ദുബായ്∙ ലോകത്തെ ഏറ്റവും വലിയ സിംഗിൾ സൈറ്റ് കോൺസൻട്രേറ്റഡ് സൗരോർജ പദ്ധതിയായ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളർ പാർക്കിന്റെ നാലാം ഘട്ട നിർമാണ പുരോഗതി ദീവ(ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി) വിലയിരുത്തി. ദീവ എംഡിയും സിഇഒയുമായ സയീദ് മുഹമ്മദ് അൽ തായർ പാർക്ക് സന്ദർശിച്ചു. ഇൻഡിപെൻഡന്റ് പവർ പ്രൊഡ്യൂസർ(ഐപിപി) മാതൃകയിൽ നിർമിക്കുന്ന പദ്ധതിയുടെ നാലാം ഘട്ട മുതൽ മടുക്ക് 15.78 ബില്യൺ ദിർഹമാണ്.

950 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനാകും. സൗദിയിലെ എസിഡബ്ല്യുഎ പവർ, ചൈനയുടെ സിൽക്ക് റോഡ് ഫണ്ട് എന്നിവയുമായി സഹകരിച്ചാണു ദീവ പദ്ധതി നടപ്പാക്കുന്നത്. പണി നിശ്ചയിച്ചതിനേക്കാൾ 7% വേഗത്തിൽ പൂർത്തിയാകുമെന്ന് അൽ തായർ അറിയിച്ചു. നിർമാണം പൂർത്തിയാകുമ്പോൾ ലോകത്തെ ഏറ്റവും ഉയരം കൂടിയ കോൺസൻട്രേറ്റഡ് സോളർ പവർ(സിഎസ്പി) ടവറാവും ഇത്. 260 മീറ്ററാണ് ഉയരം. ഏറ്റവുമധികം താപ സംഭരണ ശേഷിയുള്ള ഹീലിയോസ്റ്റാറ്റുകളാവും പ്ലാന്റിൽ ഉപയോഗിക്കുക. 15 മണിക്കൂർ ഊർജ സംഭരണ ശേഷിയുള്ള 70,000 ഹീലിയോസ്റ്റാറ്റുകൾ ഉപയോഗിക്കും. സിഎസ്പിക്കൊപ്പം ഫോട്ടോ വോൾട്ടിക് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ലോകത്തെ ഏറ്റവും വലിയ പദ്ധതിയും ഇതാവും.

മൂന്നു സാങ്കേതിക വിദ്യകളും സംയുക്തമായി ഉപയോഗിച്ചാണ് 950 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുക. സോളർ ടവറിൽ നിന്നു 100 മെഗാവാട്ടും സിഎസ്പി വഴി 700 മെഗാവാട്ടും ഫോട്ടോ വോൾട്ടിക് പാനൽ വഴി 250 മെഗാവാട്ടും ഉൽപാദിപ്പിക്കാം. 600 മെഗാവാട്ട് ഉൽപാദിപ്പിക്കാൻ ശേഷിയുള്ളതാണു പരാബോളിക് ബേസിൻ കോംപ്ലക്സ്. 32,000 വീടുകളിലേക്കു വൈദ്യുതി നൽകാനാകും. 1.62 ദശലക്ഷം ടൺ കാർബൺ വമനം കുറയ്ക്കാൻ കഴിയും. 44 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ പരിധി. പദ്ധതിയുടെ ആകെ മുതൽമുടക്ക് 50 ബില്യൺ ദിർഹമാണ്. 2030 ൽ 5000 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുകയാണു ലക്ഷ്യം. ആദ്യ ഘട്ടം 2013ൽ പൂർത്തിയായിരുന്നു. രണ്ടാംഘട്ടം 2017ലും പൂർത്തിയായി. അടുത്തഘട്ടം 2020 ൽ പൂർത്തിയാകും.