അജ്മാൻ∙റമസാനിലെ സമത്വസുന്ദര കാഴ്ചകൾ തുടരുന്നു. എല്ലാ മതസ്ഥരെയും ഉൾക്കൊള്ളുന്ന ഇഫ്താർ–സുഹൂർ ടെന്റുകളും പാർക്കുകളിലും മറ്റും നടക്കുന്ന ഇഫ്താർ സംഗമങ്ങളും ട്രാഫിക് സിഗ്നലുകളിലെ ഇഫ്താർ കിറ്റ് വിതരണവുമൊക്കെ നന്മ മാസത്തിന്റെ ഖ്യാതി വിളിച്ചോതുന്നു.

ഏറ്റവും ഒടുവിലിതാ യുഎഇ സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമിയും യുഎഇ വൈസ് പ്രസി‍ഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ പുത്രന്‍ ഷെയ്ഖ് അഹമദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും റോഡരികിൽ നിന്ന് ഇഫ്താർ കിറ്റുകൾ വാങ്ങിയത് അപൂർവ അനുഭവമായി. ഇൗ മനോഹര ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.

ട്രാഫിക് സിഗ്നലിൽ വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്ക് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്യുമ്പോഴായിരുന്നു ഷെയ്ഖ് ഹുമൈദിന്റെ കടന്നുവരവ്. സന്നദ്ധ പ്രവർത്തകരിലൊരാളായ ബാലൻ അദ്ദേഹത്തിന് കിറ്റ്  സമ്മാനിച്ചപ്പോൾ സ്നേഹത്തോടെ അതേറ്റുവാങ്ങി. ബാലനെ അഭിനന്ദിക്കുകയും മൂർധാവിൽ ചുംബനം നൽകുകയും ചെയ്തു. ദുബായിലായിരുന്നു നവ വരൻ കൂടിയായ ഷെയ്ഖ് അഹമ്മദിന്റെ കടന്നുവരവ്. ഇഫ്താർ കിറ്റുകൾ ചോദിച്ചുവാങ്ങിയ അദ്ദേഹം സന്നദ്ധ പ്രവർ‌ത്തകനോട് കാര്യങ്ങൾ ചോദിച്ച് മനസിലാക്കുകയും ചെയ്തു.