അബുദാബി∙ യുഎഇയിൽ തിരഞ്ഞെടുക്കപ്പെട്ട വിദേശ നിക്ഷേപകർക്കും വിശിഷ്ട വ്യക്തികൾക്കും സ്ഥിരതാമസത്തിനുള്ള അനുമതി നൽകുമെന്നു പ്രഖ്യാപനം. ആദ്യഘട്ടമായി 6,800 നിക്ഷേപകർക്കു വീസ അനുവദിക്കുമെന്നു യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും പ്രഖ്യാപിച്ചു.

മികച്ച കഴിവുകളുള്ളവരെയും രാജ്യത്തിൻറെ വളർച്ചയ്ക്കു സഹായിക്കുന്നവരേയും കൂടെക്കൂട്ടുന്നതിൻറെ ഭാഗമായാണ് തീരുമാനമെന്നു ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു. മെഡിസിൻ, എന്‍ജിനീയറിങ്, ശാസ്ത്രം, കല എന്നീ വിഭാഗങ്ങളിലുള്ളവർക്കായിരിക്കും ആദ്യ ഘട്ടത്തിൽ ഗോൾഡ് കാർഡ് അനുവദിക്കുക.