ദുബായ് ∙ രാജ്യാന്തര യോഗാ ദിനാചരണവുമായി ബന്ധപ്പെട്ട് ഇന്ത്യൻ കോൺസൽ ജനറൽ വിപുൽ ദുബായ് സ്പോർട്സ് കൗൺസിൽ (ഡിഎസ്‌സി) സന്ദർശിച്ചു. സെക്രട്ടറി ജനറൽ സൗദ് ഹാരിബുമായി കൂടിക്കാഴ്ച നടത്തി. ജൂണ്‍ 21ന് നടക്കുന്ന അഞ്ചാമത് രാജ്യാന്തര യോഗാ ദിനാചരണത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തി. ഡിഎസ്‌സി അസി.സെക്രട്ടറി ജനറൽ നാസർ അമാൻ അൽ റഹ്മ സംബന്ധിച്ചു.

2015 ൽ രാജ്യാന്തര യോഗാ ദിനാചരണം നടത്തിയ ലോകത്തെ ആദ്യത്തെ നഗരമാണ് ദുബായ് എന്നതിൽ അഭിമാനമുണ്ടെന്ന് സൗദ് ഹാരിബ് പറഞ്ഞു. മുൻവർഷങ്ങളിലേതു പോലെ ഇപ്രാവശ്യവും യോഗാ ദിനാചരണത്തിൽ വൻ ജപ്രാതിനിധ്യമുണ്ടാകുമെന്ന് കരുതുന്നു. 2014ലാണ് ജൂണ്‍ 21 രാജ്യാന്തര യോഗാ ദിനമായി യുണൈറ്റഡ് നാഷൻസ് പ്രഖ്യാപിച്ചത്. 

ഇപ്രാവശ്യത്തെ യോഗാ ദിനാചരണത്തിൽ വൻ പരിപാടികളാണ് ഒരുക്കുന്നതെന്ന് വിപുൽ പറഞ്ഞു. 2015ൽ 13,000ത്തിലേറെ പേർ അൽ വാസൽ സ്പോർട്സ് ക്ലബിൽ നടന്ന രാജ്യാന്തര യോഗാ ദിനാചരണ പരിപാടികളിൽ പങ്കെടുത്തു. അടുത്തവർഷം ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടന്ന യോഗാ ദിനാചരണത്തിൽ 20,000 ലേറെ പേരും പങ്കെടുത്തു. 2017ലും 2018ലും പലയിടങ്ങളിലായി യോഗാ ദിനാചരണം നടത്തി.