ദുബായ് ∙ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ ചെറു വിമാനം തകർന്നുവീണ് മരിച്ച നാലു പേരിൽ രണ്ടു പേരെ തിരിച്ചറിഞ്ഞു. വിമാനത്തിന്റെ പൈലറ്റായ ഡഗ്ലസ് സ്വദേശി വില്യം ബ്ലാക്ബേൺ (26), മുൻ ആർഎഎഫ് വിഹ് കമാൻഡറായ ഡേവിഡ് ഫിലിപ്സ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇരുവരും ബ്രിട്ടിഷ് പൗരന്മാരാണ്. 3,000 മണിക്കൂർ വിമാനം പറത്തി പരിചയമുള്ളയാളാണ് ഡേവിഡ്. ഒരു ബ്രിട്ടിഷുകാരനെയും ദക്ഷിണാഫ്രക്കാരനെയും തിരിച്ചറിഞ്ഞിട്ടില്ല.

നാലു പേർക്ക് സഞ്ചരിക്കാവുന്ന ഇംഗ്ലണ്ടിൽ റജിസ്റ്റർ ചെയ്ത ഡിഎ42 വിമാനമാണ് കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ടോടെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലേയ്ക്കുള്ള യാത്രക്കിടെ മുഷ്‌രിഫ് പാർക്കിനടുത്ത് തകർന്നു വീണത്. ഇതേ തുടർന്ന് ദുബായ് രാജ്യാന്തര വിമാനത്താവളം വൈകിട്ട് 7.36 മുതൽ 8.22 വരെ പ്രവർത്തനം നിർത്തിവച്ചിരുന്നു. ചില വിമാനങ്ങൾ അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിലേയ്ക്ക് വഴിതിരിച്ചുവിടുകയും ചെയ്തു. സാങ്കേതിക തകരാറാണ് വിമാനം തകരാൻ കാരണമെന്ന് ദുബായ് മീഡിയാ ഒാഫീസ് വ്യക്തമാക്കിയിരുന്നു.