ദോഹ ∙തിരക്കേറിയ വേനൽ അവധിക്കാലത്ത്‌ ഇന്ത്യയിലേക്ക്‌ താൽക്കാലികാടിസ്‌ഥാനത്തിൽ കൂടുതൽ സർവീസുകൾ നടത്താൻ ഖത്തർ എയർവേയ്‌സ്‌ ഇന്ത്യൻ വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി തേടി. ഖത്തർ എയർവേയ്‌സ്‌ സിഇഒ അക്‌ബർ അൽ ബേക്കറാണ്‌ ഇക്കാര്യം വാർത്താക്കുറിപ്പിൽ അറിയിച്ചത്. 

യാത്രക്കാർ ഏറ്റവുംകൂടുതലുള്ള മുംബൈ, ന്യൂഡൽഹി, ബാംഗ്ലൂർ റൂട്ടുകളിലാണ്‌ വേനൽക്കാല താൽക്കാലിക സർവീസുകൾക്ക്‌ അനുമതി തേടിയത്‌. ജെറ്റ്‌ എയർവേയ്‌സ്‌ സർവീസുകൾ പൂർണമായി നിലയ്‌ക്കുകയും ഇൻഡിഗോയുടെ രണ്ട്‌ ഇന്ത്യൻ സർവീസുകൾ റദ്ദാക്കുകയും ചെയ്‌ത പശ്‌ചാത്തലത്തിലാണ്‌ പ്രവാസികൾക്കു സഹായകമാകുന്ന നിർദേശം ഇന്ത്യൻ അധികൃതരുടെ പരിഗണനയ്‌ക്കു സമർപ്പിച്ചതെന്ന്‌ അൽ ബേക്കർ വിശദീകരിച്ചു. 

2009ലെ ഖത്തർ-ഇന്ത്യ വ്യോമയാന കരാറിന്റെ അടിസ്‌ഥാനത്തിൽ ഇപ്പോഴത്തെ പ്രതിവാര സീറ്റ്‌ ശേഷിയിൽ മാറ്റംവരുത്താതെ തികച്ചും താൽക്കാലികാടിസ്‌ഥാനത്തിലാണ്‌ പുതിയ സർവീസുകൾക്ക്‌ അനുമതി തേടിയിരിക്കുന്നത്‌. വേനലവധിയിൽ പുതിയ സർവീസുകൾക്ക്‌ അനുമതി ലഭിച്ചില്ലെങ്കിൽ ടിക്കറ്റ്‌ ചാർജ്‌ കുത്തനെ ഉയരുമെന്ന്‌ അൽ ബേക്കർ ചൂണ്ടിക്കാട്ടി. ഉപരോധം നിലനിൽക്കുന്നതിനാൽ ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്ക്‌ നേരിട്ടുള്ള സർവീസുകളെ മാത്രമേ ആശ്രയിക്കാനാവൂ. 

ഖത്തർ ജനസംഖ്യയുടെ 25% ഇന്ത്യൻ പ്രവാസികളാണ്‌. 7 ലക്ഷം വരുന്ന ഇന്ത്യൻ പ്രവാസികൾ ഖത്തറിന്റെയും ഖത്തർ എയർവേയ്‌സിന്റെയും വളർച്ചക്ക്‌ വലിയ സംഭാവനയാണ്‌ നൽകുന്നത്‌. 

സീറ്റ്‌ ലഭ്യതക്കുറവുമൂലം ടിക്കറ്റ്‌ചാർജ്‌ കുത്തനെ ഉയരുന്ന സാഹചര്യത്തിൽ ഇന്ത്യൻ പ്രവാസികൾക്ക്‌ സഹായമേകാനാണ്‌ തൽക്കാലിക സർവീസുകൾക്ക്‌ അനുമതി തേടിയിരിക്കുന്നതെന്നും അൽ ബേക്കർ പറഞ്ഞു.