ദുബായ് ∙ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മൂന്ന് പുത്രന്മാര്‍ ബുധനാഴ്ച രാത്രി വിവാഹിതരായി. ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, സഹോദരന്മാരായ ദുബായ് ഉപ ഭരണാധികാരി ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ്, മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നോളജ് ഫൗണ്ടേഷൻ ചെയർമാൻ ഷെയ്ഖ് അഹമദ് ബിൻ മുഹമ്മദ് എന്നിവരാണ് ഒരേ ദിവസം മത ചടങ്ങിൽ വിവാഹിതരായത്. 

ഷെയ്ഖ ഷെയ്ഖ ബിൻത് സഇൗദ് ബിൻ താനി അൽ മക്തൂമിനെയാണ് ഷെയ്ഖ് ഹംദാൻ ജീവിത പങ്കാളിയാക്കിയത്.  ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ഷെയ്ഖ മർയം ബിൻത് ബുത്തി അൽ മക്തൂമിനെയും  ഷെയ്ഖ് അഹമദ് ബിൻ മുഹമ്മദ് ഷെയ്ഖ മിദ്യ ബിൻത് ദൽമൂജ് അൽ മക്തൂമിനെയും വരിച്ചു. ഇവരുടെ സഹോദരി ഷെയ്ഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂം തന്റെ ഇൻസ്റ്റാഗ്രാം പേജിലാണ് വിവാഹ വിവരം വരന്മാരുടെ ഫോട്ടോ സഹിതം പുറത്തുവിട്ടത്.