ദ്രങ്ങൾ

∙ ആശുപത്രികൾ 37

∙ ഹോം കെയർ സെന്ററുകൾ- 81

∙ ഫാർമസികൾ-935

∙ ലാബുകൾ-84

∙ ഔട്ട് പേഷ്യന്റ് ക്ലിനിക്കുകൾ-1212

∙ പുനരധിവാസ കേന്ദ്രങ്ങൾ പോലുള്ളവ-972

∙ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർ-39000

∙ ഡോക്ടർമാർ-10556

നാലു വർഷത്തിനിടെ ആരോഗ്യ സൗകര്യങ്ങൾ 35% വർധിച്ചതായും അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷം 3,37,000 മെഡിക്കൽ ടൂറിസ്റ്റുകൾ ദുബായിലെത്തി. ഇതിൽ 33% പേരും അറേബ്യൻ രാജ്യങ്ങളിൽ നിന്നും മറ്റ് ജിസിസി രാഷ്ട്രങ്ങളിൽ നിന്നുമുള്ളവരായിരുന്നു.