റിയാദ്∙ അഭ്യന്തര ഹജ് തീർഥാടകർക്കുള്ള സേവനങ്ങളും പദ്ധതികളും പരിചയപ്പെടുത്തുന്ന ഇലക്ട്രോണിക് ട്രാകിങ്‌ സംവിധാനത്തിന്റെ ആദ്യഘട്ടം പുറത്തിറക്കി. സൗദി ഹജ് ഉംറ മന്ത്രാലയം തിങ്കളാഴ്ച ഇറക്കിയ പോർട്ടലിൽ 190 ഹജ് സേവന കമ്പനികളിലൂടെ 2,27,000 അഭ്യന്തര തീർഥാടകർക്ക് ലഭിക്കുന്ന സേവങ്ങളും പാകേജുകളും ലഭ്യമാകും. ഓരോ പാകേജിന്റെയും തുക ഉൾപ്പെടെയുള്ള വിവരങ്ങൾ ഈ സംവിധാനം വഴി അറിയാനാകുമെന്ന് ഹജ് സഹമന്ത്രി അബ്ദുൽ ഫതാഹ് ബിൻ സുലൈമാൻ മശാത്ത് പറഞ്ഞു.

സേവന ദാതാക്കൾക്കും തീർഥാടകർക്കുമിടയിലെ സേവനങ്ങൾ സുതാര്യമാക്കുന്നതിനും ബന്ധം മെച്ചപ്പെടുത്തി സൗഹൃദപരമായി നിരീക്ഷിക്കുന്നതിനും ഇത് ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ സംവിധാനം അഭ്യന്തര തീർഥാടകർക്ക് വേണ്ടി മാത്രമുള്ളതാണ്‌. ഹജ് സേവനങ്ങളുടെ റിസർവേഷൻ, തസ്‌രീഹ്‌ (ഹജ് പെർമിറ്റ്) അനുവദിക്കൽ, പുണ്യഭൂമിയിലെ ടെന്റുകളും സ്ഥലങ്ങളും തീരുമാനിക്കൽ, ഹാദി, അദാഹി (ബലി) കൂപ്പണുകൾ വാങ്ങൽ, തിർഥാടകരുടെ കുട്ടികൾക്ക് വേണ്ടി നഴ്സറികളും കെജി സംവിധാനങ്ങളും റജിസ്റ്റർ ചെയ്യൽ തുടങ്ങിയ സേവനങ്ങളും ഇ ട്രാകിങ്‌ പോർട്ടലിൽ ലഭ്യമാകും.