മനുഷ്യന്റെ സ്വഭാവത്തെ നിയന്ത്രിക്കുന്നതിൽ പ്രണയത്തെപ്പോലെ അസൂയയ്ക്കും പങ്കുണ്ട്. നിരുപദ്രവകാരിയായ വികാരമല്ല ഇതെന്ന് മനഃശാസ്ത്രജ്ഞർ വിലയിരുത്തുന്നു. സാഹോദര്യത്തെ കാർന്നുതിന്നുന്ന രോഗമാണത്. 

ഭൂമിയിലെ ആദ്യ കൊലപാതകം അസൂയയുടെ അനന്തര ഫലമായിരുന്നു. 'വിശന്നുവലഞ്ഞ ചെന്നായ ആട്ടിൻ പറ്റത്തിലേക്ക് കടക്കുമ്പോഴുണ്ടാകുന്നതിനേക്കാൾ മാരക വിപത്ത് അസൂയ ഉത്പാദിപ്പിക്കു’മെന്നാണ് നബിമൊഴി. 

വിറകിനെ തീ വിഴുങ്ങുന്നതു പോലെ അസൂയ മനുഷ്യ നന്മകളെ ഇല്ലാതാക്കുമെന്നും നബി പറഞ്ഞു. പണ്ഡിതന്മാർ പരസ്പരം അസൂയാലുക്കളാകുന്നതിന്റെ അപകടത്തെ കുറിച്ച് ഇമാം ഗസാലി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അപരനു ലഭിക്കുന്ന അനുഗ്രഹങ്ങളിലുള്ള അസംതൃപ്തിയാണ് അസൂയയായി പത്തിവിടർത്തുക. ‘അല്ലാഹു ചിലർക്ക് കൊടുത്തതിൽ നീ അസൂയാലുവാകുന്നുവോ’ എന്ന ചോദ്യം ഖുർആനിലുണ്ട്. 

പുഞ്ചിരിക്കുള്ളിലും അസൂയ ഒളിപ്പിച്ചു വയ്ക്കാനുള്ള സിദ്ധി മനുഷ്യർക്കുണ്ട്. അത് കൊണ്ടായിരിക്കണം അസൂയക്കാരിൽ നിന്നും രക്ഷ നേടാൻ അല്ലാഹു ആവശ്യപ്പെട്ടത്. നന്മകൾ നാമ്പെടുക്കുന്ന വ്രതമാസമാണ് അധമവികാരങ്ങളെ പടികടത്താൻ അനുയോജ്യമായ കാലം.