ദുബായ്∙ എമിറേറ്റിലെ പ്രധാന ആകർഷണങ്ങളിലൊന്നായ ദുബായ് ഫ്രെയിം സന്ദർശിക്കാൻ ഇനി മുതിർന്ന പൗരന്മാർക്കും ഫീസ് നൽകണം. അവർക്കുള്ള ഫീസ് ഇളവ് പിൻവലിച്ചതായി മുനിസിപ്പാലിറ്റി അറിയിച്ചു. എന്നാൽ, നിശ്ചയദാർഢ്യമുള്ളവർക്കും സഹായികളായ രണ്ടു പേർക്കുമുള്ള സൗജന്യം തുടരും. 50 ദിർഹമാണു പ്രവേശന ഫീസ്. മൂന്നു മുതൽ 12 വയസ്സു വരെയുള്ളവർക്ക് 20 ദിർഹം. മൂന്നു വയസ്സിൽ താഴെയുള്ളവർക്കു സൗജന്യമാണ്.

ഫ്രെയിം മാതൃകയിലുള്ള ലോകത്തെ ഏറ്റവും വലിയ കെട്ടിടമാണു ദുബായ് ഫ്രെയിം. ഇതിനുള്ള ഗിന്നസ് ബുക്ക് റെക്കോർഡ് സർട്ടിഫിക്കറ്റ് കഴിഞ്ഞയാഴ്ചയാണു ദുബായ് മുനിസിപ്പാലിറ്റി അധികൃതർക്കു ലഭിച്ചിരുന്നു. ഇതുൾപ്പെടെ ഒട്ടേറെ ബഹുമതികൾ ഫ്രെയിമിനു ലഭിച്ചിട്ടുണ്ട്. 150.24 മീറ്റർ ഉയരവും 95.53 മീറ്റർ വീതിയുമുള്ള കെട്ടിടത്തിന്റെ നിറം ദിവസവും മാറും. കഴിഞ്ഞ വർഷം ജനുവരി ഒന്നിനു തുറന്ന ദുബായ് ഫ്രെയിം ഒരു വർഷത്തിനുള്ളിൽ പത്തുലക്ഷം പേർ സന്ദർശിച്ചു.