ദുബായ്∙ യുഎഇയിൽ തിരഞ്ഞെടുക്കപ്പെടുന്ന നിക്ഷേപകർക്കും വിശിഷ്ടവ്യക്തികൾക്കും സ്ഥിരതാമസത്തിനുള്ള അനുമതി നൽകുമെന്ന പ്രഖ്യാപനം സ്വാഗതം ചെയ്ത് പ്രമുഖർ. ആദ്യഘട്ടമായി 1800 നിക്ഷേപകർക്കു സ്ഥിരതാമസ വീസ അനുവദിക്കുമെന്നു യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും പ്രഖ്യാപിച്ചത്.

യുഎഇയിലേക്കു കൂടുതൽ നിക്ഷേപകരെ ആകർഷിക്കാൻ സഹായകരമായ തീരുമാനമാണ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും പ്രഖ്യാപിച്ചതെന്ന്  ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ സ്ഥാപക ചെയർമാൻ ഡോ.ആസാദ് മൂപ്പൻ പറഞ്ഞു. പതിനായിരം കോടി ദിർഹം നിക്ഷേപമുള്ളവർക്കായിരിക്കും ആദ്യഘട്ടമായി സ്ഥിരതാമസത്തിനുള്ള അനുമതിയായ ഗോൾഡൻ കാർഡ് അനുവദിക്കുന്നത്. 

മികച്ച കഴിവുകളുള്ളവരെയും രാജ്യത്തിന്റെ വളർച്ചയ്ക്കു സഹായിക്കുന്നവരേയും കൂടെക്കൂട്ടുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നു ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു. തൊഴിലവസരങ്ങൾ വർധിപ്പിക്കാനും തീരുമാനം പ്രയോജനപ്പെടും. വ്യവസായം, ആരോഗ്യം, എന്‍ജിനീയറിങ്, ശാസ്ത്രം, കല എന്നീ മേഖലകളിലെ വിശിഷ്ടവ്യക്തികൾക്കായിരിക്കും ഗോൾഡൻ കാർഡ് അനുവദിക്കുക. പ്രഖ്യാപനം ദീർഘവീക്ഷണത്തോടെയുള്ളതാണെന്നു ആസാദ് മൂപ്പൻ വ്യക്തമാക്കി.